Tribute

07 Apr 2020 19:45 PM IST

Reporter-Leftclicknews

അരങ്ങിൽ ശാശ്വതമുദ്ര ചാർത്തിയ അർജ്ജുനൻ മാസ്റ്റർ

അന്തരിച്ച സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററെ രാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരിക്കുന്നു.

ജനകീയനാടക രംഗത്തിന് ജീവധാര പകർന്നു നൽകിയവരിൽ ഒരാൾ കൂടി യാത്രയായി. പരുക്കൻ വഴികളിലൂടെ നടന്ന് ആർദ്ര മധുരമായ സംഗീതം സ്വന്തമാക്കിയ സംഗീതകാരനായിരുന്നു എം.കെ അർജ്ജുനൻ മാസ്റ്റർ. ജീവിതത്തിന്റെ കഷ്ടതകളും ദുരിതങ്ങളും അരങ്ങിനു പകർന്നു നൽകിയ നാടകം അതുകൊണ്ടാകാം മരണം വരെ മാഷിന് ജീവിതത്തിന്റെ ഭാഗമായത്. സിനിമയും അതിന്റെ വെള്ളിവെളിച്ചവും സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനെന്ന പദവിയും അദ്ദേഹത്തെ നാടക രംഗത്ത് നിന്നകറ്റിയതേ ഇല്ല. ജീവവായു പോലെ നാടകം എന്നും മാഷിനൊപ്പമുണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും അതാണല്ലോ അദ്ദേഹം കെപിഎസിയുടെ പുതിയ നാടകങ്ങൾക്ക് പാട്ടൊരുക്കാൻ ഓടിയെത്തുന്നത്.

 

അവസാന കാലത്ത് നാടകത്തിന് പാട്ടൊരുക്കുമ്പോഴും തന്നിലെ പഴയ സംഗീത സംവിധായകന്റെ ശ്രദ്ധയും ചിട്ടയും അദ്ദേഹം കൈവിട്ടില്ല. നാടകത്തെ സൂക്ഷ്മമായി വിലയിരുത്തുകയും എന്തൊക്കെയാണാവശ്യമെന്ന് അദ്ദേഹം പറഞ്ഞ് മനസ്സിലാക്കിത്തരികയും ചെയ്തിരുന്നുവെന്ന് സംഗീതസംവിധായകനും മാസ്റ്ററുടെ സംഗീതസഹായിയുമായ ഉദയകുമാർ അഞ്ചൽ പറയുന്നു. അതുകൊണ്ടാവണം നാടകത്തിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലത്തെ തിരിച്ചറിഞ്ഞ് അദ്ദേഹം ഒരുക്കിയ നാടകഗാനങ്ങൾ പുതിയ തലമുറയ്ക്കും ഏറെ പ്രിയപ്പെട്ടതായത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു എന്ന നാടകത്തിലെ "പോരുമോ നീ എന്റെ കൂടെ മാണിക്ക കുയിലാളെ" എന്ന ഒ.എൻ.വി.രചിച്ച ഗാനം ഇതിനുദാഹരണമാണ്. നൂ ജനറേഷനെപ്പോലും അരങ്ങിലെ കാഴ്ചകളിലേക്ക് ആ പാട്ട് പലവട്ടം ക്ഷണിച്ചു വരുത്തി. അവരുടെ ഉള്ളിലെ പ്രണയ സങ്കല്പങ്ങൾക്ക് സംഗീത വിരുന്നൊരുക്കി. അവസാന കാലം വരെ സൃഷ്ടിച്ച നാടക ഗാനങ്ങളിൽ അദ്ദേഹംതന്റെ കൈയ്യൊപ്പ് ചാർത്തി.

 

നാടകരംഗം എന്നും അർജ്ജുനൻ മാസ്റ്ററെ അഭിമാനത്തോടെ ശിരസ്സിലേറ്റി. പതിനേഴ് തവണയാണദ്ദേഹത്തെ നാടക ലോകം മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തത്. അതേസമയം മലയാളസിനിമാരംഗം 2017 ലാണ് ആ സംഗീത പ്രതിഭക്ക് മികച്ച സംഗീതകാരനുള്ള ഒരംഗീകാരം നൽകി ആദരിക്കാൻ തയ്യാറായത്. അതൊന്നും പക്ഷേ തന്റെ സംഗീത വഴികളിലദ്ദേഹം ശ്രദ്ധിച്ചതേയില്ല. പകരം വരദാനമായ സംഗീതത്തിന്റെ സ്നേഹവീചികൾ കേൾവിക്കാർക്ക് അദ്ദേഹം നിശബ്ദംപകർന്നു നൽകി.

 

കേരളത്തെ പുന:സൃഷ്ടിക്കുക എന്ന കടമ ഏറ്റെടുത്ത കലാപ്രസ്ഥാനമായ കെ.പി.എ.സിയോടൊപ്പം സഞ്ചരിച്ച അദ്ദേഹം കലയും സംഗീതവും ജനകീയമായതിന്റെ ശക്തി നേരിട്ടറിഞ്ഞ കലാകാരനാണ്. മലയാളത്തിലെ ജനപ്രിയ സാഹിത്യ രചനകളായ രമണൻ, നീലക്കുയിൽ, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു എന്നിവ നാടകമായരങ്ങിലെത്തിയപ്പോഴൊക്കെ അവയ്ക്ക് സംഗീത സാനിദ്ധ്യമായി മാസ്റ്റർ ഉണ്ടായിരുന്നു. ഇന്നലകളുടെ സാമൂഹ്യ ജീവിതത്തിൽ നാടകം വഹിച്ച പങ്ക് ഇന്നിന്റെ അരങ്ങിലുമുണ്ടാകണമെന്നദ്ദേഹം ആഗ്രഹിച്ചു. അതിനുള്ള തെളിവാണ് അവസാന കാലത്ത് അദ്ദേഹം ഒരുക്കിയ നാടകഗാനങ്ങൾ. ചരിത്രത്തെ നയിച്ച കലാപ്രതിഭകൾക്കൊപ്പം സഞ്ചരിക്കുകയും പ്രതിഭകൊണ്ട് അവർക്കൊപ്പം കയറി നിൽക്കുകയും ചെയ്ത എം.കെ.അർജ്ജുനൻ മാസ്റ്റർ വിടവാങ്ങുമ്പോൾ കേരളീയ സമൂഹത്തിൽ നിന്നും മറ്റൊരു ജനകീയ കലാകാരൻ കൂടി യാത്രയാവുകയാണ്. പാബ്ലോ നെരൂദ പറഞ്ഞതുപോലെ " മനുഷ്യത്വത്തിറെ ശാശ്വത മുദ്രകൾ പതിഞ്ഞ കവിതയാണ് നാം ലക്ഷ്യമാക്കേണ്ടത്.'' അതേ മനുഷ്യത്വത്തെ ശിരസ്സിൽ മുദ്രയാക്കി പതിപ്പിച്ച കേരളത്തിലെ കലാകാരൻമാരിലൊരാൾകൂടി യാത്രയായി.


Reporter-Leftclicknews