01 Dec 2019 02:55 AM IST
ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് യു.സുരേഷിനെ പരിചയപ്പെടുന്നത്. സുരേഷ് അപ്പോഴേക്ക് കോളേജ് പഠനം കഴിഞ്ഞിരുന്നെന്ന് തോന്നുന്നു. എസ്ബിടിയില്‍ ജോലി കിട്ടുന്നതിനു മുമ്പുള്ള ഇടവേളയായിരുന്നിരിക്കണം. എ.ഐ.എസ്.എഫിന്റെ ഏതോ പരിപാടിക്കിടയിലാണ് പരിചയപ്പെടുന്നത്. യു.വിക്രമന്‍, ബൈജൂ ചന്ദ്രന്‍ തുടങ്ങി അക്കാലത്തെ സുരേഷിന്റെ സന്തത സഹചാരികളായിരുന്നവരില്‍ ആരോ ആണ് പരിചയപ്പെടുത്തിയത്. ഒച്ചയും ബഹളവുമുണ്ടാക്കാത്ത സൗമ്യനായ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്നു സുരേഷ്. പക്ഷേ ഉറച്ച അഭിപ്രായങ്ങള്‍, ശക്തമായ നിലപാടുകള്‍.
ഞാന്‍ ആര്‍ട്‌സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും പഠിക്കുന്ന കാലത്ത് ഏതാണ്ട് എല്ലാ ദിവസവും സുരേഷിനെ കാണാറുണ്ടായിരുന്നു. ബാങ്കുദ്യോഗസ്ഥനായതിനുശേഷവും യുവകലാസാഹിതി, ഇസ്‌ക്‌സ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്ന സുരേഷ് സാഹിത്യ നിരൂപണത്തിനുവേണ്ടി മാത്രം പുസ്തക സമീക്ഷ എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സ്റ്റാച്യുവില്‍ കോഡര്‍ ലെയ്‌നില്‍ പ്രവര്‍ത്തിച്ചിരുന്ന സിപിഐ സിറ്റിക്കമ്മിറ്റി ഓഫീസ് ഞങ്ങള്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരുടെ ഒരു സ്ഥിരം താവളമായിരുന്നു. എ.ഐ.എസ്.എഫ് കാലം കഴിഞ്ഞ ഞങ്ങളുടെ സീനിയര്‍ സഖാക്കളുടെ ഒരു സംഘവും പതിവായി കോഡര്‍ ലെയ്‌നിലെ ഓഫീസിനു മുന്നിലെ റോഡില്‍ സ്ഥിരമായി കൂടും. പരമേശ്വരന്‍ പോറ്റി, ഡി.സാജൂ, യു.സുരേഷ്, ബൈജൂ ചന്ദ്രന്‍, ജീവന്‍ എന്നിവരടങ്ങിയ ആ അഞ്ചംഗസംഘവുമായി ഞങ്ങള്‍ക്ക് അടുത്ത ആത്മബന്ധമാണുണ്ടായിരുന്നത്. അവരില്‍, ജനയുഗം പത്രാധിപസമിതി അംഗവും ആകാശവാണിയില്‍ ഉദ്യോഗസ്ഥനുമായിരുന്ന പരമേശ്വരന്‍ പോറ്റി നേരത്തെ മരിച്ചു പോയി. റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സാജൂ അടുത്തിടെ മരിച്ചുപോയി. ഇപ്പോഴിതാ യു.സുരേഷും.
കുറച്ചുകാലം നിറുത്തി വച്ചിരുന്ന ജനയുഗം പത്രം 2006 ല്‍ പുനരാരംഭിച്ചപ്പോള്‍ അതിന്റെ ജനറല്‍ മാനേജരായത് സുരേഷാണ്. എസ്ബിറ്റിയില്‍ നിന്ന് സ്വയം വിരമിച്ച് ജനയുഗത്തിന്റെ ജനറല്‍ മാനേജരാകുമ്പോള്‍ ഒരു തൊഴിലെന്ന നിലയിലായിരുന്നില്ല, സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും പൊതുപ്രവര്‍ത്തനത്തിന്റെയും ഭാഗമായാണ് ആ ഉത്തരവാദിത്വം സുരേഷ് നിര്‍വ്വഹിച്ചത്. ജനയുഗത്തിന്റെ ജനറല്‍ മാനേജരായിരിക്കെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗം എന്ന ചുമതല നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയും സത്യസന്ധതയോടെയും സുരേഷ് ആ ചുമതല നിര്‍വ്വഹിച്ചു. പി.എസ്.സിയെ പൂര്‍ണ്ണമായും പിഴവുകളില്ലാത്ത സ്വതന്ത്രമായ ഒരു ഭരണഘടനാ സ്ഥാപനമായി മാറ്റാന്‍ തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗത്വത്തില്‍ നിന്ന് പിരിഞ്ഞതിനുശേഷം സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. വഴുതക്കാട്ട് ലെനിന്‍ ബാലവാടിയില്‍ 'റൗണ്ട് ടേബിള്‍' എന്ന പേരില്‍ ഒരു ചര്‍ച്ചവേദി സംഘടിപ്പിച്ചത് സുരേഷിന്റെ മുന്‍കയ്യിലാണ്.
മലബാര്‍ ഡിസ്ട്രിക്ട് ബോഡിന്റെ ആദ്യത്തെ പ്രസിഡന്റ്, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകന്‍, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടറി, പി.എസ്.സി അംഗം, മികച്ച ഗ്രന്ഥകാരന്‍, സാംസ്‌കാരിക സംഘാടകന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ അദ്വിതീയനായിരുന്ന പി.ടി ഭാസ്‌കരപ്പണിക്കരുടെ മകനെന്ന നിലയില്‍ പി.ടി.ബിയില്‍ നിന്ന് സ്വായത്തമാക്കിയ ശീലങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഒന്നാംതരം സാംസ്‌കാരിക പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായി മാറാന്‍ സുരേഷിനെ സഹായിച്ചു. ജീവിതത്തിലുടനീളം ശുഭ്രശുദ്ധമായ വ്യക്തിത്വം കാത്തു സൂക്ഷിച്ച മാതൃകാ പൊതുപ്രവര്‍ത്തകനും മനുഷ്യനുമാണ് യു.സുരേഷ്. നേതാവാകാനോ ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമാകാനോ ഒരിക്കലും ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യാത്ത ഇത്തരം മനുഷ്യരാണ് നമ്മുടെ സമൂഹത്തെ നന്മയുള്ളതാക്കി നിലനിര്‍ത്തുന്നത്. വ്യക്തിപരമായി നാലു പതിറ്റാണ്ടോളം നീണ്ട അഗാധമായ ഒരു ആത്മബന്ധമാണ് എനിക്ക് ഇന്ന് മുറിഞ്ഞുപോയത്. പ്രിയപ്പെട്ട സുഹൃത്തേ, അന്ത്യാഞ്ജലി.