31 Mar 2020 23:25 PM IST
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദൂരമായ പ്രദേശങ്ങളിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ കുടുങ്ങിേപ്പോയിട്ടുണ്ട്. കരീബിയൻ രാജ്യമായ ഹെയ്തിയിൽ മുപ്പതോളം മലയാളികളുൾപ്പെടെ 56 ഇന്ത്യക്കാർ പുറംലോകവുമായി ബന്ധപ്പെടാനാകാതെ കടുത്ത അനിശ്ചിതത്വത്തിൽ കഴിയുകയാണ്.
15 പേർക്കാണ് ഹെയ്തിയിൽ കോവിഡ്-19 ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതിലും വളരെ കൂടുതലാണ് കോവിഡ് രോഗബാധിതർ. ഹെയ്തിയിലെ ആരോഗ്യരംഗത്തെ സൗകര്യങ്ങൾ വളരെ പരിമിതമാണ്. കുട്ടികളും പ്രായമുള്ളവരുമടക്കമുള്ള മലയാളികളും ഇന്ത്യക്കാരും തികഞ്ഞ ഭയത്തിലാണ് കഴിയുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം വീടിനുള്ളിൽ ' കഴിയുന്നവരിൽ ആർക്കെങ്കിലും എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ തന്നെ ആശുപത്രിയിൽ പോകാൻ കഴിയില്ല. തദ്ദേശീയരായ ആളുകൾ ഈ സാഹചര്യത്തിൽ ഇന്ത്യക്കാരുടെ നേർക്ക് അക്രമാസക്തരാകാൻ സാധ്യതയുണ്ടെന്നതിനാൽ ആശുപത്രിയിൽ നേരിട്ട് പോകാൻ ആളുകൾ ഭയക്കുന്നു.
പ്രദേശവാസികൾ അക്രമാസക്തരായ ചില സംഭവങ്ങൾ ഉണ്ടായതിനാലാണ് ഇന്ത്യക്കാർ ആശുപത്രിയിൽ നേരിട്ടു പോകാൻ ഭയക്കുന്നത്. ഹെയ്തിയിൽ കുടുങ്ങിപ്പോയവർ അവിടത്തെ ഇന്ത്യൻ എംബസിയെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നു. എയർ ലിഫ്റ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയാൽ 55 ഇന്ത്യക്കാരും പോകാൻ തയ്യാറായി ഇരിക്കുകയാണ്. എംബസിയിൽ നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിച്ച് ലോക് ഡൗൺ പ്രഖ്യാപിച്ച കഴിഞ്ഞ ആഴ്ച മുതൽ കാത്തിരിക്കുകയാണ് അവർ. വാങ്ങിവെച്ച അവശ്യ സാധനങ്ങൾ തീരുന്നതിനു മുമ്പ് മടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പ്രശ്നം കൂടുതൽ രൂക്ഷമാകും. ഹെയ്തിയിൽ കുടുങ്ങിയവർ ഇന്ത്യൻ എംബസിയെയും സംസ്ഥാന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ബന്ധപ്പെട്ടിട്ടുണ്ട്. 55 ഇന്ത്യക്കാരുടെ ജീവനാണ് ഹെയ്തിയിൽ തുലാസിലാടുന്നത്.