15 Jul 2020 21:45 PM IST
ചെറുപ്പത്തിലേ കണ്ടെത്തുക എന്നത് സ്വയം സേവകന്മാര്‍ ഫലപ്രദമായി നടപ്പാക്കി വരുന്ന ഒരു സംഘടനാ രീതിയാണ്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള കുട്ടികളെ വശീകരിച്ച് ശാഖകളില്‍ കൊണ്ടുവന്നു ഹിന്ദു വര്‍ഗ്ഗീയതയുടെ വിഷം കുത്തി വച്ചു വളര്‍ത്തുക എന്നതാണ് അവരുടെ പ്രഖ്യാപിത സംഘടനാ ശൈലി. ഇതേ ശൈലിയാണ് ആ കളരിയില്‍ പരിശീലനം സിദ്ധിച്ച മോദി, അമിത് ഷാ, രാജ് നാഥ്സിംഗ്, രമേശ് പൊഖ്രിയാല്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ മന്ത്രിമാരെല്ലാം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രണ്ടാമതും ഭരണം കിട്ടിയതോടെ തങ്ങള്‍ അപ്രമാദികളും വിമര്‍ശനാതീതരും ആണെന്ന അഹങ്കാരം വല്ലാതെ തലയ്ക്കു പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരാന്‍ ശ്രമിച്ചത് അതുകൊണ്ടാണ്. അത് നടപ്പിലാകില്ലെന്നു കണ്ടപ്പോള്‍ ഭരണഘടനയുടെ മതേതര സ്വഭാവമെങ്കിലും നശിപ്പിക്കണമെന്ന വാശിയിലാണ് അവര്‍. ആധുനികവും കാലഘട്ടത്തിനു യോജിച്ചതുമായ വിദ്യാഭ്യാസം പുതിയ തലമുറയ്ക്ക് ലഭിക്കാതിരിക്കണമെന്നും ബിജെപി സര്‍ക്കാരിനു നിര്‍ബ്ബന്ധമുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനെന്ന വ്യാജേന, സിബിഎസ്ഇ സിലബസില്‍ നിന്നും പല ഭാഗങ്ങളും വെട്ടി മാറ്റിയത് അതുകൊണ്ടാണ്.
ഒമ്പത് മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ വിവിധ വിഷയങ്ങളിലാണ് ഈ നീക്കം ചെയ്യല്‍ പദ്ധതി നടപ്പാക്കിയത്. ഇന്ത്യന്‍ ദേശീയതയുടെ ഉത്ഭവവും മതേതര വീക്ഷണവും പൌരത്വ സങ്കല്പവും ഉള്‍പ്പെടുന്ന പതിനൊന്നാം ക്ലാസിലെ പാഠഭാഗങ്ങള്‍ക്കു മേല്‍കത്തി വച്ചു. ഫെഡറിലിസത്തെകുറിച്ച് വിശദീകരിക്കുന്ന ഭാഗവും പുരോഗമന മുന്നേറ്റ ചരിത്രവും ഒഴിവാക്കിയിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രവും ദേശീയതയുടെ ആവിര്‍ഭാവവും വളര്‍ച്ചയും കുട്ടികളുടെ ചരിത്ര ബോധത്തില്‍ വരേണ്ടാ എന്ന് തീരുമാനിച്ചത് ബിജെപി സര്‍ക്കാരിനു സ്വാതന്ത്ര്യ സമരത്തിലും ദേശീയതയിലും വിശ്വാസമില്ലാത്തതുകൊണ്ടാണ്. അവര്‍ക്ക് അതില്‍ പങ്കില്ലാത്തതിനാലാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിച്ച ഒരു നേതാവിനെ മരുന്നിനു പോലും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തതുകൊണ്ടാണ്. കൊറോണ കാലമായതുകൊണ്ട് നിലവിലുള്ള സിലബസ് പഠിച്ചു തീരാന്‍ പ്രയാസമായതിനാൽ സിലബസ് ചുരുക്കുന്നു എന്നു പറഞ്ഞാണ് ഈ ദേശവിരുദ്ധ നിലപാടിനെ ഭരണാധികാരികള്‍ ന്യായീകരിക്കുന്നത്.
