രാഹുല്‍ തിരിച്ചെത്തി ; തെരഞ്ഞെടുപ്പ് രംഗത്ത് സജീവം

#

ന്യൂഡല്‍ഹി (10-01-17) : ഹ്രസ്വ വിദേശ സന്ദര്‍ശനത്തിനു ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരികെ എത്തി. ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തിയ രാഹുല്‍ ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് നേതാക്കളെ കാണും. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധിയെ കാണാന്‍ വേണ്ടി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. കോണ്‍ഗ്രസിന് ഉറച്ച ജയപ്രതീക്ഷയുള്ള പഞ്ചാബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇന്ന് രാഹുല്‍ ഗാന്ധി പരിശോധിച്ച് അംഗീകാരം നല്‍കും. ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച മുന്‍ക്രിക്കറ്റ് താരം വനജോത് സിങ്ങ് സിധു രാഹുലിന്റെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ സന്ദര്‍ശിക്കാനും രാഹുലിന് പരിപാടിയുള്ളതായാണ് വിവരം. അഖിലേഷും രാഹുലും തമ്മില്‍ നല്ല വ്യക്തിബന്ധമാണുള്ളത്. യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി ഐക്യമുണ്ടാക്കണമെന്ന് അഭിപ്രായമുള്ളയാളാണ് അഖിലേഷ്. തെരഞ്ഞെടുപ്പിന് മുമ്പ് ആരുമായും സഖ്യമുണ്ടാക്കേണ്ടതില്ലെന്ന അഭിപ്രായമാണ് മുലയംസിംഗ് യാദവിനുള്ളത്. രാഹുലും അഖിലേഷും തമ്മില്‍ കൂടിക്കാഴ്ച നടക്കുകയാണെങ്കില്‍ അത് യു.പി തെരഞ്ഞെടുപ്പിനെ നിര്‍ണ്ണായകമായി സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.