അലൻസിയർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

#

(12.01.2017) : സംവിധായകൻ കമലിനോട് രാജ്യം വിട്ട് പോകാൻ ആവശ്യപ്പെട്ട സംഘപരിവാർ ഭീഷണിക്കെതിരെ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ച ചലച്ചിത്രതാരം അലൻസിയറിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം. ഇന്നലെ വൈകിട്ടാണ് കാസർഗോഡ് പുതിയ ബസ്റ്റാന്റിൽ അലൻസിയർ ഏകാംഗ തെരുവ് നാടകം അവതരിപ്പിച്ചത്. പീപ്പിയൂതിക്കൊണ്ട് നിര്‍ത്തിയിട്ട ബസുകളില്‍ കയറിയും പുറപ്പെട്ട ബസുകള്‍ കൈനീട്ടി നിര്‍ത്തിയും, ഞാന്‍ ഈ മണ്ണില്‍ ജനിച്ചവനാണ് , എന്നിട്ടും എന്നോട് ആരൊക്കെയോ പറയുന്നു, പാകിസ്താനിലേക്ക് പോകണമെന്ന് .നിങ്ങളും വരുന്നോ എന്ന് യാത്രക്കാരോട് ചോദിച്ചുമായിരുന്നു അലൻസിയർ തന്റെ പ്രതിഷേധം അറിയിച്ചത്. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നിന്നാണ് യാത്രക്കാരനായി വേഷപ്പകര്‍ച്ച നടത്തി എകാംഗാവതരണം തുടങ്ങിയത്. സംവിധായകന്‍ കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടപ്പോഴുണ്ടായ രോഷമാണ് ഇത്തരമൊരു പ്രതിഷേധത്തിന് പ്രേരിപ്പിച്ചതെന്ന് അലന്‍സിയര്‍ പറഞ്ഞു. ഇത് പ്രതിഷേധമല്ല, ജനിച്ച നാട്ടിൽ ജീവിക്കാൻ വേണ്ടിയുള്ള പ്രതിരോധമാണെന്നായിരുന്നു അലൻസിയർ തന്റെ നാടകത്തെ വിശേഷിപ്പിച്ചത്.

എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരോട് രാജ്യം വിട്ട് പോകാൻ ആവശ്യപ്പെടുന്ന സംഘപരിവാർ അസഹിഷ്ണുതയ്ക്കെതിരെ തന്റെ മാധ്യമം ഉപയോഗിച്ച് തീക്ഷ്ണമായി പ്രതികരിച്ച അലൻസിയറിന് ഇന്നലെ വൈകുന്നേരം മുതൽ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പലരും ഭയന്ന് മിണ്ടാതിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു പ്രതിഷേധം അവതരിപ്പിച്ച ആർട്ടിസ്റ്റ് ബേബി മുത്താണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരു സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി കാസർഗോഡെത്തിയതാണ് അലൻസിയർ.

വീഡിയോ കടപ്പാട് : മീഡിയ വൺ