പ്രിയ പിള്ളയ്‌ക്കെതിരെ ഖനി കമ്പനി നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കും : സുപ്രീം കോടതി

#

ന്യൂഡൽഹി(11.01.2017) : ഗ്രീൻപീസ് ഇന്ത്യയുടെ പ്രവർത്തക പ്രിയ പിള്ള കോർപ്പറേറ്റ് കമ്പനി മാനനഷ്ടക്കേസ് നേരിടേണ്ടി വരും. കോർപ്പറേറ്റ് കമ്പനികൾക്ക് ക്രിമിനൽ മാനനഷ്ടക്കേസ് നൽകാൻ കഴിയുമോയെന്ന വിഷയത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രിയ പിള്ള നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണിത്. തനിക്കെതിരെ മഹൻ കോൾ ലിമിറ്റഡ് എന്ന കമ്പനി നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കില്ലെന്ന് കാണിച്ച് പ്രിയപിള്ള നൽകിയ കേസിൽ സുപ്രീം കോടതി മുൻപ് കമ്പനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയാണ് ഇന്ന് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് യു.യു.ലളിത് എന്നിവർ അടങ്ങിയ ബെഞ്ച് ശരിവെച്ചത്.

മഹൻ കോൾ കമ്പനി നടത്തുന്ന അനധികൃത ഖനനങ്ങൾക്കെതിരെ ആദിവാസികളെ സംഘടിപ്പിക്കുകയും സമരം ചെയ്യുകയും ചെയ്ത പ്രിയ പിള്ളയ്‌ക്കെതിരെ കമ്പനിയുടെ പേര് മോശമാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്നാരോപിച്ചാണ് കമ്പനി മാനനഷ്ടക്കേസ് നൽകിയത്. കമ്പനി നടത്തുന്ന പരിസ്ഥിതി നശീകരണത്തിനും നിയമലംഘനങ്ങൾക്കുമെതിരെ അഭിപ്രായം പറയാനും സംഘടിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ഇല്ലാതാക്കാനാണ് ഇന്ത്യൻ നിയമവ്യവസ്ഥയെ തെറ്റായി ഉപയോഗിച്ച് കൊണ്ട് ക്രിമിനൽ മനനഷ്ടക്കേസുകൾ ഫയൽ ചെയ്യുന്നതെന്ന് പ്രിയാപിള്ളയുടെ പരാതിയിൽ പറഞ്ഞിരുന്നു. കമ്പനിയുടെ സ്വകാര്യ താൽപ്പര്യങ്ങൾക്കായി ജുഡീഷ്യൽ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ്. ഒരു സ്വകാര്യ വ്യക്തിക്കും ഒരു കമ്പനിക്കും മാനനഷ്ടക്കേസ് നൽകാൻ ഒരേ അധികാരം നൽകാൻ പാടില്ലെന്ന് പ്രിയ പിള്ള ആവശ്യപ്പെട്ടിരുന്നു.

മധ്യപ്രദേശിലെ സിംഗ്രോളിയിൽ മഹൻ കോൾ കമ്പനി തുടങ്ങാൻ പോകുന്ന കൽക്കരി ഖനി 1200 ഏക്കറോളം സാൽ വനം ഇല്ലാതാക്കും. ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന 54 ഗ്രാമങ്ങൾ പൂർണ്ണമായും ഇല്ലാതാകും. ഇതിനെതിരെ വനാവകാശ നിയമത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ചാണ് ആദിവാസികളെ സംഘടിപ്പിച്ച് പ്രിയ പിള്ള പോരാടുന്നത്. സുപ്രീം കോടതിയുടെ ഈ വിധിയോടെ കോർപ്പറേറ്റ് കമ്പനികൾക്കെതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ ഈ വകുപ്പുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ കരുതുന്നത്.കഴിഞ്ഞ വർഷം പ്രിയാപിള്ളയെ ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിൽ നിന്നിറക്കി വിട്ട സംഭവം വലിയ വിവാദമായിരുന്നു.