Health

25 Mar 2020 06:30 AM IST

Dr Seena Devaki

സ്ഥിതി ഗുരുതരം ; പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കരുത്

കോവിഡ് 19 എന്ന മഹാമാരി വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് ഡോ.സീന ദേവകി. ചികിത്സിക്കാനുള്ള അവകാശം ഡോക്ടർമാർക്ക് വിട്ടുകൊടുത്ത് അവരുടെ വാക്കുകൾ അനുസരിക്കാൻ എല്ലാവരും തയ്യാറാകണമെന് ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവ്വീസിൽ പ്രവർത്തിക്കുന്ന ഡോ.സീന ഓർമ്മിപ്പിക്കുന്നു.

എന്റെ പേര്‌ സീന. ഇംഗ്ലണ്ടിൽ എൻ.എച്ച്.എസ്സിൽ ഒരു സൈക്ക്യാട്രിക് ഡോക്ടറായി ജോലി ചെയ്യുന്നു. ആദ്യം തന്നെ ഒരു ഡിസ്ക്ലെയ്മർ ഇടട്ടെ- കോവിഡ്-19ന്റെ കാര്യത്തിൽ ഞാനൊരു വിദഗ്ധയൊന്നുമല്ല. എങ്കിൽ കൂടി ഒരു മെഡിക്കൽ സിസ്റ്റത്തിൽ ചേർന്നു പ്രവർത്തിക്കുന്ന ഒരു ഡോക്ടർ എന്ന നിലയിലും ഒരു മഹാമാരിയുടെ പിടിയിൽപെട്ട ഒരു സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിലും ചില കാര്യങ്ങൾ ആധികാരികമായി എനിക്കു പറയാമെന്നു തോന്നുന്നു.

 

-കോവിഡ്-19ന്റെ കാര്യത്തിൽ ഒരു വിദഗ്ധാഭിപ്രായം പറയാനില്ലാത്ത ഒരാളെയും ഇപ്പോൾ കാണാനില്ല. ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ലാതെ അഭിപ്രായങ്ങൾ തട്ടിവിടുന്നവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌ സോഷ്യൽ മീഡിയ. അസംബന്ധവിവരങ്ങൾ അനേകം കറങ്ങിനടപ്പുണ്ടെന്നതിനാൽ ഏതു വിശ്വസിക്കണമെന്നതിൽ നല്ല ജാഗ്രത കാണിക്കുക. തന്നെയുമല്ല, ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ മിനുട്ടു വച്ചാണ്‌ മാറുന്നതും. രോഗപഠനവും അതിനെക്കുറിച്ച് അഭിപ്രായം പറയലും ഡോക്ടർമാർക്കും ശാസ്ത്രജ്ഞന്മാർക്കും വിട്ടുകൊടുക്കുക; തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം നോക്കുക എന്ന റോൾ പൊതുജനവും ഏറ്റെടുക്കുക.

 

-പ്രായമായവരെയാണ്‌ എളുപ്പത്തിൽ രോഗം ബാധിക്കുക. എന്നുവച്ച് പ്രായം കുറഞ്ഞവർക്കു പേടിക്കാനൊന്നുമില്ല എന്നർത്ഥമാക്കേണ്ട. വൈറസിന്‌ അങ്ങനെയൊരു വിവേചനമൊന്നുമില്ല. ചെറുപ്പക്കാർ രോഗലക്ഷണമൊന്നും കാണിക്കാതെതന്നെ അതിന്റെ വാഹകരാവുകയും രോഗം പരത്തുകയും ചെയ്യാം. പ്രകടമായ രോഗലക്ഷണങ്ങൾ കാണിക്കാത്ത ഒരാൾ കോവിഡ് പോസിറ്റീവ് ആയെന്നു വരാം. രോഗലക്ഷണങ്ങൾ തുടങ്ങും മുമ്പുതന്നെ വൈറസ് ഒഴിഞ്ഞുപോയെന്നും ലക്ഷണങ്ങളില്ലാതെതന്നെ ഒരാൾ രോഗം പരത്തി എന്നും വരാം. ആർക്കും രോഗം പിടിക്കാം, ആർക്കും അതു പരത്തുകയും ചെയ്യാം.

