ജല്ലിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

#

ചെന്നൈ (12-01-17) : തമിഴ്‌നാടിലെ പ്രധാന ആചാര ഉത്സവമായ ജല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. ജല്ലിക്കെട്ട് കാലങ്ങളായി തമിഴ് ജനത ആഘോഷിച്ച് വരുന്ന ഒരു പരമ്പരാഗത ഉത്സവമാണെന്നും കാളകളോടുള്ള ആദരസൂചകമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അല്ലാതെ മൃഗങ്ങളോട് യാതൊരു ക്രൂരതയും ഇതില്‍ ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി എ.ഐ.എ.ഡി.എം.കെ അധ്യക്ഷ ശശികല നടരാജനാണ് മോദിയ്ക്ക് കത്തയച്ചത്.

ജല്ലിക്കെട്ട് ഉത്സവം തമിഴ്‌നാടിലെ ഗ്രാമങ്ങളിലെ കര്‍ഷക ജീവിതവും അവരുടെ പാരമ്പര്യ വിശ്വാസങ്ങളുമായി ഇഴചേര്‍ന്ന് കിടക്കുകയാണെന്നും അവര്‍ കത്തില്‍ വ്യക്തമാക്കുന്നു. ജല്ലിക്കെട്ട് ചടങ്ങിനിടെ കാളകള്‍ ക്രുരമായി ഉപദ്രവിക്കപ്പെടുന്നു എന്നാരോപിച്ച് പേറ്റ അടക്കമുള്ള മൃഗസംരക്ഷണ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സുപ്രീം കോടതി ജല്ലിക്കെട്ട് നിരോധിച്ചിരുന്നു. എന്നാല്‍ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയടക്കം ഇത്തരമൊരു തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. പരമ്പരാഗത വിശ്വാസങ്ങളെ തകര്‍ക്കുന്ന നീക്കമാണ് കോടതിയില്‍ നിന്നുണ്ടായതെന്നാണ് ഇവരുടെ വാദം. ഇതിനു പിന്നാലെയാണ് മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തില്‍ ഭേഗഗതികള്‍ വരുത്തി ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശശികല രംഗത്തെത്തിയിരിക്കുന്നത്.