Health

14 May 2020 19:30 PM IST

VP Prabhas

കോവിഡും വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും നമ്മുടെ ആദിവാസികളും

ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനു മുമ്പ് യു.എസ് പ്രതിരോധ വകുപ്പിൻ്റെ ധനസഹായത്തോടെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി നാഗാലാൻഡിലെ ആദിവാസികൾക്കിടയിൽ നടത്തിയ പഠനം ദുരൂഹതകൾ നിറഞ്ഞതാണ്. യുഎസ് സഹായത്തോടെ ചൈന നടത്തിയ പരീക്ഷണങ്ങളിലെ നിഗൂഢതകളെക്കുറിച്ച് വി.പി പ്രഭാസ് എഴുതുന്നു.

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ 2019 ഡിസംബറിൽ കോവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട വാർത്തയോടൊപ്പം വൈറസിന്റെ ഉറവിടത്തെപ്പറ്റി പല തരത്തിലുള്ള അഭ്യൂഹങ്ങളും പൊന്തിവന്നിരുന്നു. രോഗം നിയന്ത്രണാതീതമായി രാജ്യാതിർത്തികൾ കടന്നു പടർന്നുപിടിച്ചപ്പോൾ പരീക്ഷണശാലയിൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ജൈവായുധമാണോ ഇതെന്ന സംശയവും വ്യാപകമാകാൻ തുടങ്ങി. ഏതെങ്കിലും പരീക്ഷണശാലയിൽ നിന്നും അബദ്ധത്തിൽ വെളിയിൽ വന്നതോ കരുതിക്കൂട്ടി പുറത്തുവിട്ടതോ ആകാമെന്നും വാദങ്ങൾ ഉണ്ടായി.

 

ചൈനയിലെ ഒരു വൈറോളജി ലാബിലേക്ക് വിരൽചൂണ്ടുന്ന ധാരാളം സംഗതികൾ ഉണ്ടെങ്കിലും മനപൂർവം വൈറസിനെ പുറത്തുവിട്ടതാണ് എന്ന് ഉറപ്പിച്ചു പറയാവുന്ന തെളിവുകൾ തങ്ങളുടെ പക്കൽ ഇല്ല എന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ആഭ്യന്തരസെക്രട്ടറി മൈക് പോംപയോയും പറയുന്നത്.

 

കരുതിക്കൂട്ടി ചെയ്തതായി കുറ്റപ്പെടുത്താൻ തയ്യാറാകാത്തപ്പോഴും ചൈന ഇപ്പോഴും സ്വീകരിച്ചുവരുന്ന സുതാര്യമല്ലാത്ത സമീപനങ്ങളിൽ അമേരിക്കൻ ഭരണകൂടം കൂടക്കൂടെ അമർഷം പ്രകടിപ്പിക്കുന്നുമുണ്ട്. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാനുള്ള തന്ത്രം മാത്രമായി ട്രംപിൻറെ ആരോപണങ്ങളെ ചൈനീസ് നേതൃത്വം തള്ളിക്കളയുന്നു.

 

ഇത്തരത്തിലുള്ള അമേരിക്ക- ചൈന വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് യഥാർത്ഥ വസ്തുതകൾ മൂടി വയ്ക്കാനുള്ള ശ്രമമാണോ രണ്ടുകൂട്ടരും ചേർന്ന് നടത്തുന്നതെന്നാണ്‌ ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നത്.

 

കോവിഡ് 19ന് കാരണമായ (SARS-CoV-2) വൈറസിനെ പരീക്ഷണശാലയിൽ രൂപപ്പെടുത്തിയതാകാനുള്ള സാധ്യതകൾ ശക്തമായി നിലനില്ക്കുന്നു. ഇത്തരത്തിൽ കൃത്രിമ വൈറസിനെ സൃഷ്ടിച്ചിട്ടുണ്ടാകാമെങ്കിൽ ഇന്ത്യയിൽ ഒരു പ്രത്യേക ആദിവാസി വിഭാഗത്തിനിടയിൽ നടത്തിയ പരീക്ഷണങ്ങൾ അതിന് സഹായിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടി വരും. വിവാദ കേന്ദ്രമായ ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും മറ്റു വിദേശ ഗവേഷണ കേന്ദ്രങ്ങളും കൂട്ടായി നടത്തിയ പരീക്ഷണങ്ങളിൽ നമ്മുടെ രാജ്യത്തെ ചില ശാസ്ത്ര സ്ഥാപനങ്ങളും പങ്കാളികളായിട്ടുണ്ട്. നിയമപരമായ അനുമതിയില്ലാതെ ഇത്തരം പഠനങ്ങൾ ഇവിടെ നടത്താൻ കഴിയുന്നുവെന്നത് നമ്മുടെ രാജ്യത്തെ ഗവേഷണസ്ഥാപനങ്ങളുടെ വിശ്വാസ്യതയിലേക്ക് കൂടിയാണ് വിരൽചൂണ്ടുന്നത്.

