National News

08 Nov 2018 16:50 PM IST

പ്രതിപക്ഷ വിശാല ഐക്യം : കോൺഗ്രസിന് തന്നെ നേതൃത്വം

പ്രതിപക്ഷപ്പാർട്ടികളുടെ വിശാല സഖ്യത്തിന്റെ നേതൃത്വം കോൺഗ്രസിന് തന്നെ.

പ്രതിപക്ഷപ്പാർട്ടികളുടെ വിശാല സഖ്യത്തിന്റെ നേതൃത്വം കോൺഗ്രസിന് തന്നെ. കർണാടകയിൽ ലോക്സഭയിലേക്കും നിയമസഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്- ജെ.ഡി (എസ്) സഖ്യം മികച്ച വിജയം നേടിയതിനുശേഷം പ്രതിപക്ഷ നേതാക്കൾ തമ്മിൽ നടന്ന ചർച്ചകളിൽ ഇക്കാര്യത്തിൽ ധാരണ ഉരുത്തിരിഞ്ഞു. കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാകാതിരുന്ന മായാവതിയും കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാൻ തുടക്കത്തിൽ വിസമ്മതിച്ച മമതാ ബാനർജിയും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് സഖ്യചർച്ചകൾ സജീവമായത്.

 

ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.പിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ജെ.ഡി (എസ്) നേതാവ് ദേവഗൗഡയാണ് ചർച്ചകൾക്ക് ഇപ്പോൾ മുൻകയ്യെടുക്കുന്നത്. ദേവഗൗഡ മായാവതിയുമായും മകനും കർണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമി അഖിലേഷ് യാദവുമായും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡൽഹിയിലെത്തി രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി നേതാക്കളുമായി ചർച്ച നടത്തിയതിനു പുറകേ ദേവഗൗഡയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ കൂടിയായതോടെ പ്രതിപക്ഷ ഐക്യനീക്കങ്ങൾ ചൂട് പിടിച്ചു.

 

കോൺഗ്രസിന്റെ നേതൃത്വം പൂർണ്ണമായി അംഗീകരിച്ച ലാലുപ്രസാദ് യാദവ്, ബീഹാറിൽ സീറ്റുവിഭജന ചർച്ചകളിലേക്ക് ഉടൻതന്നെ കടക്കും. അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ സംസ്ഥാന തലത്തിലുള്ള സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാമെന്നാണ് ധാരണ. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയും തമ്മിൽ സീറ്റ് വിഭജനം പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കുന്നത് ആദ്യമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി വിരുദ്ധതരംഗം ഉണ്ടാകുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