National News

08 Dec 2018 11:40 AM IST

സുബോധ് കുമാർ സിങ് കൊല : ജവാൻ പിടിയിൽ

ബുലന്ദ്ഷെഹർ കലാപത്തിനിടെ ഇൻസ്‌പെക്ടർ സുബോധ്‌കുമാർ സിങിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ജവാനെ സൈന്യം കസ്റ്റഡിയിൽ എടുത്തു.

ബുലന്ദ്ഷെഹർ കലാപത്തിനിടെ ഇൻസ്‌പെക്ടർ സുബോധ്‌കുമാർ സിങിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ജവാനെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ജീതേന്ദ്ര മാലിക്(ജീത്തു ഫൗജി)എന്ന ജവാനെയാണ് ഇയാളുടെ യൂണിറ്റ് തന്നെ തടവിലാക്കിയത്. ജീതേന്ദ്രയെ ഉടൻ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറുമെന്നാണ് സൂചന.

 

ബുലന്ദ്ഷഹറിലെ കലാപത്തിനും ഇന്‍സ്പെക്ടര്‍ സുബോധിന്‍റെ മരണത്തിനും ശേഷംഅവിടെ നിന്നും കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് കാശ്മീരിലെ സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്. രാത്രി സോപോറിലെ യൂണിറ്റിലെത്തിയ ഇയാളെ ഉടന്‍ തടവിലാക്കുകയായിരുന്നു. യു.പി പൊലീസിന്‍റെ ആവശ്യപ്രകാരമാണ് നടപടി.

 

സുബോധിനു വെടിയേല്‍ക്കുന്ന സമയം, സമീപത്ത് ജീതേന്ദ്രയെപ്പോലുള്ള ഒരാളുണ്ടായിരുന്നതായി മൊബൈലിലെടുത്ത വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് പറയുന്നു. കൊലപാതകം നടന്ന അന്ന് വൈകുന്നേരം തന്നെ ഇയാള്‍ താന്‍ ജോലി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് തിരിച്ചുപോകുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. സുബോധ് കുമാറിനെ ജീതേന്ദ്രയാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടെന്ന് മീററ്റ് ഐ ജി രാംകുമാര്‍ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൊലപാതകത്തിൽ ഇയാളുടെ പങ്കിനെക്കുറിച്ച് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ ഡിസംബര്‍ 3നാണ് ഗ്രാമത്തിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്​​ പ്രതിഷേധക്കാർ പൊലീസ്​ സ്​റ്റേഷൻ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ്​ ഇൻസ്​പെക്​ടറെ അക്രമികൾ പിന്തുടർന്ന്​ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിൽ പങ്കാളിയെന്ന് പോലീസ് കരുതുന്ന ബജ്‌രംഗ്ദൾ നേതാവ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.