ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറഷന്‍ പിളര്‍പ്പിലേക്ക് : പിന്നില്‍ ദിലീപെന്ന് ആരോപണം

#

തലശ്ശേരി (12-01-17) : സിനിമ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. ഫെഡറേഷനെ പിളര്‍ത്തി തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയുണ്ടാക്കാന്‍ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുണ്ടെന്നും കേരളത്തിലെ പല തിയറ്റര്‍ ഉടമകളെയും വിളിച്ചു കൂട്ടി ദിലീപ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതിന് തെളിവുകളുണ്ടെന്നും ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്‍ പ്രസിഡന്റെ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

മലയാളത്തിലെ നിലവിലെ സിനിമാ പ്രതിസന്ധിയ്ക്ക് പിന്നില്‍ സൂപ്പര്‍ താരങ്ങളാണെന്നും മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് അടൂര്‍, ഇന്നസെന്റെ ്, ലെനിന്‍ രാജേന്ദ്രന്‍, സിദ്ദീഖ് തുടങ്ങിയവര്‍ മറുപടി പറയണമെന്നും ബഷീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പ്പറേറ്റുകളുടെ പിടിയിലാണ് ഇന്നത്തെ മലയാള സിനിമയെന്നും, മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയുണ്ടാക്കിയ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിടുക്കം കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെഡറേഷന്റെ കീഴിലുള്ള 12 തിയറ്ററുകളില്‍ വിജയ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഫെഡറേഷന്‍ പ്രസിഡന്റെ് ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു.

അതേ സമയം നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും നേതൃത്വത്തില്‍ പുതിയൊരു സംഘടന രൂപീകരിച്ചത് സംബന്ധിച്ച് വാര്‍ത്തകള്‍ ഉയരുന്നുണ്ട്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നുള്ള മുപ്പതോളം അംഗങ്ങളും പുതിയ സംഘടനയില്‍ ചേര്‍ന്നതായാണ് വാര്‍ത്തകള്‍.