 

ജന്തു ജീവികളിൽ നിന്നും മനുഷ്യനിലേക്കുള്ള രോഗാണുക്കളുടെ വ്യാപനത്തെ പറ്റി പഠിച്ച ഈ പ്രോജക്റ്റിന് ഫണ്ട് ചെലവഴിച്ചിരിക്കുന്നത് അമേരിക്കൻ പ്രതിരോധ വകുപ്പ് ആണെന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. വ്യക്തമായ എന്തെങ്കിലും സ്ഥാപിത താൽപര്യത്തിന്റെ പേരിലല്ലാതെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് മുൻകൈയിൽ ഇന്ത്യൻ ആദിവാസി ഗോത്രത്തിനിടയിൽ നടത്തിയ ഒരു പഠനത്തിന് അമേരിക്കൻ പ്രതിരോധ വകുപ്പ് സാമ്പത്തിക സഹായം നൽകുമെന്ന് കരുതാനാകില്ല.

 

ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയേയും അവിടുത്തെ മുൻനിര ശാസ്ത്രജ്ഞ ഷെങ്ലി ഷി യേയും ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതകളേറെയാണ്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് ഷി ഏറെക്കാലമായി വൈറസുകളെക്കുറിച്ച് പഠനം നടത്തുന്നു. 2003ൽ SARS രോഗം പരത്താൻ കാരണക്കാരായ വവ്വാലുകളുടെ ഉറവിടം ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഒരു ഗുഹയിലാണെന്ന് കണ്ടെത്തിയത് ഷിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ആയിരുന്നു. അതിനു ശേഷം നിരവധി വർഷങ്ങൾ നീണ്ട പഠനത്തിലൂടെ ഇവർ മുന്നൂറോളം സാർസ് കൊറോണ വൈറസുകളുടെ ജനിതക ഘടന തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈറസുകളുടെ പരിണാമം നിരീക്ഷിച്ചു വരികയാണെന്നും ശാസ്ത്ര പ്രസിദ്ധീകരണമായ ‘നേച്ചർ’(i) 2017ൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ ഈ പഠനങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗവേഷക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം വൈറസുകളുടെ സ്പൈക് പ്രോട്ടീൻ മനുഷ്യൻറെ ശ്വാസകോശങ്ങളിൽ എങ്ങനെ കടന്നുകൂടുന്നുവെന്ന് ഷി വിശദമായി പഠിച്ചിട്ടുണ്ട്. അവയുടെ കൃത്രിമമായ മാതൃകകൾ അവർ തീർച്ചയായും പരീക്ഷിച്ചിട്ടുമുണ്ടാകും.

 

ഇതേ ഷി തന്നെയാണ് നമ്മുടെ നാഗാലാൻഡിൽ ഒരു പ്രത്യേക ആദിവാസി ഗോത്രസമൂഹത്തിൽ പഠന പരീക്ഷണങ്ങളിൽ ഏർപ്പെട്ടത്. മിയാന്മാറിനോട് തൊട്ടുചേർന്നുകിടക്കുന്ന ചൈനീസ് പ്രവിശ്യയാണ് സാർസിന്റെ ഉറവിടമായ യുനാൻ. വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡ് മിയാന്മാറുമായി അതിർത്തി പങ്കിടുന്നുണ്ട്. നാഗാലാൻഡിലെ കിഫിരെ (Kiphire)ജില്ലയിലുള്ള മിമി ഗ്രാമത്തിലെ ആദിവാസികളെയാണ് പഠന വിധേയമാക്കിയത്.

