Film

04 Jun 2020 22:00 PM IST

ചലച്ചിത്ര സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബസു ചാറ്റർജി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബസു ചാറ്റർജി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് മുംബൈ സാന്താക്രൂസ് ക്രിമറ്റോറിയത്തിൽ സംസ്കാരം നടക്കും. ഭാര്യ ജീവിച്ചിരിപ്പില്ല. ചലച്ചിത്ര സംവിധായിക രുപാലി ഗുഹ ഉൾപ്പെടെ രണ്ടു മക്കൾ.

 

1970 കളിൽ കലാമൂല്യമുള്ളതും ബേക്സോഫീസിൽ പരാജയപ്പെടാത്തതുമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ ബസു ചാറ്റർജി ആർ.കെ കരഞ്ജിയ നടത്തിയിരുന്ന പ്രസിദ്ധമായ ബ്ലിറ്റ്സ് വരികയുടെ ചിത്രകാരനും കാർട്ടൂണിസ്റ്റും എന്ന നിലയിലാണ് കലാജീവിതം ആരംഭിച്ചത്. ബസു ഭട്ടാചാര്യയുടെ തീസരി കസം എന്ന സിനിമയിൽ സംവിധാന സഹായിയായി ചലച്ചിത്ര രംഗത്തെത്തി. 1969ൽ പുറത്തിറങ്ങിയ 'സാരാ ആകാശ് ' ആണ് ബസു ചാറ്റർജി സംവിധാനം ചെയ്ത ആദ്യ ചിത്രം.

 

രജനീഗന്ധ, ചോട്ടീ സി ബാത്, ചിത് ചോർ, സ്വാമി, ജീനാ യഹാം തുടങ്ങി ബസു ചാറ്റർജിയുടെ നിരവധി ചിത്രങ്ങൾ വൻ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടി. നിരവധി ബംഗാളി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

 

1980കളിൽ വൻ ജനപ്രീതി നേടിയ രജനി എന്ന പരമ്പര ദൂരദർശനു വേണ്ടി സംവിധാനം ചെയ്തത് ബസു ചാറ്റർജിയായിരുന്നു