മോശം പെരുമാറ്റം : സഞ്ജു സാംസണ് താക്കീത്

#

തിരുവനന്തപുരം (12-01-17) : മോശം പെരുമാറ്റത്തിന്റെ പേരില്‍ സഞ്ജു സാംസണ് താക്കീത് നല്‍കി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ).തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് സഞ്ജു എഴുതിക്കൊടുത്തതായി വ്യക്തമാക്കിയ കെ.സി.എ, മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റന്‍ കൂടിയായ താരം തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മുംബൈയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ ഒരു സംഭവമായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവച്ച സഞ്ജു മത്സരശേഷം തന്റെ ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ മുറി വിട്ടു പോവുകയും ചെയ്തു. തുടര്‍ന്ന് പരിക്ക് ചൂണ്ടിക്കാട്ടി താരം നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെ.സി.എ അധികൃതര്‍ വഴങ്ങിയില്ല. ഇതിനു പിന്നാലെ സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് കെ.സി.എ പ്രസിഡന്റെിനെയും സ്റ്റാഫ് അംഗങ്ങളെയും അധിക്ഷേപിക്കുകയും ചെയ്തു. സംഭവം അന്വേഷിച്ച നാലംഗ സമിതി സഞ്ജു സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താക്കീത് നല്‍കിയിരിക്കുന്നത്. തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി സഞ്ജു തന്നെ അന്വേഷണ കമ്മീഷനു മുന്നില്‍ വിശദീകരണം നല്‍കിയ സാഹചര്യത്തിലാണ് കടുത്ത നടപടി ഒഴിവാക്കിയതെന്നാണ് സൂചന.

സഞ്ജുവിന്റെ പിതാവിനും കെ.സി.എ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളിസ്ഥലത്തും പരിശീലന വേദികളിലും അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും, പരിശീലകരോ, കെ.സി.എ ഭാരവാഹികളോ ആയും ബന്ധപ്പെടരുത് എന്നുമാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.