ഭരണപ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രി : ചെന്നിത്തല

#

തിരുവനന്തപുരം (10-01-17) : ഐ.എ.എസ് സമരത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്ന് ചെന്നിത്തല ആരോപിച്ചു. സെക്രട്ടേറിയറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുകയാണ്‌. ഒക്ടോബർ മുതൽ തുടങ്ങിയ ശീതസമരം പരിഹരിക്കാൻ മുഖ്യമന്ത്രി യാതൊന്നും ചെയ്തില്ലെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐ.എ.എസ് - ഐപിഎസ് പോര് മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിച്ചു. പ്രശ്‍നം ഇത്രയും വലുതാക്കിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. മാസങ്ങളായി നടക്കുന്ന ശീതയുദ്ധത്തിൽ മുഖ്യമന്ത്രി ഗാലറിയിലിരുന്ന് കാണുന്ന കാഴ്ചക്കാരനായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.

ഐ.എ.എസ് ഉദ്യോഗസ്ഥരും വിജിലൻസ് കമ്മീഷണർ ജേക്കബ് തോമസും തമ്മിലുള്ള ശീതയുദ്ധത്തിന്റെ അവസാനം തിങ്കളാഴ്ച ഐ.എ.എസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തതോടെ സമരം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടിൽ ഐ.എ.എസ് തലപ്പത്ത് കടുത്ത അതൃപ്തിയുണ്ട്. ഉദ്യോഗസ്ഥരുടെ മുൻപിൽ വെച്ച് മുഖ്യമന്ത്രി ശകാരിച്ചതിൽ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് കടുത്ത അമർഷമുണ്ട്. ചീഫ് സെക്രട്ടറിയെ രാജിയിൽ നിന്ന് പിന്മാറ്റാൻ തീവ്രശ്രമങ്ങൾ നടക്കുകയാണ്.