തേജ് ബഹാദൂറിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ഭാര്യ

#

(11.01.2017) തങ്ങൾക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വീഡിയോയിലൂടെ രാജ്യത്തെ അറിയിച്ച ബി.എസ്.എഫ് ജവാനെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന പരാതിയുമായി ജവാന്റെ ഭാര്യ. വീഡിയോ വൈറലായതിന് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരം മുതൽ തേജ് ബഹാദൂർ യാദവുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ജവാന്റെ ഭാര്യ പറയുന്നത്. തേജ് ബഹാദൂറിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഭാര്യ ഇക്കാര്യം അറിയിച്ചത്. തേജ് ബഹാദൂർ എവിടെയാണെന്നും ഏത് സാഹചര്യത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അറിയില്ലെന്നും ഭാര്യ പറയുന്നു. കൊടുംതണുപ്പിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന തങ്ങൾക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും പല ദിവസവും പട്ടിണിയാണെന്നും വീഡിയോയിലൂടെ തേജ് ബഹാദൂർ വെളിപ്പെടുത്തിയിരുന്നു. തങ്ങൾക്ക് ലഭിക്കുന്ന റേഷൻ ഉന്നത ഉദ്യോഗസ്ഥർ മറിച്ച് വിൽക്കുകയാണെന്നും ഈ വീഡിയോ പുറത്ത് വന്ന ശേഷം താൻ ജീവിച്ചിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും വീഡിയോയിലുണ്ട്. വീഡിയോ വൈറലായതിനു പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വീഡിയോ കാണുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ ജവാൻ സ്ഥിരം പ്രശ്നക്കാരനാണെന്നും മദ്യത്തിന് അടിമയാണെന്നുമാണ് ബി.എസ്.എഫ് ആരോപിച്ചത്. ഇയാളെ അതിർത്തിയിലെ ജോലിയിൽ നിന്ന് ഓഫീസിലേക്ക് മാറ്റിയെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജവാനെ കുറിച്ച് വിവരമൊന്നും ലഭിക്കുന്നില്ലെന്ന ഭാര്യയുടെ പരാതിയും ഉയരുന്നത്.