ബന്ധു നിയമന വിവാദം : ചീഫ് സെക്രട്ടറിക്ക് പോള്‍ ആന്റെണിയുടെ കത്ത്

#

തിരുവനന്തപുരം (12-01-17) : ബന്ധു നിയമന കേസില്‍ പ്രതിയാക്കപ്പെട്ട സാഹചര്യത്തില്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കണമെന്ന് വ്യവസായ സെക്രട്ടറി പോള്‍ ആന്റെണി. വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍ ഒന്നാം പ്രതിയായ കേസില്‍ വ്യവസായ സെക്രട്ടറിയായ പോളിനെ മൂന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ കേസില്‍ പ്രതിയാക്കി ഉള്‍പ്പെടുത്തിയ സംഭവം മാധ്യമങ്ങള്‍ വഴി അറിഞ്ഞെന്നും എഫ്.ഐ.ആറിന്റെ കോപ്പി തനിക്ക് ലഭിച്ചിട്ടില്ലെന്നും ആ സാഹചര്യത്തില്‍ താന്‍ സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ പോള്‍,ചീഫ് സെക്രട്ടറി വിജയാനന്ദന് കത്ത് നല്‍കിയത്. തന്നെ പ്രതിയാക്കിയ സ്ഥിതിക്ക് വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണോയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ചീഫ് സെക്രട്ടറി വ്യവസായ മന്ത്രി എ.സി.മൊയ്ദീന് കൈമാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.