എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകണം : സുപ്രീം കോടതി

#

ന്യൂഡൽഹി :(10.01.2017) എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. സംസ്ഥാന സർക്കാർ മൂന്നു മാസത്തിനകം എൻഡോസൾഫാൻ ഇരകൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്ത നഷ്ടപരിഹാരം നൽകണമെന്നും ഈ തുക എൻഡോസൾഫാൻ കമ്പനികളിൽ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു. 2011 ൽ എൻഡോസൾഫാൻ നിരോധിക്കണമെന്നും ഇരകളെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കോടതി ഉത്തരവ്. അഞ്ച് ലക്ഷം രൂപ വീതം എൻഡോസൾഫാൻ ഇരകൾക്ക് നൽകാനാണ് കോടതി വിധി. കമ്പനികൾ തുക നൽകാൻ വിസമ്മതിച്ചാൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിക്കണം. ഇരകൾക്ക് ആജീവനാന്ത വൈദ്യ പരിരക്ഷയും ഒരുക്കണം.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് ഈ കേസിൽ ഇന്ന് അന്തിമവാദം കേട്ടത്. ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടെന്ന് കോടതി പറഞ്ഞു. 2012 ൽ തന്നെ സംസ്ഥാന സർക്കാർ ഇരകൾക്ക് വേണ്ടി ഒരു പാക്കേജ് ആവിഷ്കരിച്ചെങ്കിലും കേന്ദ്രം പണം നൽകിയില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരിയിട്ട് കാര്യമില്ലെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ നിരോധിച്ച സമയത്ത് അന്നത്തെ ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്തതിനും വാദിഭാഗം അഭിഭാഷകരെ സ്വാധീനിക്കാൻ ശ്രമിച്ചതിനും എൻഡോസൾഫാൻ കമ്പനികൾക്കെതിരായ കോടതിയലക്ഷ്യക്കേസുകൾ കോടതിയുടെ പരിഗണനയിലാണ്. രണ്ടാഴ്ചയ്ക്കകം ഇത് സംബന്ധിച്ച വിശദീകരണം നൽകാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും അതിനാവശ്യമായ തുക കമ്പനികളിൽ നിന്ന് സർക്കാരിന് അവകാശമുണ്ടെന്നുമാണ് കോടതി ഉത്തരവെന്ന് ഡി.വൈ.എഫ്.ഐക്ക് വേണ്ടി ഹാജരായ അഡ്വ.സുഭാഷ് പറഞ്ഞു.

സംസ്ഥാന സർക്കാർ എൻഡോസൾഫാൻ ഇരകളോട് വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 30 ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കാനിരിക്കുകയാണ്. ഈ വിധി ദുരിതത്തിൽ കഴിയുന്ന എൻഡോസൾഫാൻ ഇരകൾക്ക് അൽപ്പമെങ്കിലും ആശ്വാസം പകരുമെന്നാണ് ദുരിതബാധിതർ കരുതുന്നത്.