 

നൂറ്റാണ്ടുകളായി വവ്വാലുകളുമായി ഇടപഴകി ജീവിക്കുന്നവരാണ് നാഗാലാൻഡിലെ Longpfurrii Yimchungii ഗോത്രത്തിൽ പെട്ട Bomrr വിഭാഗക്കാർ. ഇവരുടെ നിയന്ത്രണത്തിലുള്ള Lapkhun ഗുഹയിൽ എല്ലാ ഒക്ടോബർ മാസത്തിലും വവ്വാലുകളെ കൂട്ടത്തോടെ വേട്ടയാടിപ്പിടിക്കുന്ന ആഘോഷം നടക്കാറുണ്ട്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ വിളവെടുപ്പ് ഉത്സവത്തിൽ അടുത്ത ഒരു വർഷത്തേക്ക് ഭക്ഷണത്തിനും മരുന്നിനും ആവശ്യമായ ഇറച്ചി സംഭരിച്ചുവയ്ക്കുന്നു. പരമ്പരാഗതമായി കാർഷിക വൃത്തിയിൽ ഏർപ്പെട്ടുവരുന്ന ഈ ഗോത്ര സമൂഹം വവ്വാലിന്റെ മാംസത്തിന് ഔഷധമൂല്യം ഏറെ ഉള്ളതായി വിശ്വസിക്കുന്നു.

 

ഇറച്ചിക്കും മരുന്നിനുമായി വവ്വാലുകളെ വേട്ടയാടുകയും അവയുടെ രക്തവും, ഉമിനീരും, വിസർജ്യവും ഒക്കെയായി നിരന്തരസമ്പർക്കം ഉണ്ടാവുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് ഈ മനുഷ്യർക്കിടയിൽ സാർസ് പോലുള്ള രോഗങ്ങൾ പിടിപെടാതിരിക്കുന്നത് എന്നതിന്റെ പൊരുൾ തേടിയാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും അമേരിക്കൻ പ്രതിരോധ വകുപ്പും ഇന്ത്യയിൽ എത്തിയത്. ഈ രഹസ്യം കണ്ടെത്തിയാൽ സ്വാഭാവികമായും പ്രതിരോധ വാക്സിനുകൾ വികസിപ്പിക്കുക എളുപ്പമാകും.

 

2017 ൽ മിമി ഗ്രാമത്തിലെ ഗോത്രവിഭാഗത്തിലുള്ള 85 വ്യക്തികളിൽനിന്നും രണ്ട് പ്രത്യേക സ്പീഷീസിൽ ഉൾപ്പെടുന്ന വവ്വാലുകളിൽ നിന്നും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും സിറം വേർതിരിച്ച് പഠനവിധേയമാക്കിയെന്നും ഗവേഷണ റിപ്പോർട്ടിൽ(ii) വെളിപ്പെടുത്തുന്നുണ്ട്. വവ്വാലുകളിൽ നിന്നും പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യതയുള്ള വൈറസുകളുമായി മനുഷ്യർ സമ്പർക്കത്തിൽ വന്നിട്ടുള്ളതായും, ശേഖരിച്ച രക്തസാമ്പിളുകളിൽ ഇത്തരം വൈറസുകൾക്കെതിരേ പ്രവർത്തിക്കുന്ന ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായും അവകാശപ്പെടുന്നുമുണ്ട്.

 

2019 ഒക്ടോബറിലാണ് ഇവരുടെ ഗവേഷണ ഫലം ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. 2019 ഡിസംബറിൽ ആദ്യത്തെ കോവിഡ്-19 കേസ് സഥിരീകരിക്കുകയും ചെയതു. ഈ രോഗത്തിന്റെ ചികിത്സയിൽ ക്ലോറോക്വിനും റെംഡെസിവീറും (Chloroquine & Remdesivir)ഫലപ്രദമാണെന്ന് 2020 ഫെബ്രുവരിയിൽ നിർദ്ദേശിച്ചതും ചൈനീസ് ശാസ്ത്രജ്ഞയായ ഷെങ്ലി ഷി തന്നെയാണ്.(iii)
കോവിഡിന്റെ ഉറവിടത്തെ പറ്റിയുള്ള വിവാദങ്ങൾ കനത്തതോടെ ഈ ശാസ്ത്രജ്ഞയെ പുറംലോകത്ത് ആരും കണ്ടിട്ടില്ലായെന്നതും ദുരൂഹതയേറ്റുന്നു.

