National News

10 Dec 2018 17:35 PM IST

റിസർവ്വ് ബാങ്ക് ഗവർണ്ണർ ഊർജ്ജിത് പട്ടേൽ രാജിവച്ചു

റിസർവ്വ് ബാങ്ക് ഗവർണ്ണർ ഊർജ്ജിത് പട്ടേൽ രാജിവച്ചു.

Mumbai

റിസർവ്വ് ബാങ്ക് ഗവർണ്ണർ ഊർജ്ജിത് പട്ടേൽ രാജിവച്ചു. കേന്ദ്രസർക്കാരുമായി ഏറെനാളായി തുടരുന്ന അഭിപ്രായഭിന്നതകൾക്കൊടുവിലാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്ന് പറഞ്ഞുകൊണ്ടുള്ള കത്തിൽ തന്റെ സഹപ്രവർത്തകർക്ക് നന്ദി പറയുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിനെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നില്ല.

 

കഴിഞ്ഞ കുറച്ചു മാസങ്ങളായി കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയും ആർബിഐ ഗവർണർ ഊർജിത് പട്ടേലും തമ്മിൽ വലിയ ചേരിപ്പോരാണ് നടക്കുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്തെ ആർബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകർച്ചയുടെ വക്കിലെത്തിച്ചതെന്ന് അരുൺ ജയ്‍റ്റ്‍ലി പരസ്യമായി ഒരു പരിപാടിയിൽ പറഞ്ഞതോടെ കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നു.

 

ആർബിഐ ഡെപ്യൂട്ടി ഗവർണറായ വിരാൽ ആചാര്യ പിറ്റേന്നു തന്നെ ധനകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി. ആർബിഐയുടെ സ്വതന്ത്രാധികാരത്തിൽ കൈ കടത്തിയാൽ അതിന്‍റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നാണ് വിരാൽ ആചാര്യ മുന്നറിയിപ്പ് നൽകി. ആർ.ബി.ഐയുടെ കരുതൽ ധനത്തിൽ കൈകടത്താനുള്ള കേന്ദ്രസർക്കാർ നീക്കം ഇരു കൂട്ടർക്കുമിടയിലെ ഭിന്നത രൂക്ഷമാക്കി.

 

റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 7 പ്രകാരം പൊതുജനതാത്പര്യാർഥമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് ആർബിഐയ്ക്ക് നേരിട്ട് നിർദേശങ്ങൾ നൽകാൻ കഴിയും.ഇതനുസരിച്ച് മൈക്രോഫിനാൻസ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായസ്ഥാപനങ്ങൾക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കർശനചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രസർക്കാർ നേരിട്ട് നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി രണ്ട് കത്തുകൾ റിസർവ് ബാങ്കിന് ധനകാര്യമന്ത്രാലയം കൈമാറുകയും ചെയ്തു.കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ഊർജ്ജിത് പട്ടേൽ പരസ്യമായി രംഗത്ത് വന്നു. ഇതോടെ അദ്ദേഹം രാജിവക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.