Kerala News

08 Nov 2018 13:10 PM IST

ശബരിമല സമരം : പിന്നോക്ക- ദളിത് വിഭാഗങ്ങൾ പിന്മാറുന്നു

എൻ.എസ്.എസ്സും തന്ത്രി കുടുംബവും പന്തളം കൊട്ടാരവുമാണ് സമരത്തിന്റെ മുഖ്യസൂത്രധാരർ എന്ന് വ്യക്തമായതോടെ പിന്നോക്ക- ദളിത് വിഭാഗങ്ങൾ ശബരിമല സമരത്തിൽനിന്ന് പിന്മാറുന്നു.

ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ അക്രമങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ശബരിമല സമരത്തിന് ജനപിന്തുണ ഇടിയുന്നു. സമരത്തിന് എൻ.എസ്.എസ് നേതൃത്വം നൽകുന്ന നിലയിലേക്കെത്തിയതോടെ സമരത്തിന്റെ ഭാഗമായിനിന്ന പിന്നോക്ക- ദളിത് വിഭാഗങ്ങളിൽപെട്ടവർ പിന്മാറുന്നതാണ് കാണാൻ കഴിയുന്നത്. പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എൻ.എസ്.എസ്സും ചേർന്ന് സവർണ മേധാവിത്വം നിലനിറുത്താൻവേണ്ടി നടത്തുന്ന അവസാനശ്രമമാണ് ശബരിമല സമരം എന്ന് ദളിത് ആക്ടിവിസ്റ്റുകളും സാമൂഹ്യപ്രവർത്തകരും ഇടതുപക്ഷവും നടത്തുന്ന പ്രചരണം ഫലം കണ്ടു തുടങ്ങിയതാണ് ശബരിമല സമരം ശുഷ്കമാകാനുള്ള പ്രധാന കാരണം. വിവിധ ദളിത് സംഘടനകളും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും തുടക്കം മുതൽതന്നെ സമരത്തിന് എതിരായിരുന്നു. മലയരയ സമുദായം ശബരിമലയിലെ അവകാശം സംബന്ധിച്ച് കേസിന് പോകുക കൂടി ചെയ്യുന്നതോടെ ഈ വിടവ് നികത്താൻ കഴിയാത്ത തരത്തിലേക്ക് വളർന്നുകഴിഞ്ഞു.

 

നാമജപഘോഷയാത്രകളും മറ്റും നടത്താൻ എൻ.എസ്.എസ് ആഹ്വാനമുണ്ടെങ്കിലും ശബരിമല സമരം പൊതുവിൽ അക്രമത്തിലേക്ക് തിരിയുകയും പോലീസ് കേസുകൾ വ്യാപകമാകുകയും ചെയ്തതോടെ നാമജപത്തിന് തെരുവിലിറങ്ങാൻ എൻ.എസ്.എസ്സിനും ആളെക്കിട്ടാൻ പ്രയാസമായി. ബി.ജെ.പിയുടെ സമരത്തിലും അനുഭാവികളെയോ സാധാരണ ജനങ്ങളെയോ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ആർ.എസ്.എസ് ശാഖകളിൽ പരിശീലനം ലഭിച്ചവരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണ് ഇപ്പോൾ സമരത്തിൽ സജീവമായിട്ടുള്ളത്. പൊതുവിൽ സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ള സ്വന്തം അണികളെ നിയന്ത്രിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ല. ശബരിമലയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളിൽ ഇത് വ്യക്തമായിരുന്നു. സ്ത്രീകളെ കാണുമ്പോൾ തന്നെ അക്രമാസക്തരാകുക, ഒരു പ്രകോപനവുമില്ലാതെ അക്രമങ്ങളിൽ ഏർപ്പെടുക, പ്രായ- ലിംഗ വ്യത്യാസം കണക്കിലെടുക്കാതെ അസഭ്യം പറയുക തുടങ്ങി ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുടെ ശീലങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള നേതൃത്വത്തിന് സമരത്തിന്റെ മുന്നോട്ടുള്ള പോക്കിൽ വലിയ ആശങ്കയുണ്ട്.

