ഫുട്ബോൾ ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആകും.

#

സൂറിച്ച്(10-1-17): ഫുട്ബോൾ ലോകകപ്പിന് പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തി. 2026ലെ ലോകകപ്പ് മുതലാണ് ടീമുകളുടെ എണ്ണം 48 ആയി വര്‍ധിക്കുക. സൂറിച്ചിൽ കൂടിയ ഫിഫ കൗണ്‍സില്‍ ആണ് ഇതിനുളള അന്തിമ അനുമതി നല്‍കിയത്. നിലവിൽ 32 ടീമുകളിൽ ലോകകപ്പ് കളിക്കുന്നത്. വിശദ വിവരങ്ങള്‍ ഫിഫ തന്നെ വൈകാതെ അറിയിക്കും.ഡിസംബറില്‍ സിംഗപ്പൂരില്‍ നടന്ന ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ യോഗത്തില്‍ ടീമെണ്ണം കൂട്ടുന്നതിനെപ്പറ്റി വിശദമായി ചര്‍ച്ചചെയ്തിരുന്നു. ഭൂരിഭാഗം രാജ്യങ്ങളും ഈ നിര്‍ദേശത്തെ അന്ന് പിന്തുണച്ചിരുന്നു.

പ്രാഥമികഘട്ട മത്സരങ്ങളെ മൂന്നു ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാനാണ് ആലോചന. ഓരോ ഗ്രൂപ്പില്‍നിന്നും കൂടുതല്‍ പോയന്റ് നേടുന്ന ഒരു ടീം പ്രീക്വാര്‍ട്ടറിലെത്തും. പ്രീക്വാര്‍ട്ടര്‍ മുതല്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് നോക്കൗട്ടായിരിക്കും. ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയാല്‍ ഏഷ്യ അടക്കമുള്ള കോണ്‍ഫെഡറേഷുകള്‍ക്ക് കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനാകും. നിലവില്‍ നാലു ടീമുകളാണ് ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍നിന്ന് നേരിട്ട് യോഗ്യതനേടുന്നത്.ഇന്ത്യയടക്കം ലോകകപ്പ് സ്വപ്നമായി അവശേഷിക്കുന്ന ടീമുകൾക്ക് അനുഗ്രഹമാണ് തീരുമാനം .ലോകകപ്പ് മത്സരങ്ങളുടെ എണ്ണം 64 ൽ നിന്ന് 80 ആയി വർദ്ധിക്കും. എന്നാൽ ഫൈനലിൽ എത്തുന്ന ടീം എപ്പോൾ കളിക്കേണ്ടത് പോലെ 7 മത്സരങ്ങളാണ് കളിക്കേണ്ടത്.ലോകകപ്പിന്റെ ദൈർഘ്യം 32 ദിവസമായി നിലനിർത്തും.

ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോ ആണ് ഈ തീരുമാനത്തിന് പിന്നിൽ. ടീമുകളുടെ എണ്ണം വർദ്ധിക്കുന്നതോടെ ഫിഫയുടെ വരുമാനം ക്രമാതീതമായി വർദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 1930 ൽ ലോകകപ്പ് ആരഭിച്ചപ്പോൾ 13 ടീമുകളാണ് പങ്കെടുത്തത്. പിന്നീട് അത് 16 ലേക്കും 16 നിന്ന് 24 ആയും വർദ്ധിപ്പിക്കുകയായിരുന്നു . 1998 ഫ്രാൻസ് ലോകകപ്പ് മുതലാണ് 32 ടീമുകള്‍ എന്ന് തീരുമാനിച്ചത്. നാലു ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടുടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലെത്തുന്നു. പ്രീക്വാര്‍ട്ടര്‍ മുതല്‍ നോക്കഔട്ട് രീതിയിലാണ് മത്സരം .