ഐ.എ.എസ്സുകാര്‍ അവധിയെടുത്ത് ആത്മപരിശോധന നടത്തട്ടെ

by R.Mohan
#

(09-01-17) : ഒരു മാറ്റമെന്ന നിലയിൽ, ഉദ്യോഗസ്ഥ ശ്രേണിയില്‍ ഉന്നത സ്ഥാനത്തുള്ളവര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഇതുവരെ, ഭരണകൂടത്തിന്റെ ശക്തി മുഴുവന്‍ പതിച്ചിരുന്നത് പ്രതിഷേധിക്കാന്‍ ശേഷിയില്ലാത്തവരിലായിരുന്നു. ഈയടുത്ത കാലത്തുണ്ടായ കേസുകള്‍ മിക്കവയും, വിജിലന്‍സ് കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജികളുടെയും അതിന്മേല്‍ വിജിലന്‍സ് കൈക്കൊണ്ട നടപടികളുടെയും അടിസ്ഥാനത്തിലുണ്ടായവയാണ്. ഏതെങ്കിലും വ്യക്തികള്‍ക്കെതിരായ പരാതികളെക്കുറിച്ച് വിധിയെഴുതാന്‍ ഇപ്പോള്‍ നമുക്ക് കഴിയില്ല. എന്നാല്‍ ഒരു സംഘം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രമേയം, ഒരു ആത്മപരിശേധന നടത്താന്‍ പൊതു ജനങ്ങളെ പ്രേരിപ്പിക്കുന്നു.

1. സിവില്‍ സര്‍വ്വീസ് ശ്രേണിയില്‍ തങ്ങളെക്കാള്‍ താഴ്ന്ന പടിയിലുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തങ്ങള്‍ക്കെതിരേ അന്വേഷണത്തിന് മുതിർന്നതിൽ ഐ.എ.എസ്സുകാർ അസ്വസ്ഥരാണ്.

2. വിജിലന്‍സ് ഡയറക്ടര്‍ക്ക് വന്‍തോതില്‍ വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന് ഐ.എ.എസ് സംഘം പറയുന്നു. ഭരണപരമായ പല രഹസ്യങ്ങളും അറിയുന്നവരാണ് ഇത് പറയുന്നത്. ഈ ആരോപണങ്ങളുന്നയിക്കുന്നതിന് കാരണമായ തെളിവുകള്‍ സഹിതം ഉചിതമായ വേദികളില്‍ പരാതിപ്പെടാൻ പൗരന്മാരെന്ന നിലയിൽ തന്നെ അവർക്ക് പ്രാഥമികമായ ഉത്തരവാദിത്വമുണ്ട്. അതിൽ നിന്ന് അവരെന്തുകൊണ്ട് ഒഴിഞ്ഞുമാറുന്നു?

3. ഫയലുകള്‍, കുറഞ്ഞത് നിയമനങ്ങളുമായി ബന്ധപ്പെട്ടവയെങ്കിലും സുതാര്യതയോടെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അവയിലെ വസ്തുതകള്‍ ജനങ്ങളുമായി പങ്കുവെയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ തയ്യാറാകുമോ? പകൽ പോലെ വ്യക്തമായ കാര്യങ്ങളിൽ ഒളിച്ചുകളിക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും പലപ്പോഴും ചെയ്യുന്നത്.

4. ഇപ്പോള്‍ ആര് ഏത് കസേരയിലിരിക്കുന്നു എന്നതിന് വലിയ പ്രസക്തിയില്ല. അതിരു വിട്ടുള്ള നടപടികളും ഒളിച്ചുവെയ്ക്കലുകളും തടയാനുള്ള വ്യവസ്ഥാപരമായ മാറ്റങ്ങളാണ് ആവശ്യം.

5. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഒരു ലോകായുക്ത രൂപീകരിക്കുന്നതിന് ഇവിടെ എന്താണ് തടസ്സം? എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നതു സംബന്ധിച്ച നിയമ നിര്‍മ്മാണവും തെറ്റ് ചെയ്താല്‍ ഇംപീച്ച്ചെയ്യാനുള്ള സംവിധാനവും വേണം. ലോകായുക്ത സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളാകുന്നതും കാലാവധി 3 വര്‍ഷം എന്ന് നിര്‍ണ്ണയിക്കുന്നതുമാകും ഉചിതം.

6. ഒരു പ്രത്യേക സേനയില്‍ നിന്നുള്ള ആള്‍ ഡപ്യൂട്ടേഷനില്‍ വിജിലന്‍സ് മേധാവിയായി തുടരേണ്ട എന്താവശ്യമാണുള്ളത്? വിജിലന്‍സ് മേധാവി എത്രകാലം ആ സ്ഥാനത്തു തുടരുന്നു എന്നത് അതതു കാലത്തെ ഭരണത്തലവന്റെ ഇഷ്ടത്തെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്.

7. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുമ്പോള്‍ അതിനോടൊപ്പം ഉയരുന്ന ഏറ്റവും തമാശ നിറഞ്ഞ കാര്യമാണ് ആത്മവീര്യത്തിന്റെ പ്രശ്‌നം. ഭരണകൂടത്തിന്റെ ഭാഗമായ ഏതൊരാള്‍ക്കും ചവിട്ടി മെതിക്കാന്‍ കഴിയുന്ന സാധാരണക്കാരന്റെ ആത്മവീര്യത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലേ?

8. ഇത്ര വിപുലമായ ഒരു ഉന്നത ഉദ്യോഗസ്ഥവൃന്ദം നമുക്ക് അനാവശ്യമായ ഒരു ആഡംബരമല്ലേ? വൈദഗ്ദ്ധ്യം ആവശ്യമുള്ള മേഖലകളില്‍ മനുഷ്യശേഷിക്ക് കടുത്ത ക്ഷാമം നേരിടുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം.

9. ഉദ്യോഗസ്ഥ വൃന്ദം വിപുലമാകുന്നതിനനുസരിച്ച് ഭരണം മെച്ചപ്പെടുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കുന്നില്ല. നമുക്കാവശ്യം നിഷ്പക്ഷമായ ഒരു അന്വേഷണ സംവിധാനമാണ്. അഴിമതിക്കാരെയും ബോധപൂര്‍വ്വം വ്യാജപരാതികള്‍ നല്‍കുന്ന സ്ഥാപിത താല്പര്യക്കാരെയും ശിക്ഷിക്കാന്‍ ആ സംവിധാനത്തിന് കഴിയണം. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ദുരുദ്ദേശത്തോടെയുള്ളതല്ലാത്ത വീഴ്ചകളെക്കുറിച്ച് ലഭിക്കുന്ന അനാവശ്യമായ പരാതികള്‍ അവഗണിക്കപ്പെടണം.

ഏതെങ്കിലും ഉദ്യോഗസ്ഥനെ പദവിയില്‍ നിന്ന് മാറ്റിയതുകൊണ്ടോ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ഒരു ദിവസത്തെ കാഷ്വല്‍ ലീവെടുത്തതുകൊണ്ടോ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളല്ല ഇവ. വേണമെങ്കില്‍, ഏറ്റവും ഉന്നതതലത്തിലെ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം കുറച്ചു കൂടുതല്‍ ദിവസം അവധിയെടുത്ത് ഇക്കാര്യങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തട്ടെ. കഴിയുമെങ്കില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യട്ടെ. അല്ലാത്തിടത്തോളം അന്തിച്ചര്‍ച്ചയ്ക്കുള്ള വിഷയങ്ങളായി മാത്രം ഉദ്യോഗസ്ഥ സംഘങ്ങളുടെ പ്രമേയങ്ങള്‍ അവശേഷിക്കും.