തുഗ്ലക്കാണോ സംഘപരിവാറിന്റെ കുലപതി? : തോമസ് ഐസക്

#

തിരുവനന്തപുരം(12.01.2017) : സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്കെതിരായ സംഘപരിവാർ പ്രതികരണങ്ങളെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. എം.ടി തുഗ്ലക്കിനെ കുറിച്ച് പറഞ്ഞത് അവരെ പ്രകോപിപ്പിക്കാൻ കാരണം തുഗ്ലക്കിന്റെ മണ്ടത്തരങ്ങളുമായും അധികാരപ്രമത്തതയുമായും അസഹിഷ്ണുതയുമായും ക്രൂരതയുമായും തങ്ങളുടെ നേതാവിനുള്ള സാദൃശ്യം അവർ തിരിച്ചറിഞ്ഞത് കൊണ്ടാവുമെന്ന് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്റെ പുസ്തകം പ്രകാശനം ചെയ്യവെ എം.ടി. നടത്തിയ പ്രസംഗമാണ് സംഘികളെ അദ്ദേഹത്തിനെതിരെ തിരിച്ചത്. അദ്ദേഹം ബിജെപി അടക്കം സംഘപരിവാറിലെ ഏതെങ്കിലും സംഘടനയെയോ മോദി അടക്കം അവയിൽ ഏതിന്റെയെങ്കിലും നേതാക്കളെയോപറ്റി അവിടെ ഒന്നും പറഞ്ഞില്ല. പതിനാലാംനൂറ്റാണ്ടിൽ വടക്കേയിൻഡ്യയിൽ സാമ്രാജ്യം സ്ഥാപിച്ചു ഭരിച്ച മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പറ്റിയാണു അദ്ദേഹം സംസാരിച്ചത്.

പ്രകോപനകരമായി ഒന്നും അതിൽ ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ ഇതിലും ശക്തിയായി വേറെ പലരും പറഞ്ഞിട്ടുള്ളതുമാണ്. അപ്പോൾ, ഇതിൽ സംഘികളെ ഇത്ര പ്രകോപിപ്പിച്ചത് എന്താണ്? ആദ്യം എനിക്കു പിടികിട്ടിയില്ല. പിന്നീടാണു കാര്യം മനസിലായത്. തുഗ്ലക്കിനെപ്പറ്റി പറഞ്ഞതാകണം പ്രകോപനമായത്. തുഗ്ലക്ക് എന്നു കേട്ടപ്പോൾ തങ്ങളുടെ ഏതോ നേതാവിനെ അവർക്ക് ഓർമ്മ വന്നിട്ടുണ്ടാകണം. ആ നേതാവിന്റെ പ്രവൃത്തികൾക്ക് തുഗ്ലക്കിന്റെ മണ്ടത്തരങ്ങളുമായും അധികാരപ്രമത്തതയുമായും അസഹിഷ്ണുതയുമായും ക്രൂരതയുമായും ഒക്കെ സാദൃശ്യവും തോന്നിയിരിക്കണം. അതോ തുഗ്ലക്കാണോ ഇക്കൂട്ടരുടെ കുലപതി? ഐസക് ചോദിക്കുന്നു.

ചലച്ചിത്ര സംവിധായകൻ കമലിനും എഴുത്തുകാരനായ എം.എം.ബഷീറിനും എതിരായ സംഘപരിവാർ നീക്കങ്ങൾ വർഗ്ഗീയവെറിയുടെ തെളിവാണെന്ന് ഐസക് പറഞ്ഞു. ദേശീയഗാനം പാടിയപ്പോൾ കമൽ എഴുന്നേൽക്കാതിരിക്കുകയോ എഴുന്നേൽക്കാതിരുന്നവരെ പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ തീയറ്ററിൽ ദേശീയഗാനം പാടുന്നതിനെ വിമർശിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, ചലച്ചിത്രോത്സവപ്രതിനിധികൾ എഴുന്നേറ്റുനിന്നു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണു ചെയ്തത്. എന്നിട്ടും കമലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിൻ അവരുടെ മനസിലെ മുറ്റിയ കാളകൂടവിഷം അല്ലാതെ മറ്റൊന്നുമില്ല.

ഇൻഡ്യൻ ഇതിഹാസങ്ങളെപ്പറ്റി മുസ്ലിമായ പണ്ഡിതൻ എഴുതിക്കൂടാ എന്നു പറയുന്നതിലെ സംസ്ക്കാരശൂന്യത എത്ര കടുത്തതാണ്.ഇത് ഭാരതസംസ്ക്കാരമല്ല. മതസഹിഷ്ണുതയിൽ പുലർന്നുവന്ന സാത്വികമായ ഭാരതസമൂഹത്തെ വിദ്വേഷത്തിന്റെ വിഷം കലർത്തി എന്നെന്നത്തേക്കുമായി തകർക്കുകയാണവർ. ഇവർ ഭാരതത്തിനു ഭൂഷണമല്ല. എന്നിട്ട്, ഇവരാണു ഭാരതീയതയോടെ ജീവിക്കുന്ന മറ്റുള്ളവരോടു പറയുന്നത് രാജ്യം വിട്ടുപോകാൻ. എന്തൊരു അസംബന്ധവും ധാർഷ്ട്യവുമാണിത്. പോസ്റ്റിൽ ചോദിക്കുന്നു. എന്താ ഏതാ എന്നറിയാതെ എസ്.എം.എസ്. അയച്ചവരെയെല്ലാം ചേർത്തിട്ടും ജനസംഖ്യയുടെ പത്തുശതമാനം മാത്രം അംഗത്വമുള്ള ഇവരെല്ലാംകൂടി രാജ്യം വിട്ട് എങ്ങോട്ടെങ്കിലും പോകുന്നതല്ലേ എളുപ്പം. ബാക്കി 90 ശതമാനം പേരും സന്തോഷവും സമാധാനവുമായി മുമ്പത്തെപ്പോലെ ജീവിച്ചുകൊള്ളുമല്ലോ.എന്നും ഐസക് പരിഹസിക്കുന്നു.