Kerala News

19 Nov 2018 16:40 PM IST

ശബരിമല: സർക്കാരിനെ വിശ്വാസത്തിലെടുത്ത് ഹൈക്കോടതി

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച ഹൈക്കോടതി സംഘർഷം സംബന്ധിച്ച സർക്കാർ വിശദീകരണം കേട്ടതോടെ നിലപാട് മയപ്പെടുത്തി.

Kochi

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച ഹൈക്കോടതി സംഘർഷം സംബന്ധിച്ച സർക്കാർ വിശദീകരണം കേട്ടതോടെ നിലപാട് മയപ്പെടുത്തി. ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സർക്കാർ വിവേകപൂർവ്വം തീരുമാനം എടുക്കണമെന്ന് പറഞ്ഞ കോടതി സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റിൽ ഇടപെടില്ലെന്നും വ്യക്തമാക്കി.

 

രാവിലെ ഹർജി പരിഗണിച്ചപ്പോൾ കോടതിയിൽ നിന്ന് രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന സർക്കാരിന് പിടിവള്ളിയായത് ശബരിമലയില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ നിയോജന മണ്ഡലങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാന്‍ വിശദമായ പദ്ധതി തയ്യാറാക്കികൊണ്ടുള്ള ബിജെപി സർക്കുലറാണ്. വൃശ്ചികമാസത്തിലെ അവസാനദിവസം വരെ ഒരു മാസത്തേക്ക് ഏതൊക്കെ മണ്ഡലങ്ങളില്‍ നിന്ന് ഏതൊക്കെ തീയതികളിലാണ് പ്രവര്‍ത്തകരത്തേണ്ടതെന്ന് കൃത്യമായി നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് അയച്ചത്.

 

ശബരിമല സന്നിധാനത്തെ നടപ്പന്തലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ആര്‍എസ്എസുകാരാണെന്ന് അഡ്വക്കേറ്റ്‌സ് ജനറല്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. മൂന്നിടങ്ങളിലായി 4000 പേര്‍ക്ക് വിശ്രമിക്കാനായി സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് എ.ജി പറഞ്ഞു. കുടിവെള്ളമുള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ ഇവിടെയുണ്ട് എന്നും എ.ജി കോടതിയെ അറിയിച്ചു.

 

വലിയ നടപ്പന്തലിൽ നിന്ന് പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, ശാരീരികമായ അസ്വസ്ഥതകൾ നേരിടുന്നവർ എന്നിവർക്ക് വിരിവെക്കാൻ അവസരം നൽകണം എന്ന് പറഞ്ഞ കോടതി നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തിട്ടുള്ള ആരെയും സന്നിധാനത്തുനിന്ന് ഇറക്കിവിടാന്‍ പാടില്ലെന്ന സുപ്രധാനമായ നിര്‍ദ്ദേശവും നൽകി. നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് തടയരുതെന്ന് പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.

 

ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റങ്ങള്‍ വേണ്ടതിന് മാറ്റങ്ങള്‍ കൊണ്ടുവരാം. അതിനുള്ള നിയന്ത്രണം സര്‍ക്കാരിന് തരുന്നു. നിയന്ത്രണങ്ങളില്‍ മതിയായ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് ശേഷം എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വെള്ളിയാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.

 

സര്‍ക്കാരിനുവേണ്ടി എ.ജി അറിയിച്ച കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. മാത്രമല്ല വെള്ളിയാഴ്ച സംസ്ഥാന പോലീസ് മേധാവി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതോടൊപ്പം ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.