 

-കോവിഡ്-19 ന്റെ ലക്ഷണങ്ങൾ കണ്ടാൽ ട്രംപല്ല, ആരു പറഞ്ഞാലും സ്വയം ചികിത്സിക്കാൻ പോകരുത്. അത് നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്കു വിട്ടുകൊടുക്കുക. ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചില മരുന്നുകൾ ആശാവഹമായ ഫലങ്ങൾ തരുന്നുമുണ്ട്. നമ്മൾ സാമൂഹികമായ അകലം പാലിച്ചും വ്യക്തിശുചിത്വം ഉറപ്പാക്കിയും നമ്മുടെ കടമ ചെയ്യുക.

 

-ഉപ്പുവെള്ളം കവിൾ കൊള്ളുന്നതു നല്ലതാണെന്ന ചില മെസ്സേജുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനു തെളിവൊന്നുമില്ല. പിന്നെ, അങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ചൊരു ദൂഷ്യം വരാനുമില്ല.

 

-കൊറോണ വൈറസ് droplets വഴിയാണ്‌ പകരുന്നതെന്നറിയാമല്ലോ. എന്നാൽ മലത്തിലൂടെയും അതു പകരാം. അതിനാൽ കൈകൾ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയണം.

 

-കട്ടിയുള്ള പ്രതലത്തിൽ 72 മണിക്കൂർ വരെ വൈറസ് അതിജീവിക്കും. അതുകൊണ്ട് ചുറ്റുപാടു കൂടി സാനിറ്റൈസ് ചെയ്യാൻ മറക്കരുത്.

 

-ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ ഉള്ളതിലും കുറച്ചു കാണിക്കുന്നവയാണ്‌. എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നില്ലല്ലോ. എല്ലാവരെയും ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ നമുക്കില്ല. ഇത്ര പേർ പോസിറ്റീവ് ആണ്‌ എന്നു പറയുമ്പോൾ ടെസ്റ്റ് ചെയ്യാത്തവരും അതിനാൽ ഏതിൽ പെടുമെന്നു നിശ്ചയിക്കാനാവാത്തതുമായ എത്രയോ പേർ വേറേയുണ്ട് എന്നുകൂടിയാണ്‌ മനസ്സിലാക്കേണ്ടത്.

 

-ചിക്കൻ പോക്സ് പോലുള്ള ഒരു വൈറസ് രോഗം ഒരിക്കൽ വന്നുകഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ നമുക്കതിനെതിരെ പ്രതിരോധശേഷി കിട്ടും എന്നു നമുക്കറിയാം; എന്നാൽ കോവിഡ്-19ന്റെ കാര്യത്തിൽ അങ്ങനെയൊരു തീർച്ച നമുക്കു കിട്ടിയിട്ടില്ല.

 

-യു.കെയിൽ വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഉണ്ടാകുമെന്നാണ്‌ പ്രവചനം. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന കേസുകൾ ഇപ്പോഴത്തെ മെഡിക്കൽ സൗകര്യങ്ങളുടെ എത്രയോ ഇരട്ടി ആയിരിക്കുമെന്ന് ഒരു റിപ്പോർട്ട് കണ്ടു. വളരെ വേഗം പകരുന്ന രോഗമായതിനാൽ സോഷ്യൽ ഐസൊലേഷൻ, സോഷ്യൽ ഡിസ്റ്റൻസിങ്ങ്, വ്യക്തിശുചിത്വം എന്നിവയിലൂടെ ഇപ്പോഴത്തെ നിരക്കിൽ നിന്ന് ഉയരാതെ നോക്കുക എന്നതേ ചെയ്യാനുള്ളു.

 

-മരണസംഖ്യയിലും സാമ്പത്തികാഘാതത്തിലും മെഡിക്കൽ സിസ്റ്റത്തിനു മേലുള്ള സമ്മർദ്ദത്തിന്റെ കാര്യത്തിലും ഇത്രയും ഭീതിദമായ ഒരു മഹാമാരി എന്റെ അനുഭവത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

 

