കേരളത്തിലെ സാക്ഷി മഹാരാജുമാര്‍ മലയാളിയുടെ ഉറക്കം കെടുത്താത്തതെന്തുകൊണ്ട്?

#

(10-01-17) : സംഘപരിവാറിന്റെ അസഹിഷ്ണുതയ്ക്കും ഭീഷണിക്കും വിധേയനായ എം.ടിയോട്, കലയേയും അക്ഷരത്തെയും സ്‌നേഹിക്കുന്ന പ്രബുദ്ധകേരളം ഒന്നടങ്കം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടും സംഘപരിവാര്‍ ആത്മപരിശോധനയ്ക്ക് തയ്യാറല്ല. കലയ്‌ക്കോ സാഹിത്യത്തിനോ സംസ്‌കാരത്തിനോ ഫാസിസ്റ്റുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാവില്ല. കാരണം, ശാഖകളിലെ പരിശീലനം ഒരു ശരാശരി ആര്‍.എസ്.എസ്സുകാരനെ പഠിപ്പിക്കുന്നത് കയ്യൂക്കും അസഹിഷ്ണുതയും മാത്രമാണ്. മനുഷ്യജീവിതത്തിലെ ഉദാത്തമായ മൂല്യങ്ങളെയും ഭാവുകത്വങ്ങളെയും ചവിട്ടിയരയ്ക്കാനും അതിന്റെ നെറുകയില്‍ ഹിന്ദുരാഷ്ട്രത്തിന്റെ കാവിക്കൊടി ഉയര്‍ത്താനുമാണ് ആര്‍.എസ്.എസ്സുകാര്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത്.

20-ാം നൂറ്റാണ്ടില്‍, മലയാള ഭാഷയെയും സാഹിത്യത്തെയും വികസിപ്പിച്ച വിരലിലെണ്ണാവുന്ന എഴുത്തുകാരില്‍ ഒരാളാണ് എം.ടി. ഇന്ന് ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ മലയാളികള്‍ വായനയുടെ ലോകത്തിലേക്ക് പ്രവേശിച്ചത് എം.ടിയുടെ കൃതികളിലൂടെയാണ്. അതുകൊണ്ട് തന്നെ, ദശലക്ഷക്കണക്കിന് മലയാളികള്‍ക്ക് എം.ടി ഒരുവികാരമാണ്. നോട്ട് അസാധുവാക്കലിനെ മിതമായൊന്നു വിമര്‍ശിച്ചതിനാണ്, ആര്‍.എസ്.എസ് പത്രമായ ജന്മഭൂമി എം.ടിക്കെതിരെ മുഖപ്രസംഗമെഴുതിയിരിക്കുന്നത്. എം.ടിയുടെ വിമര്‍ശനം ദശലക്ഷക്കണക്കിന് മലയാളികളെ സ്വാധീനിക്കുമെന്നറിയാവുന്നതുകൊണ്ടാണ്, പൊതുവേ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്ന മിതഭാഷിയായ അദ്ദേഹത്തിനെതിരേ, സംഘപരിവാറിന്റെ കലിയിളകിയത്. ഈ മുഖപ്രസംഗം എം.ടിയെ വിശേഷിപ്പിക്കുന്നതെങ്ങനെയെന്ന് നോക്കുക: ജ്ഞാനപീഠം സ്വയം തരപ്പെടുത്തിയ, സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയില്‍ കഴിയുന്ന, പിണറായിയുടെ പാര്‍ട്ടിക്ക് വേണ്ടി നാക്ക് വാടകയ്ക്ക് കൊടുത്ത എന്നൊക്കെയാണ്, ഭാരതീയസംസ്‌കാരത്തിന്റെ കുത്തകക്കാരായ ആര്‍.എസ്.എസ്സുകാരുടെ പ്രയോഗങ്ങള്‍. വിമര്‍ശകരെ abuse ചെയ്യുന്നതാണോ ഭാരതീയ സംസ്‌കാരം? മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായരെപോലുള്ള അസുരവിത്തുകളുടെ പിടിയില്‍ നിന്ന് തുഞ്ചന്‍ പറമ്പിനെ സ്വതന്ത്രമാക്കുക എന്നത് സംഘപരിവാര്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. തുഞ്ചന്‍ പറമ്പിനെ കാവിവല്കരിക്കാനുള്ള സംഘഗൂഢാലോചനയ്ക്ക് കൂട്ടുനിന്നില്ല എന്നതുകൊണ്ടാണ് എം.ടിയെ സംഘപരിവാര്‍ ഒരസുരവിത്താക്കിയത്. ബഷീറിനും തകഴിക്കും ഉറൂബിനും എസ്.കെ.പൊറ്റക്കാടിനും ശേഷം മലയാള കഥാസാഹിത്യത്തിന്റെ പതാകവാഹകരില്‍ ഒരാളായിരുന്ന എം.ടിയെ അസുരവിത്ത് എന്നാക്ഷേപിക്കുന്നത് എന്തുതരം സംസ്‌കാരമാണ്? ഹിന്ദു രാഷ്ട്രത്തിന്റെ സംസ്‌കാരമിതാണെങ്കില്‍ നാം മലയാളികള്‍ പേടിക്കുക തന്നെവേണം.

