മാധവിക്കുട്ടിയാകാനില്ല : കമല്‍ ചിത്രത്തില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍മാറി

#

മുംബൈ(12-01-17) : സംവിധായകന്‍ കമലിന്റെ സ്വപ്ന പദ്ധതിയായാ ആമി എന്ന ചിത്രത്തില്‍ നിന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍ പിന്‍വാങ്ങി. മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കാനിരുന്ന ചിത്രത്തില്‍ നിന്ന് ദേശീയ ഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിനെതിരെയുണ്ടായ ബി.ജെ.പി സംഘപരിവാര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ് വിദ്യ പിന്‍മാറിയെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ വിദ്യയുടെ പി.ആര്‍ ടീം തള്ളിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് താരത്തിന്റെ വക്താവ് തന്നെ നേരിട്ടെത്തി. കമലിന്റെ ചിത്രത്തില്‍ നിന്നും വിദ്യ പിന്‍മാറുകയാണെന്നും തിരക്കഥയില്‍ അവസാനം വരുത്തിയ ചില മാറ്റങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് അവരുടെ വക്താക്കള്‍ അറിയിച്ചിരിക്കുന്നത്. വാര്‍ത്ത സംവിധായകന്‍ കമലും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ ഗാന വിവാദമല്ല, മാധവിക്കുട്ടിയുടെ റോള്‍ സ്വീകരിച്ചാല്‍ ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന ഭീതിയാകാം അവര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതിന് പിന്നിലെന്നാണ് കമല്‍ അറിയിച്ചത്.