 

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിനും, ബാംഗ്ലൂരിലെ നാഷണൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസിനും (NCBS) ഒപ്പം നാഗാലാൻഡിലെ ഗവേഷണത്തിൽ പങ്കാളികളായത് അമേരിക്കയിലെ യൂണിഫോമ്ഡ് സർവീസസ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്‌ സയൻസസ് ആണ്. അമേരിക്കൻ സൈന്യത്തിനു വേണ്ടി വൈദ്യശാസ്ത്ര വിദഗ്ധരെ വാർത്തെടുക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് മെരിലാൻഡിലെ ഈ സർവ്വകലാശാല. മണിപ്പാൽ സർവകലാശാല, തഞ്ചാവൂരിലെ ശാസ്ത്ര യൂണിവേഴ്സിറ്റി എന്നീ ഇന്ത്യൻ സ്ഥാപനങ്ങളും ഗവേഷണത്തിൽ സഹകരിച്ചിരുന്നു. കർശനമായ നിയമ സംവിധാനങ്ങളെയെല്ലാം അനായാസം അട്ടിമറിച്ച് വിദേശ ശാസ്ത്രജ്ഞർക്ക് രക്തസാമ്പിളുകൾ അടക്കമുള്ള സുപ്രധാന വിവരങ്ങൾ ശേഖരിക്കാനും രാജ്യത്തിനു പുറത്തേക്ക് കടത്താനും കഴിഞ്ഞുവെന്നത് നിസ്സാരമായി കാണാൻ കഴിയില്ല. ഇന്ത്യൻ ഗവേഷക പങ്കാളികൾക്ക് അധികാര സിരാകേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന സ്വാധീനമാണ് ഇത് സാദ്ധ്യമാക്കിയത്.

 

ബാംഗ്ലൂരിലെ നാഷണൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസ് (NCBS) 2013 ലും ഇതേ ഗോത്ര വർഗ്ഗക്കാരുടെ ഇടയിൽ പഠനങ്ങൾ നടത്തിയിരുന്നു. അന്ന് സാമ്പത്തിക സഹായം ലഭിച്ചതാകട്ടെ ഇംഗ്ലണ്ടിൽ നിന്നും. നാഗാലാൻഡിലെ വവ്വാലുകളിൽ നടത്തിയ ആദ്യ ഗവേഷണത്തെ പറ്റി 2015 ൽ Economic and Political Weekly (iv) യിൽ ഈ രണ്ടു പഠനങ്ങളിലും പങ്കുവഹിച്ചിരുന്ന P.Dovih ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഒരു ശാസ്ത്ര ജേണലിൽ റിപ്പോർട്ട് ചെയ്യുന്നത് 2017 ൽ മാത്രമാണ്. (v)

 

വൈറൽ രോഗങ്ങളെപ്പോലെയുള്ള പകർച്ചവ്യാധികളോട് ഒരു പ്രദേശത്തെ ജനങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നത് സംബന്ധമായ വിശദാംശങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതാണ്. ഉത്തരവാദിത്ത ബോധമുള്ള ഏതൊരു ഭരണകൂടവും സൈനിക രഹസ്യം പോലെ സൂക്ഷിക്കുന്നവയാണ് ഇത്തരം വിവരങ്ങൾ. നമ്മുടെ രാജ്യത്തുമുണ്ട് നിയന്ത്രണ സംവിധാനങ്ങൾ. മനുഷ്യസാമ്പിളുകൾ ഉൾപ്പെടുന്ന പരീക്ഷണങ്ങൾ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ (ICMR) വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് നടത്തേണ്ടത്.

(National Ethical Guidelines for Biomedical and Health Research Involving Human Participants).

 

നാഗാലാൻഡിൽ നടത്തിയത് പോലെ വിദേശ ഫണ്ടിംഗ് ഉള്ള ഗവേഷണങ്ങൾ നടത്താൻ ഉദ്ദേശിക്കുമ്പോൾ തന്നെ വിവരം ആരോഗ്യ മന്ത്രാലയത്തിലെ സ്ക്രീനിങ് കമ്മിറ്റിയുടെ (Health Ministry’s Screening Committee-HMSC) പരിശോധനയ്ക് വിധേയമാക്കണം. രക്തസാമ്പിളുകൾ വിദേശത്തേക്ക് കൊണ്ടുപോകണമെങ്കിലും നിരവധി തരത്തിലുള്ള നിയമപരമായ അനുമതികൾ നേടേണ്ടതുണ്ട്. ആദിവാസികൾ പോലെയുള്ള പ്രത്യേക സംരക്ഷണം ആവശ്യപ്പെടുന്ന വിഭാഗങ്ങൾക്കിടയിൽ നടക്കുന്ന ഗവേഷണങ്ങളിൽ പുലർത്തേണ്ട മാനദണ്ഡങ്ങളെ കുറിച്ചും ഐസിഎംആർ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി നിർവചിക്കുന്നുണ്ട്.