കേരളത്തെപ്പോലെ ഇത്രത്തേളം സാഹിത്യോന്മുഖതയുള്ള മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ കൃതികള്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശഭാഷകളില്‍ ഒന്നാമതാണ് മലയാളം. പാബ്ലോ നെരുദയും മാര്‍ക്വേസും മലയാളികള്‍ക്ക് സച്ചിദാനന്ദനെയും എം.ടിയെയും പോലെ സ്വന്തമാണ്. സാക്ഷരരായ മലയാളികളുടെ ഭാവുകത്വത്തിന്റെ അടിത്തറ തന്നെ സാഹിത്യമാണ്. അപര വിദ്വേഷവും ഹിംസയും മാത്രം കൈമുതലാക്കിയ സംഘപരിവാര്‍ എന്ന വിഷബീജം കേരളത്തില്‍ തഴച്ചുവളരാതിരുന്നതിന് ഒരു കാരണം നാം മലയാളികളുടെ ഈ സാഹിത്യോന്മുഖതയാണ്. കലയും സാഹിത്യവും എക്കാലവും മാനവികതയുടെ ഭാഗത്താണ്. അതിനാല്‍ മലയാളിയുടെ സമ്പന്നമായ സാഹിത്യ സംസ്‌കാരത്തോടുള്ള പരിഹാസമാണ്,എം.ടിക്കെതിരായ അസഹിഷ്ണുതയില്‍ ധ്വനിക്കുന്നത്. പുസ്തകത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന മലയാളികള്‍ പുസ്തകം വലിച്ചെറിഞ്ഞ്, നാളെമുതല്‍ ശാഖയില്‍ പോയി കുറുവടിടെയുക്കണമെന്ന പരോക്ഷാഹ്വാനമാണ് ഈ ജന്മഭൂമി എഡിറ്റോറിയല്‍.

പുസ്തകവും വായനയുമില്ലാത്ത ഒരു ലോകത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പേടിയാകുന്നു. കാക്കി പാന്റ്‌സും കുറുവടിയുമേന്തി പരേഡ് നടത്തേണ്ട ഒരു കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലുമാവുന്നില്ല. എം.ടിയ്‌ക്കെതിരെ അസഹിഷ്ണുതയും ദൃംഷ്ടകള്‍ ആദ്യം പുറത്തുകാട്ടിയ ബി.ജെ.പിയുടെ ഒരു സംസ്ഥാന സെക്രട്ടറി ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമാലുദ്ദീന്‍ ഇന്ത്യവിട്ടു പോകണമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. കമാലുദ്ദീനില്‍ നിന്ന് കമലിലേക്കുള്ള മാറ്റം, കമലിന്റെ മതേതരത്വത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, വളരെയേറെ പോപ്പുലര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള കമലിനെ ബോധപൂര്‍വ്വം കമാലുദ്ദീന്‍ എന്ന് വിളിക്കുന്നത്, ആര്‍ക്കും മതേതരരായി ജീവിക്കാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. മതേതരവ്യക്തിത്വം സ്വയം ആര്‍ജ്ജിക്കുമ്പോഴാണ്, മനുഷ്യര്‍ മാനവികതയിലേക്കുയരുന്നത്. എന്നാല്‍, കമാലുദ്ദീന്‍ എന്ന നാമകരണം, മലയാളികളെ ഹിന്ദുക്കളും മുസ്ലീങ്ങളുമായി വിഭജിക്കുന്ന ഗൂഢതന്ത്രമാണ്. ഇത് നാം മലയാളികള്‍ തിരിച്ചറിയണം.

