നെഹ്‌റു കോളജിലെ ഇടിമുറികളെ കുറിച്ച് പൂർവ്വ വിദ്യാർത്ഥിയുടെ വീഡിയോ

#

(10.01.2017) : പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് കോളജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നെഹ്‌റു ഗ്രൂപ്പിന്റെ വിവിധ കോളജുകളിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്ന് പറഞ്ഞ് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അടക്കം നിരവധി പേരാണ് രംഗത്ത് വരുന്നത്. നെഹ്‌റു ഗ്രൂപ്പിന്റെ കോളജിലെ പൂർവ്വ വിദ്യാർത്ഥിയായ ബിബിൻ ജേക്കബിന്റെ ഫെയ്‌സ്ബുക്ക് വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കോളജ് പഠനകാലത്ത് ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ചാണ് ബിബിൻ ഈ വീഡിയോയിൽ തുറന്ന് പറയുന്നത്. 2008 - 2012 കാലത്താണ് നെഹ്‌റു ഗ്രൂപ്പിന്റെ ജവഹർലാൽ കോളജിൽ ബിബിൻ പഠിച്ചത്. അവിടെ താൻ ദൃക്‌സാക്ഷിയായ പീഡനങ്ങളും അതിക്രമങ്ങളും ബിബിൻ വെളിപ്പെടുത്തുന്നു. ഇനിയൊരു ജിഷ്ണു ഉണ്ടാകാതിരിക്കാനാണ് തനിക്കാര്യങ്ങൾ ഇപ്പോൾ തുറന്ന് പറയുന്നതെന്നും അതിന്റെ പേരിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ താൻ നേരിടുമെന്നും ബിബിൻ പറയുന്നു. വിദ്യാർത്ഥികളെ അടിവയറ്റിൽ മുട്ടുകാൽ കയറ്റി ഇടിച്ച് മൂത്രം വരുത്തുന്ന രീതിയിലുളള പീഡനമുറകൾക്ക് താൻ ദൃക്‌സാക്ഷിയായിട്ടുണ്ടെന്നും, കോളജിൽ ഇടിമുറികളുണ്ടെന്നും ബിബിൻ പറയുന്നു. അന്ന് പ്രതികരിക്കാൻ സാധിച്ചില്ലെന്നും ഈ യുവാവ് ഓർക്കുന്നു. ആയിരങ്ങളാണ് ഇതിനകം ഈ വീഡിയോ കണ്ടതും പങ്കു വെച്ചതും. #justice_for_Jishnu എന്ന ഹാഷ്ടാഗിൽ സോഷ്യൽമീഡിയയിൽ പ്രതിഷേധം പരക്കുകയാണ്.