ഇനി സൗദിയിൽ കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കാൻ അഡ്വാൻസ്‌ ഫീസ്

#

ജിദ്ദ (9.1.2017) :അടുത്ത ജൂലൈ 1 മുതൽ സൗദി അറേബ്യയിൽ വിദേശികൾക്ക് കുടുംബാംഗങ്ങളെയോ മറ്റു ആശ്രിതരെയോ കൂടെ താമസിപ്പിക്കണമെങ്കിൽ അതിനുള്ള ഫീസ് മുൻകൂറായി അടയ്ക്കണം. ആദ്യമായി ഇക്കാമ (റെസിഡൻസ് പെർമിറ്റ് ) ലഭിക്കുമ്പോഴോ ഇക്കാമ പുതുക്കുമ്പോഴോ ഈ ഫീസ് അടയ്‌ക്കേണ്ടതാണ്. വർഷം തോറും മുൻകൂറായി ഫീസ് അടയ്ക്കാം. 2017 ൽ ഒരു ആശ്രിതന് അടയ്‌ക്കേണ്ട ഫീസ് 100 റിയാലാണ്. ഇത് 2018 ൽ ഇരട്ടിയായും ( 200 റിയാൽ ) 2019 ൽ 3 മടങ്ങായും (300 റിയാൽ) 2020 ൽ 4 മടങ്ങായും (400 റിയാൽ ) വർദ്ധിക്കും. ഇങ്ങനെ ആശ്രിതർക്കുള്ള ഫീസായി ശേഖരിക്കുന്ന പണം സ്റ്റേറ്റ് ട്രഷറിയിൽ അടയ്ക്കും. ഇപ്പോൾ ഓരോ വിദേശി ജീവനക്കാരനിൽ നിന്നും സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും പ്രതിമാസം ഈടാക്കുന്ന 200 റിയാൽ (പ്രതിവർഷം 2400 റിയാൽ) ഈ വർഷം അതേ നിരക്കിൽ തന്നെ തുടരും. അടുത്ത വർഷം ജനുവരി മുതൽ ഇത് നേരേ ഇരട്ടിയാകും. പ്രതിമാസം 400 റിയാലാകും ( പ്രതിവർഷം 4800 റിയാൽ ) ഓരോ തൊഴിലാളിയും സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകേണ്ടി വരിക. 2019 ൽ ഇത് പ്രതിമാസം 600 റിയാൽ (പ്രതിവർഷം 7200 റിയാൽ) ആയും 2020 ൽ പ്രതിമാസം 800 റിയാലായും (പ്രതിവർഷം 9600 റിയാൽ ) വർദ്ധിക്കും.