വൈബ്രന്റ് ഗുജറാത്തിനെത്തുന്നവർ കാണാതിരിക്കാൻ ചേരികൾ മറച്ചു

#

അഹമ്മദാബാദ്(11.01.2017) : ഗുജറാത്ത് ഗവണ്മെന്റ് ഞങ്ങളെ നാണക്കേടായിട്ടാണ് കാണുന്നത്. ഇത് അങ്ങേയറ്റം അപമാനകരമാണ്. ഞങ്ങൾ കഴിഞ്ഞ 60 കൊല്ലമായി ഇവിടെ ജീവിക്കുന്നു. സർക്കാർ ഇപ്പോഴും ഞങ്ങളെ അവരുടെ പൗരന്മാരായി കാണാൻ തയാറായിട്ടില്ല.ഗുജറാത്തിലെ അഹമ്മദാബാദിൽ ശരണ്യവാസ് ചേരിയിൽ അംഗൻവാടി നടത്തുന്ന 70 വയസുള്ള ശോഭാബെൻ സരണിയയുടെ വാക്കുകളാണിത്.

വൈബ്രന്റ് ഗുജറാത്തിന്റെ യഥാർത്ഥ മുഖം പുറംലോകം അറിയാതിരിക്കാൻ ചേരികൾ പച്ച ഷീറ്റ് കൊണ്ട് മറച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു ഈ വൃദ്ധ. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് വൈബ്രന്റ് ഗുജറാത്ത് സമ്മേളനം നടക്കുന്ന ഗാന്ധിനഗറിലേക്ക് പോകുന്ന വഴിയില്‍ ഇന്ദിരാ ബ്രിഡ്ജിനടുത്തുള്ള ശരണ്യവാസ് ചേരിയാണ് പച്ച ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുന്നത്. സമ്മിറ്റിൽ പങ്കെടുക്കാൻ എത്തുന്ന അന്താരാഷ്ട്ര പ്രതിനിധികൾ ഗുജറാത്തിന്റെ യഥാർത്ഥ അവസ്ഥ മനസിലാക്കാതിരിക്കാനാണ് ഈ നടപടിയെന്നാണ് ആരോപണം. ഒന്നരകിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന ശരണ്യവാസ് ചേരിയിലെ 556 കുടിലുകളിലായി 3,000ത്തോളം പേരാണ് താമസിക്കുന്നത്.

വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന് മുൻപായി കഴിഞ്ഞ ശനിയാഴ്ച അഹമമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ ചേരിയിൽ എത്തിയപ്പോൾ ചേരിനിവാസികൾ സന്തോഷിച്ചു. അവസാനം അധികൃതർ തങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയിരിയ്ക്കുന്നു എന്നാണ് അവർ കരുതിയത്. എന്നാൽ ചേരിയിൽ നിന്ന് ചില തൊഴിലാളികളെ വിളിച്ച് ചെടികൾ വളർത്താൻ ഉപയോഗിക്കുന്ന ഹരിതഗൃഹങ്ങൾ ഉണ്ടാക്കുന്ന പച്ച ഷീറ്റ് ഉപയോഗിച്ച് റോഡിൽ നിന്ന് കാണാത്ത വിധം ചേരിയെ മറയ്ക്കാൻ തുടങ്ങിയതോടെ ചേരി നിവാസികൾ നിരാശരായി.

ചേരി മറച്ചത് നിക്ഷേപ സംഗമത്തിന് വേണ്ടിയാണെന്ന വിമര്‍ശനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ തള്ളിയെങ്കിലും പച്ചമറ വിദേശികളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പറഞ്ഞതായി അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു. വിശിഷ്ട വ്യക്തികളുടെ കാഴ്ച്ചയില്‍ നിന്നും ചേരി മറയ്ക്കുന്നതില്‍ ഒരു തെറ്റുമില്ല.എന്നാണ് ഈ ഉദ്യോഗസ്ഥന്റെ പക്ഷം. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന് വേണ്ടി ലോകത്തെമ്പാടും നിന്ന് എത്തുന്ന വിശിഷ്ടവ്യക്തികൾക്ക് മുന്നിൽ കാണിക്കാൻ കഴയുന്ന കാഴ്ചയല്ല ഈ ചേരി. ഈ ചേരി അഴുക്കു നിറഞ്ഞതും ഇവിടുത്തെ ആളുകൾ കണ്ടാൽ വൃത്തിയില്ലാത്തവരുമാണ്. നമ്മുടെ അതിഥികൾ അത് കാണുന്നത് ശരിയല്ല. ഉദ്യോഗസ്ഥൻ പറയുന്നു.

ഞാനും ഇന്ത്യക്കാരനാണ്. എനിക്കും വോട്ടര്‍ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമുണ്ട്. ഞാനൊരു ഗുജറാത്തിയാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ദുരിതം ജിവിതം നയിക്കാന്‍ നിര്‍ബന്ധിതനായ ഒരാളാണ് ഞാന്‍. അവര്‍ ഞങ്ങള്‍ താമസിക്കുന്ന ചേരി മറച്ചു. അങ്ങനെ ചെയ്താല്‍ റോഡ് വഴി കടന്നുപോകുന്ന ധനികര്‍ ഞങ്ങളുടെ ദാരിദ്ര്യം കാണില്ലല്ലോ? മൂന്നംഗങ്ങളുള്ള കുടുംബത്തെ പോറ്റാൻ ബലൂൺ വിൽക്കുന്ന ചന്ദാബെൻ എന്ന താമസക്കാരൻ പറയുന്നു.

ബിജെപിയുടെ മാനസികാവസ്ഥയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്‌വാഡിയ പ്രതികരിച്ചു. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തില്‍ ബിജെപി വിശ്വസിക്കുന്നില്ല. ധനികര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇനിമുതൽ മഹാത്മാഗാന്ധി, വിനോബാ ഭാവെ, മദർ തെരേസ എന്നിവരുടെ പേര് ഉപയോഗിക്കാൻ ബിജെപിക്ക് യോഗ്യതയില്ലെന്നും കോൺഗ്രസ് പറഞ്ഞു.