അഖിലേഷ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ; പാർട്ടി ഒറ്റക്കെട്ട് : മുലായം

#

ലഖ്‌നൗ(09.01.2017) : യു.പി രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ വഴിത്തിരിവ് . അഖിലേഷ് യാദവ് തന്നെയായിരിക്കും സമാജ്‌വാദി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും മുലായം സിംഗ് യാദവ്. പാർട്ടി ചിഹ്നമായ സൈക്കിൾ തന്റെ വിഭാഗത്തിന് വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതിന് മണിക്കൂറുകൾക്കകമാണ് മുലായം പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയിൽ പിളർപ്പൊന്നുമില്ലെന്നും അഥവാ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ അത് പരിഹരിക്കാൻ താൻ സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് ഐക്യത്തിന്റെ സന്ദേശം നൽകുമെന്നും മുലായം പറഞ്ഞു. താനും മകനും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് രാവിലെയും മുലായം പറഞ്ഞിരുന്നു. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒരാളാണെന്നും ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും രാംഗോപാൽ യാദവിനെ ഉന്നം വെച്ച് മുലായം പറഞ്ഞു. പാർട്ടി അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ച് മുലായം നേരത്തെ അഖിലേഷിനെയും രാംഗോപാൽ യാദവിനെയും പുറത്താക്കിയിരുന്നു. അഖിലേഷ് വിഭാഗം പ്രത്യേക യോഗം വിളിച്ച് അഖിലേഷിനെ പാർട്ടി തലവനാക്കി പ്രഖ്യാപിച്ചു. പാർട്ടിയിലും എം.എൽ.എ മാർക്കിടയിലും പിന്തുണ അഖിലേഷിനാണ്. പാർട്ടി ചിഹ്നമായ സൈക്കിളിനായി ഇരു വിഭാഗവും തമ്മിൽ വടംവലിയും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുലായം പുതിയ ഐക്യസന്ദേശവുമായി രംഗത്തെത്തിയിട്ടുള്ളത്.