പത്താം ക്ലാസ്സിലെ സാമൂഹികശാസ്ത്ര പുസ്തകത്തില്‍ നിന്ന് ജനാധിപത്യപാഠങ്ങള്‍ ഒന്നാകെ വിച്ഛേദിച്ചിരിക്കയാണ്. മതങ്ങള്‍, ജാതിവ്യവസ്ഥ, രാഷ്ട്രീയ മുന്നേറ്റ ചരിത്രം, സ്ത്രീപരുഷ സമത്വം, സാമൂഹിക വൈജാത്യങ്ങള്‍ തുടങ്ങിയ ഭാഗങ്ങളും എടുത്തു കളഞ്ഞിരിക്കുന്നു. ഒമ്പതാം ക്ലാസിലെ സിലബസില്‍ നിന്ന് ജനാധിപത്യാവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയും എന്ന ഭാഗവും നീക്കം ചെയ്തു. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന്, സമകാലിക ലോകത്തെ സുരക്ഷ, പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും എന്നീ പാഠങ്ങളും അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വിവരിക്കുന്ന ഭാഗവും എടുത്തു കളഞ്ഞിരിക്കുന്നു.
പാഠഭാഗങ്ങള്‍ ഒഴിവാക്കാൻ ബോഡ് സ്വമേധയാ തീരുമാനിച്ചതല്ലെന്ന് നീക്കം ചെയ്ത പാഠഭാഗങ്ങള്‍ പരിശോധിച്ചാലറിയാം . ഭരണക്കാരുടെ മുമ്പില്‍ നട്ടെല്ല് വളച്ചും ഓച്ഛാനിച്ചും നിന്നു ശീലമുള്ള അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം അതേപടി അനുസരിക്കുകയായിരുന്നു. അധികാരത്തില്‍ ഇരുന്നുകൊണ്ട് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമേ ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് കുട്ടികള്‍ പഠിക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ കഴിയൂ. നോട്ടു നിരോധനത്തിലെ പോലെ വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളിലും പരമ പരാജയമായി തീര്‍ന്നതിലെ ജാള്യം മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭരണ കൂടം മാത്രമേ നമ്മുടെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടെന്നു ശാഠ്യം പിടിക്കൂ. പൌരത്വം, മതേതരത്വം തുടങ്ങിയവയും വിദ്യാര്‍ത്ഥികള്‍ അറിയുന്നത് അപകടമാണെന്ന് ഭയപ്പെടുന്നതും മോദി, ഷാമാരുള്‍പ്പെടുന്ന ഭരണകൂടമാണെന്നതും വ്യക്തമാണ്. പൌരത്വ ഭേദഗതി നിയമം പാസാക്കി ഇന്ത്യയുടെ തെരുവുകളെ കലാപ ഭൂമിയാക്കിയവര്‍ക്ക് പുതു തലമുറ പൌരത്വത്തെ കുറിച്ചു അറിയുന്നത് ഇഷ്ടമുള്ള കാര്യമല്ലല്ലോ. ജനാധിപത്യ രീതിയില്‍ ഭരണത്തില്‍ കയറിയിട്ട് ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നവര്‍, കുട്ടികള്‍ ജനാ ധിപത്യത്തെ കുറിച്ച് പഠിക്കുനത് തടയാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. മാത്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ ഈ പാഠഭാഗങ്ങള്‍ നീക്കം ചെയ്തതിനെ ന്യായീകരിച്ചു രംഗത്തെത്തിയതില്‍ നിന്നും ആരുടെ കരങ്ങളാണ് സിലബസ് ഛേദിക്കലിനു പിന്നിലെന്ന് വ്യക്തമാണ്.
സെക്കന്ററി വിദ്യാഭ്യാസത്തിന്റെ കരിക്കുലത്തില്‍ നിന്നും ജനാധിപത്യ, മതേതരത്വ, ഭരണഘടനാദി വിഷയങ്ങള്‍ വെട്ടിമാറ്റി വര്‍ഗ്ഗീയതയുടെ വിത്ത് മുളപ്പിച്ച് വളര്‍ത്താമെന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണ്. ആരൊക്കെ കണ്ണു മൂടിക്കെട്ടിയാലും സ്വാതന്ത്ര്യത്തിൻ്റെ വെളിച്ചത്തിലേക്ക് കണ്ണു തുറക്കാൻ പുതിയ തലമുറയ്ക്കു കഴിയും.