മോദിയുടെ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്താൻ ഉത്തരവിട്ട വിവരാവകാശ കമ്മീഷണറെ നീക്കി

#

ന്യൂഡൽഹി (12-01-17) : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കാൻ ഡൽഹി യൂണിവേഴ്‌സിറ്റിക്ക് നിർദ്ദേശം നൽകി രണ്ടു ദിവസത്തിന് ശേഷം ഉത്തരവ് നൽകിയ  വിവരാവകാശ കമ്മീഷണറെ സ്ഥാനത്ത് നിന്ന് നീക്കി. വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിനെയാണ് ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. അദ്ദേഹത്തെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്ന് നീക്കി മുഖ്യവിവരാവകാശ കമ്മീഷണർ ആർ.കെ മാത്തൂർ ചൊവ്വാഴ്‌ച ഉത്തരവിറക്കി. ഈ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഇനി മുതൽ മറ്റൊരു വിവരാവകാശ കമ്മീഷണറായ മഞ്ജുള പരാശർ കൈകാര്യം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദി ബിരുദം നേടിയെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്ന 1978 ലെ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ബിരുദധാരികളുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാണ് ശ്രീധര്‍ ആചാര്യലു കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ച ഉദ്യോഗസ്ഥയിൽ  നിന്നും കാല്‍ലക്ഷം രൂപ പിഴ ഈടാക്കാനും വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. വിവരാവകാശ അപേക്ഷ തള്ളിയ ഡൽഹി  യൂണിവേഴ്‌സിറ്റിയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷി സഹായിയ്‌ക്കെതിരെയായിരുന്നു നടപടി. നീരജ് എന്നയാളാണ് 1978 ൽ ബിരുദം നേടിയവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സർവ്വകലാശാലയെ സമീപിച്ചത്. മോദിയുടെ ബിരുദം വ്യാജമാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ബിരുദം സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള ഈ നീക്കങ്ങളും നടക്കുന്നത്. വ്യാജബിരുദമെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന നടപടികളാണ് സർവ്വകലാശാലയും സർക്കാരും സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.