പട്ടിണി വീഡിയോക്ക് പിന്നാലെ സി.ആർ.പി.എഫ് ജവാന്റെ വീഡിയോയും വൈറൽ

#

ന്യൂഡൽഹി (12-01-17) : അതിർത്തിയിൽ പട്ടിണിയാണെന്ന ബി.എസ്.എഫ് ജവാന്റെ വീഡിയോയ്ക്ക് പിന്നാലെ തങ്ങൾ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടുന്ന  സി.ആർ.പി.എഫ് ജവാന്റെ വീഡിയോയും വൈറലാവുന്നു. മഥുരയിൽ നിന്നുള്ള ജീത് സിംഗ് എന്ന സി.ആർ.പി.എഫ് ജവാനാണ്  പരാതിയുമായി രംഗത്തുള്ളത്. ഇപ്പോൾ രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് ജീത് സിംഗ് ജോലി നോക്കുന്നത്.  അർദ്ധസൈനിക വിഭാഗങ്ങൾക്കും സൈന്യത്തിനും നൽകുന്ന സൗകര്യങ്ങൾ വിവേചനപരമാണെന്ന് ജവാൻ ആരോപിക്കുന്നു. എവിടെയായാലും ഞങ്ങൾ ഞങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ കാവൽ നിൽക്കലായാലും, ക്ഷേത്രങ്ങൾക്കോ,ഗുരുദ്വാരകൾക്കോ, പള്ളികൾക്കോ കാവൽ നിൽക്കലായാലും, വി.ഐ.പി കൾക്ക് സുരക്ഷ ഒരുക്കലായാലും. എന്നാൽ എത്ര ജോലി ചെയ്താലും ഞങ്ങൾക്ക് കിട്ടുന്നത് രണ്ടാംതരം സൗകര്യങ്ങളാണ്. ജവാൻ പറയുന്നു.

ഒരു ഗവണ്മെന്റ് കോളജിലെ അദ്ധ്യാപകന് 50000, 60000 രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നു. അതേ സമയം കൊടുംകാട്ടിലും, മലയിലും ഒക്കെ ജോലി ചെയ്യുന്ന സി.ആർ.പി.എഫ് ജവാന്മാർക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സന്ദേശത്തിൽ ജവാൻ വ്യക്തമാക്കി. സൈനികർക്ക് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളുമുണ്ട്. എന്നാൽ 20 വർഷം ജോലി ചെയ്താലും അർദ്ധസൈനികർക്ക് പെൻഷൻ ലഭിക്കുന്നില്ല. വിമുക്ത ഭടന്മാർക്കുള്ള ആനുകൂല്യങ്ങളോ, മെഡിക്കൽ പരിരക്ഷയോ ലഭിക്കുന്നില്ലെന്നും ഇത് കടുത്ത വിവേചനമാണെന്നും ജീത് സിംഗ് ചൂണ്ടിക്കാട്ടുന്നു.