അലൻസിയർക്കെതിരെ അധിക്ഷേപവുമായി സംഘപരിവാർ അനുകൂലികൾ

#

(12-01-17) : എതിർപ്പ് പ്രകടിപ്പിക്കുന്നവരോട് രാജ്യം വിട്ട് പോകാൻ ആവശ്യപ്പെടുന്ന ബിജെപി അസഹിഷ്ണുതയ്ക്കെതിരെ ഏകാംഗ നാടകത്തിലൂടെ പ്രതികരിച്ച ചലച്ചിത്ര താരം അലൻസിയർക്കെതിരെ സംഘപരിവാർ അനുകൂലികളുടെ വിദ്വേഷ പ്രചാരണം. കഴിഞ്ഞ ദിവസം അലൻസിയർ നടത്തിയ വ്യത്യസ്ത പ്രതിഷേധം വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും സമൂഹമാധ്യമങ്ങളിലടക്കം വൻ പിന്തുണ നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാർ അനുകൂലികൾ അലൻസിയർക്കെതിരെ തിരിഞ്ഞത്. ഫെയ്‌സ്ബുക്കിലെ സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ അലൻസിയറെ വ്യക്തിപരമായി അധിക്ഷേപിക്കുകയും രാജ്യദ്രോഹിയായി ചിത്രീകരിക്കുകയും ചെയ്യുന്ന നിരവധി പോസ്റ്റുകളാണ് വരുന്നത്. നേരത്തേ കമലിനെതിരെ നടത്തിയ വിദ്വേഷ പ്രചാരണം ഇപ്പോൾ അതിനെതിരെ പ്രതികരിച്ച അലൻസിയർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

സംവിധായകൻ കമലിനോട് രാജ്യം വിട്ട് പോകാൻ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അലൻസിയർ ഒറ്റയാൾ പ്രതിഷേധം അവതരിപ്പിച്ചത്. ഇന്നലെ കാസർഗോഡ് ബസ്‌സ്റ്റാൻഡ് പരിസരത്താണ് അലൻസിയർ നാടകം അവതരിപ്പിച്ചത്. ഒറ്റമുണ്ടുടുത്ത് പീപ്പി ഊതി തനിക്ക് പോകാൻ പറ്റിയ രാജ്യത്തേക്കുള്ള ബസ് തിരക്കിയും തനിക്കൊപ്പം വരാൻ തയ്യാറുള്ളവരെ അന്വേഷിച്ചുമാണ് അലൻസിയർ എത്തിയത്. ധാരാളം ആളുകളാണ് അലൻസിയറുടെ പ്രകടനം കാണാൻ തടിച്ച് കൂടിയത്. കേരളം മുഴുവൻ ഈ പ്രതിഷേധം ചർച്ചയാവുകയും ചെയ്തു.