25 Jul 2020 00:15 AM IST
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പണം തിരിമറിയും വിശ്വാസ വഞ്ചനയും നടത്തിയതായി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കൊല്ലം എസ്.എൻ കോളേജ് കനക ജൂബിലി ആലോഷങ്ങൾക്കു വേണ്ടി പിരിച്ച 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്ന കേസിലാണ് ക്രൈംബ്രാഞ്ച് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
എസ്.എൻ കോളേജ് കനക ജൂബിലി ആഘോഷങ്ങൾക്കു വേണ്ടി പിരിച്ച പണം തിരിമറി നടത്തി എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത് 2004 ലാണ്. കേസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കാട്ടി പരാതിക്കാരനായ സുരേന്ദ്ര ബാബു ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ്.എൻ.ഡി.പി യോഗത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനറൽ സെക്രട്ടറിക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്.