റൊണാള്‍ഡോ ഫിഫ പ്ലെയർ ഓഫ് ദി ഇയർ

#

സൂറിച്ച് (10.01.2017) : 2016 ലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫ പുരസ്‌കാരം പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ഇത് രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്നത്.അർജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഫ്രഞ്ച് സ്ട്രൈക്കര്‍ ആന്‍േറായിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം സ്വന്തമാക്കിയത്. യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്ത മിന്നുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുടെ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓർ പുരസ്കാരവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായിരുന്നു.

ഫിഫയുടെ ലോക ഇലവനെയും ഇന്നലെ പ്രഖ്യാപിച്ചു. മാനുവല്‍ നൂയര്‍(ഗോളി), ഡാനി ആല്‍വസ്, ജെറാര്‍ഡ് പീക്വെ, സെര്‍ജിയോ റാമോസ്, മാര്‍സെലോ(പ്രതിരോധം ), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ (മിഡ്ഫീൽഡ്), ലയണല്‍ മെസ്സി, ലൂയീ സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(മുന്നേറ്റനിര) എന്നിവരാണ് ലോക ഇലവനിലുള്ളത്. അമേരിക്കയുടെ കാര്‍ളി ലോയിഡാണ് മികച്ച വനിതാ താരം. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ സ്വന്തം നിലയ്ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളാണ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് പ്രഖ്യാപിച്ചത്.