ഈ സെക്രട്ടറിയുടെ മറ്റൊരാഹ്വാനം, കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്ന് ചെഗുവേരയുടെ പടങ്ങള്‍ എടുത്തുമാറ്റണമെന്നാണ്. ചെഗുവേരയുടെ പടങ്ങളില്ലാത്ത രാജ്യങ്ങള്‍ ലോകത്ത് വിരലിലെണ്ണാവുന്നതേയുള്ളൂ. ലോകത്തെ മാറ്റിമറിച്ച 1960 കളിലേയും 1970 കളിലേയും പ്രക്ഷുബ്ധ യൗവ്വനത്തിന്റെ ആവേശമായിരുന്നു ചെഗുവേര. അതുകൊണ്ടാണ്, ലോകത്തെവിടെയുമുള്ള യുവാക്കളെപ്പോലെ, കേരളത്തിലെയും യുവാക്കള്‍ ചെഗുവേരയുടെ പടം പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍, നരക സാകേതത്തിലെ ഉള്ളറകളില്‍ (മുന്‍ ആര്‍.എസ്.എസ് പ്രചാരകന്‍ സുധീഷ് മിന്നിയുടെ 25 വര്‍ഷത്തെ അനുഭവങ്ങളുടെ കുമ്പസാരം, ഏഴാംപതിപ്പ്, 2015, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം) ജനിച്ചു ജീവിക്കുന്ന സംഘപരിവാറുകള്‍ക്ക് ഇതൊന്നും മനസിലാകില്ല. കാരണം, മതവിദ്വേഷത്തിന്റെയും ഭീകരവാദത്തിന്റെയും പടുവാര്‍ദ്ധക്യമാണ് അവരുടെ മനസു മുഴുവന്‍! അടുത്തകാലം വരെ, ഇത്തരം അസഹിഷ്ണുതയും ഭീഷണികളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, സാക്ഷി മഹാരാജുമാര്‍ മാത്രമെ നടത്തിയിരുന്നുള്ളൂ. ഉദാരമായ ജനാധിപത്യ സംസ്‌കാരത്തിനും സഹിഷ്ണുതയ്ക്കും വലിയ വില കല്പിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ഈ ഉദാര ഭാവുകത്വത്തിനെതിരെ സംസാരിച്ചാല്‍, ഒറ്റപ്പെടുമെന്ന ഭയം മൂലമാകാം കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ സാക്ഷിമഹാരാജുമാരെയും വിനയ്കത്യര്‍മാരെയും പോലെ സംസാരിക്കാതിരുന്നത്. എന്നാല്‍, ഇപ്പോഴിതാ, ഈ അന്തര്‍നിരോധനവും അവര്‍ ഉപേക്ഷിച്ചിരിക്കുന്നു. സംഘപരിവാറിന്റെ ഭാഗമായ ഏതു വ്യക്തിയുടെയും തനിസ്വരൂപം, അസഹിഷ്ണുതയുടെയും മുസ്ലീം വിദ്വേഷത്തിന്റെയും കലാ-സാഹിത്യ വിരോധത്തിന്റെയും ഹിംസയുടെയും മൂര്‍ത്തീരൂപമായ സാക്ഷിമഹാരാജാണെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി തെളിയിച്ചിരിക്കുന്നു. മാനവികയുടെ അവസാനകണ്ണിയും ചോര്‍ന്നു പോകുമ്പോഴാണ് സാക്ഷിമഹാരാജുമാര്‍ ഉദിക്കുന്നത്.

കേരളത്തിലേക്കുള്ള സാക്ഷിമഹാരാജുമാരുടെ അധിനിവേശം നാം, മലയാളികള്‍ അനുവദിക്കാമോ? എം.ടിയുടെ വായനക്കാരും കമല്‍ ചിത്രങ്ങളുടെ പ്രേക്ഷകരുമായ മലയാളികളെ ഹിന്ദുക്കളും മുസ്ലീങ്ങളുമായി വിഭജിക്കുന്നതിനെ നാം അനുവദിക്കാമോ? മലയാളികളുടെ ജീവിതത്തില്‍ പുലരുന്ന പരസ്പര സൗഹാര്‍ദ്ദം, സഹിഷ്ണുത, സമാധാനം എന്നീ മൂല്യങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സാക്ഷിമഹാരാജുമാരെ അനുവദിക്കാമോ? ജനാധിപത്യത്തിലും പ്രബുദ്ധതയിലും സാഹിത്യോന്മുഖതയിലും അധിഷ്ഠിതമായ നമ്മുടെ സംസ്‌കാരം ഇനിയും കൈവിട്ടുപോയിട്ടില്ല. പക്ഷേ കേരളത്തിലെ, സാക്ഷിമഹാരാജുമാരുടെയും, വിനായകത്യര്‍മാരുടെയും എണ്ണം പെരുകിയാല്‍, എല്ലാം കൈവിട്ടുപോകും അന്ന് വിലപിച്ചിട്ടു കാര്യമില്ല. അതിനാല്‍, നാം മലയാളികള്‍, മറ്റെല്ലാ അഭിപ്രായ വ്യത്യസങ്ങളും മാറ്റിവെച്ച്, കേരളത്തിലെ സാക്ഷിമഹാരാജുമാരോടും വിനായകത്യര്‍മാരോടും കേരളത്തില്‍ ഇതു നടക്കില്ല എന്ന് ഉച്ചത്തില്‍ പറയാനുള്ള സമയമായിരിക്കുന്നു. അതിനു വൈകുന്ന ഓരോ നിമിഷവും പാരതന്ത്ര്യത്തിലേക്കുള്ള ദൈര്‍ഘ്യം നാം സ്വയം കുറയ്ക്കുകയാണ് ചെയ്യുന്നത്. അസഹിഷ്ണുതയോട് പുലര്‍ത്തുന്ന സഹിഷ്ണുത കുറ്റകരമാണ്.