20 Jun 2020 00:55 AM IST
എറണാകുളം ലോ കോളേജിൽ ഞാൻ പഠിക്കുമ്പോൾ ജൂനിയറായി സച്ചി അവിടെയുണ്ട്. അന്നു മുതൽ അടുപ്പമുള്ള സുഹൃത്താണ്. പിന്നീട് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുമ്പോഴും കൂടെക്കൂടെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അനാവശ്യമായ തർക്കങ്ങൾക്കും ബഹളങ്ങൾക്കുമൊന്നും പോകാത്ത നന്മയും സ്നേഹവുമുള്ള സുഹൃത്തായിരുന്നു സച്ചി.
ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന കാലത്ത് സിനിമയിൽ താല്പര്യമുണ്ടെന്നല്ലാതെ സിനിമ ചെയ്തു തുടങ്ങിയിട്ടില്ല. ഹൈക്കോടതി ബാർ അസോസിയേഷൻ്റെ ചടങ്ങുകളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ സജീവമായിരുന്നു അദ്ദേഹം. ഞാനും അത്തരം കാര്യങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നയാളാണ്.
ശക്തമായ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുണ്ടായിരുന്നയാളാണ് സച്ചി. 2001 ൽ മീനാക്ഷീ തമ്പാൻ കൊടുങ്ങല്ലൂരിൽ മത്സരിക്കുമ്പോൾ സച്ചി തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ സജീവമായിരുന്നു. ആ തവണ മീനാക്ഷി ടീച്ചർ തോറ്റു പോയേക്കുമെന്നും ഉമേഷ് ചള്ളിയിൽ ജയിച്ചേക്കുമെന്നും സച്ചി പറഞ്ഞു. ആ തെരഞ്ഞെടുപ്പിൽ മീനാക്ഷി തമ്പാൻ പരാജയപ്പെട്ടു. കൊടുങ്ങല്ലൂർകാർ കാണിച്ചത് വലിയ അബദ്ധമാണെന്ന് സച്ചി പറഞ്ഞു.
സേതുവുമായി ചേർന്ന് സച്ചി - സേതു എന്ന പേരിൽ തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമയിലേക്ക് വന്നത്. തുടക്കക്കാരൻ്റെ പതർച്ചകൾ അതിലുണ്ടായില്ല. അവസാനത്തെ സിനിമയായ 'അയ്യപ്പനും കോശിയും' ആകുമ്പോഴേക്ക് സംവിധായകൻ എന്ന നിലയിൽ മലയാളത്തിൽ വലിയ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു സച്ചി. ഇനിയും എത്രയോ ഉയരങ്ങളിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി ആ യാത്ര അവസാനിച്ചത്. പ്രിയപ്പെട്ട സുഹൃത്തേ, അന്ത്യാഭിവാദനം !