വർണ്ണവെറിയ്ക്കും അസമത്വത്തിനുമെതിരേ ഒബാമയുടെ വിടവാങ്ങൽ പ്രസംഗം

#

ചിക്കാഗോ (11.01.2017) : നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കും അഭിപ്രായങ്ങൾക്കും എതിരേ രൂക്ഷമായ പരോക്ഷ വിമർശനവുമായി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബാരക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത ചിക്കാഗോയിലെ മക്കോണിക് പ്ലെയ്സിൽ തന്നെയായിരുന്നു ഒബാമയുടെ വിടവാങ്ങൽ പ്രസംഗവും.

20000 ആളുകൾ തിങ്ങി നിറഞ്ഞ കൺവൻഷൻ സെന്ററിൽ ഒബാമ നടത്തിയ വികാരനിർഭരമായ പ്രസംഗം ആദ്യന്തം കരഘോഷങ്ങളോടെയാണ് സദസ്യർ സ്വീകരിച്ചത്. തന്റെ ഭരണത്തിന്റെ നേട്ടങ്ങൾ ഒന്നൊന്നായി ഒബാമ വിവരിച്ചു. 8 വർഷം മുമ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രാജ്യം നേരിട്ടിരുന്ന സാമ്പത്തികമാനേദ്യം പൂർണ്ണമായും ഇല്ലാതാകുമെന്ന് താൻ പറഞ്ഞിരുന്നു. വാഹനവ്യവസായത്തെ ഉടച്ചു വാർക്കുമെന്നും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞിരുന്നു. ക്യൂബയുമായുള്ള ബന്ധത്തിൽ പുതിയൊരു അദ്ധ്യായം ആരംഭിക്കുമെന്നും ഒരു വെടിയുണ്ടപോലും ചെലവഴിക്കാതെ ഇറാന്റെ ആണവ ആയുധങ്ങൾ ഇല്ലാതാക്കുമെന്നും പറഞ്ഞിരുന്നു. അതെല്ലാം അതിരു കടന്ന ആഗ്രഹങ്ങളാണെന്നാണ് അന്ന് എല്ലാവരും കരുതിയത്. ഇന്ന് അതെല്ലാം യാഥാർത്ഥ്യമായിരിക്കുന്നു എന്ന് ഒബാമ അവകാശപ്പെട്ടു.

വംശീയതയ്‌ക്കെതിരേ ജാഗരൂകരാകാൻ സ്ഥാനമൊഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു. കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ഏതു നീക്കവും അമേരിക്കയെ പുറകോട്ടടിക്കുമെന്ന് ഒബാമ ഓർമ്മിപ്പിച്ചു. നമ്മളിൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ അമേരിക്കക്കാരാണെന്ന്‌ വിശ്വസിക്കുന്നത് അമേരിക്കക്കാരുടെ ഒരുമയ്ക്ക് തടസ്സമാണെന്ന് ട്രംപിന്റെ വാദഗതികളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഒബാമ പറഞ്ഞു. സമ്പത്ത് ഒരുപിടി ആളുകളിൽ കുമിഞ്ഞുകൂടുന്ന പ്രവണതയും വർദ്ധിച്ചുവരുന്ന അസമത്വവും അമേരിക്ക നേരിടുന്ന പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ ഒബാമ, വൈവിദ്ധ്യവും വ്യത്യസ്താഭിപ്രായങ്ങളെ മാനിക്കാനുള്ള മനസ്സുമാണ് അമേരിക്കയുടെ സവിശേഷതയെന്നും അത് പൂർവ്വാധികം കരുത്തോടെ മുമ്പോട്ട് കൊണ്ട് പോകേണ്ടതുണ്ടെന്നും പറഞ്ഞു.