-ചൈനയിലെ ഏതോ ലാബിൽ വച്ചു സൃഷ്ടിച്ചതാണ്‌ ഈ വൈറസ് എന്ന ചില ഗൂഢാലോചനാസിദ്ധാന്തക്കാരെ വിശ്വസിക്കാൻ ഞാനില്ല. ചൈനക്കാരെ ഊരു വിലക്കണമെന്നു വാശി പിടിക്കുന്നവർക്കൊപ്പവും ഞാനില്ല. എന്നാൽ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അല്പം കൂടി നേരത്തേ അവർ നമുക്കു വിവരം തരേണ്ടതായിരുന്നു എന്നെനിക്കു തോന്നുന്നു. അതിനി ഈ വൈറസ് ഇത്ര മാരകമാണെന്ന് അവർക്കാദ്യം അറിവുണ്ടായിരുന്നില്ല എന്നതുകൊണ്ടാവാം. അല്ലെങ്കിൽ തങ്ങൾക്കതിനെ നിലയ്ക്കു നിർത്താമെന്ന് കാര്യങ്ങൾ കൈവിട്ടുപോകുന്നതുവരെ അവർ വിശ്വസിച്ചിരുന്നതുകൊണ്ടുമാവാം. അങ്ങനെയെങ്കിൽ സംശയത്തിന്റെ ഒരാനുകൂല്യം അവർക്കു നല്കാം.

 

-സ്ഥിതി എത്ര ഗൗരവമുള്ളതാണെന്ന് ഇനിയും മനസ്സിലാവാത്തവരോടായി പറയട്ടെ, ഈ ഭീഷണി യഥാർത്ഥമാണ്‌. (കൊറോണ തകർത്ത യൂറോപ്യൻ വികസിതരാഷ്ട്രത്തിന്‌ ഒരുദാഹരണമാണ്‌ ഇറ്റലി. മരണസംഖ്യയിൽ അത് ചൈനയെ കടത്തിവെട്ടിക്കഴിഞ്ഞു, രോഗബാധയുടെ കേന്ദ്രബിന്ദുവും ഇപ്പോൾ അതാണ്‌.)

 

-സ്വന്തം ജീവൻ അപകടത്തിൽ പെടുത്തിയും അന്യജീവൻ രക്ഷിക്കാൻ പാടുപെടുന്ന ഡോക്ടർമാരെയും നഴ്സുമാരെയും നാം ആദരവോടെ ഓർക്കുക.

 

-രോഗബാധിതരോട് നാം സഹാനുഭൂതിയോടെയും ദയവോടെയും പെരുമാറുക. കോവിഡ്-19 ബാധിച്ചവരുടെ ബന്ധുക്കളോട് സമൂഹം എങ്ങനെയാണു പെരുമാറുന്നതെന്ന് ഞാൻ സ്വന്തം കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്.

 

-ഇത് പെട്ടെന്നവസാനിക്കാൻ പോകുന്ന ഒരവസ്ഥയല്ല; ഈ മഹാമാരിക്കു മുമ്പുള്ള ചിട്ടകളിലേക്ക് ജീവിതം അടുത്തെങ്ങും മടങ്ങിപ്പോകുമെന്നുള്ള വിശ്വാസം എനിക്കില്ല.

 

-ആവശ്യം വരുന്ന ഏതു ഡിപ്പാർട്ട്മെന്റിലും എന്നെ നിയോഗിക്കാൻ ഹോസ്പിറ്റൽ അധികാർകൾക്ക് ഞാനെന്റെ സമ്മതം കൊടുത്തിട്ടുണ്ട്. ഇത്രയും കാലം സൈക്ക്യാട്രിസ്റ്റ് ആയിരുന്ന സ്ഥിതിയ്ക്ക് ഇന്റെൻസീവ് കെയറിലെ എന്റെ സ്കില്ലൊക്കെ ഇപ്പോൾ തുരുമ്പെടുത്തിട്ടുണ്ടാവും. എന്നാലും എന്നെ ഐ.സി.യുവിലാണ്‌ നിയോഗിക്കുന്നതെങ്കിൽ സീരിയസായ രോഗികളെയും മരണാസന്നരെയും പരിചരിക്കാനുള്ള ഒരു പ്രിവിലെജായി ഞാൻ അതേറ്റെടുക്കും. ഞാൻ സ്വയമൊരു കൊറോണ രക്തസാക്ഷിയായി ചിത്രീകരിക്കുകയല്ല, ഇഷ്ടത്തോടെ ഞാനതു ചെയ്യും എന്നു പറയുകയായിരുന്നു. ഇതിനു തയാറല്ലെങ്കിൽ ഞാൻ ഡോക്ടറാകരുതായയിരുന്നു. എല്ലാവരും സുരക്ഷിതരായിട്ടിരിക്കൂ.  


Dr Seena Devaki