ദേശീയഗാനം : ചലചിത്രോത്സവത്തിൽ മർദ്ദനം,അറസ്റ്റ്

#

ചെന്നൈ (11.01.2017) : ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റില്ല എന്ന പേരിൽ ചെന്നൈ ചലച്ചിത്രോത്സവത്തിലെ 4 പ്രതിനിധികളെ ഒരു സംഘം മർദ്ദിച്ചു. മർദ്ദനമേറ്റവരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വടപളനിയിൽ ഫെസ്റ്റിവൽ നടക്കുന്ന തീയറ്ററിൽ ബൾഗേറിയൻ സിനിമയായ ഗ്ലോറി പ്രദർശിപ്പിക്കുന്നതിന് മുൻപ് ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റ് നിൽക്കാതിരുന്ന ഒരു വൃദ്ധയടക്കമുള്ള 3 സ്ത്രീകൾക്ക് നേരെ ഒരു സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു. എഴുന്നേറ്റ് നിൽക്കാതിരുന്ന മറ്റൊരു മലയാളി വിദ്യാർത്ഥിക്ക് നേരെയും കൈയേറ്റമുണ്ടായി. തുടർന്ന് സംഘാടകരെത്തി പോലീസിനെ വിളിച്ചെങ്കിലും മർദ്ദനമേറ്റ നാല് പേരെ മാത്രം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവർ ഇപ്പോൾ വടപളനി പോലീസ് സ്റ്റേഷനിലാണ്. തീയറ്ററിൽ ദേശീയഗാനം പ്രദർശിപ്പിച്ചപ്പോൾ എഴുന്നേറ്റ് നിന്നില്ല എന്നാരോപിച്ച് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രതിനിധികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തീയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ചലച്ചിത്രോലവങ്ങളിലും ദേശീയഗാനം ആലപിക്കാൻ തുടങ്ങിയത്.