 

ശബരിമലയിൽ ആക്രമം അഴിച്ചുവിട്ട് വൻതോതിൽ പോലീസ് നടപടി ക്ഷണിച്ചുവരുത്താൻ കഴിയുമെന്നായിരുന്നു സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ പ്രതീക്ഷ. പോലീസ് അങ്ങേയറ്റത്തെ സംയമനം പാലിച്ചതോടെ ആ പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. ശ്രീധരൻപിള്ളയുടെ 'രഥ'യാത്രയുടെ ഭാഗമായും അക്രമങ്ങൾ സംഘടിപ്പിക്കാൻ ശ്രമമുണ്ടാകുമെങ്കിലും അത് വിജയിക്കാൻ പ്രയാസമാണെന്ന് സംഘപരിവാർ നേതൃത്വം തിരിക്കറിയുന്നുണ്ട്. സ്വന്തം അണികളെക്കൊണ്ട് നീണ്ട ഒരു സമരം മുമ്പോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് അറിയാവുന്ന സംഘപരിവാർ നേതൃത്വം വലിയ ഒരു പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിടുന്നത്. ബി.ജെ.പി നേതൃത്വത്തിനുള്ളിലെ രൂക്ഷമായ ഗ്രൂപ്പ് പോരും ശബരിമല സമരത്തിന്റെ മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. അക്രമം നടത്തിയത് യുവമോർച്ചക്കാരാണെന്ന് അവകാശപ്പെടുകയും ഇത് തങ്ങൾക്ക് വീണുകിട്ടിയ സുവർണ്ണാവസരമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ശ്രീധരൻപിള്ളയുടെ പ്രസംഗം മാധ്യമങ്ങളിലെത്തിച്ചത് പാർട്ടിയിലെ എതിരാളികളാണെന്ന വസ്തുത പാർട്ടി നേതൃത്വത്തെ ശരിക്കും ഭയപെടുത്തുന്നുണ്ട്.

 

ഔപചാരികമായി സംഘപരിവാറിന്റെ ഭാഗമല്ലാത്തെ രാഹുൽ ഈശ്വറും സംഘവും സാമൂഹ്യ മാധ്യമങ്ങളിലേക്ക് ഒതുങ്ങിയിട്ടുണ്ട്. സമരത്തിന്റെ സവർണ്ണ മേൽക്കോയ്മ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ ഒരു വഴിയും നേതൃത്വം കാണുന്നില്ല. ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് രംഗത്തുവന്ന ചില സ്ത്രീകൾ സവർണ്ണ വാദങ്ങൾ മുന്നോട്ടു വയ്ക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ ബി.ജെ.പിക്ക് തലവേദനയാവുകയാണ്. പിന്നോക്കക്കാരും ദളിതരും കയറേണ്ട എന്നാണ് ദൈവഹിതമെങ്കിൽ അവർ കയറേണ്ട എന്നതാണ് തന്റെ നിലപാടെന്ന്, ഇക്കൂട്ടത്തിൽ വലിയ വികാരം പ്രകടിപ്പിച്ചിരുന്ന ഒരു സ്ത്രീ അഭിപ്രായപ്പെട്ടത് സമരത്തിന്റെ ഭാഗമായി നിന്ന പിന്നോക്ക വിഭാഗങ്ങളിൽ വലിയ അമർഷത്തിന് കാരണമായി. സമരം മുന്നോട്ടു കൊണ്ട് പോകുന്നതിന്റെ പ്രായോഗിക വൈഷമ്യങ്ങൾ അറിയാത്ത ആ സ്ത്രീയെപ്പോലെ ഉള്ളവർ പൊതുപ്രശ്നങ്ങളിൽ ഇടപെട്ട് ശീലമുള്ളവരല്ല. ശബരിമല സമരത്തിന്റെ ശരിക്കുള്ള സാമൂഹ്യസ്വഭാവത്തെ പ്രതിനിധീകരിക്കുന്നത് അതുപോലെയുള്ള സ്ത്രീകളാണ്. അവർ 'നിഷ്ക്കളങ്കമായി' നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ തിരുത്താനോ നിഷേധിക്കാനോ സംഘപരിവാർ നേതൃത്വത്തിന് കഴിയുന്നില്ല. സമരത്തിന്റെ അണികളിൽനിന്ന് പിന്നോക്ക ദളിത് വിഭാഗങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്നത് നിസ്സഹായരായി നോക്കിനിൽക്കുകയാണ് അവർ. 'രഥ'ത്തിന്റെ മുമ്പിൽ തുഷാർ വെള്ളാപ്പള്ളിയെ പിടിച്ചിരുത്തിയതുകൊണ്ട് ഈ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയില്ലെന്ന് അവർക്ക് നന്നായി അറിയാം.