 

ശാസ്ത്ര ഗവേഷണവുമായി ബന്ധപ്പെട്ട പരമോന്നത സമിതിയുടെ മാർഗ്ഗനിർദ്ദേശങ്ങളേയും രാജ്യത്ത് നിലവിലുള്ള നിയമപരമായ വ്യവസ്ഥകളേയും കാറ്റിൽപറത്തി ഇത്തരം ഒരു പഠനം സുഗമമായി പൂർത്തികരിക്കാൻ കഴിഞ്ഞുവെങ്കിൽ അതിനുപിന്നിൽ ചരടുവലിച്ചത് നിസ്സാരക്കാരല്ല എന്നതിൽ തർക്കമില്ല.

 

ലോകം കോവിഡ് ഭീതിയുടെ പിടിയിലമർന്നതോടെ അമേരിക്കൻ പ്രതിരോധ വകുപ്പും, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും, വിവാദ ശാസ്ത്രജ്ഞ ഷെങ്ലി ഷിയും, നാഗാലാൻഡിലെ ആദിവാസി സമൂഹത്തിൽ നടന്ന അനധികൃത പരീക്ഷണങ്ങളും എല്ലാം പൊതു മധ്യത്തിലേക്ക് വന്നു. അങ്ങനെ ഗത്യന്തരമില്ലാതെ, അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്രഗവൺമെൻറ് നിർബന്ധിതമായി. ഇൻഡ്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ അഞ്ചംഗ സമിതി അന്വേഷണം നടത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് എന്നാണ് ഒടുവിൽ കേട്ടത്. ഇപ്പോൾ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ വ്യക്തി എൻസിബിഎസ് ന്റെ മുൻ മേധാവിയാണ്. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ കീഴിൽ എൻസിബിഎസ് ബാംഗ്ളൂരിൽ സ്ഥാപിക്കുന്നതിലും ആ ഗവേഷണ കേന്ദ്രത്തെ വളർത്തിക്കൊണ്ടു വരുന്നതിലും മുഖ്യപങ്ക് വഹിച്ച ഏറ്റവും വാഴ്ത്തപ്പെട്ട ഡയറക്ടർ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ സത്യം പുറത്തു കൊണ്ടുവരിക അത്ര എളുപ്പമുള്ള കാര്യമല്ല.

 

സാർസ്, മേഴ്സ് പോലെയുള്ള വൈറസുകളെ പരീക്ഷണശാലകളിൽ കൃത്രിമമായി സൃഷ്ടിച്ചാൽ ഉണ്ടായേക്കാവുന്ന അപകടം ശാസ്ത്രലോകം മുൻകൂട്ടി കണ്ടിരുന്നു. ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയിലെ ഒന്നാംനിര ലാബുകളിൽ പോലും മാരകമായ വസൂരി, ആന്ത്രാക്സ്, പക്ഷിപ്പനി തുടങ്ങിയ മാരകരോഗങ്ങളുടെ വൈറസുകളെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായി 2014ൽ പുറത്തുവന്ന റിപ്പോർട്ടുകൾ ശാസ്ത്ര പരീക്ഷണശാലകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടാക്കി. നോബൽസമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള 200ല്പരം ശാസ്ത്രകാരന്മാർ ഒപ്പുവച്ച ഒരു പ്രഖ്യാപനം (Cambridge Working Group Declaration) പരീക്ഷണശാലകൾ മതിയായ സുരക്ഷിതത്വ നിലവാരം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു. അബദ്ധവശാൽ ഉണ്ടാകുന്ന ഒരു വൈറസ്ബാധ പോലും നിയന്ത്രിക്കാനാവാത്ത വിധം വ്യാപകമായി പടർന്നുപിടിക്കാമെന്ന് ഈ ശാസ്ത്രകാരന്മാർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതേ തുടർന്ന് 2014 ഒക്ടോബറിൽ അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ഇത്തരം വൈറസുകളുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങളും മരവിപ്പിക്കുകയുണ്ടായി.

 

2017 ഡിസംബറിൽ ആണ് ഈ നിരോധനം നീക്കിയത്. ഇതിനു തൊട്ടു പിന്നാലെയാണ് നാഗാലാൻഡിൽ നിന്നും ശേഖരിച്ച മനുഷ്യരുടേയും വവ്വാലുകളുടേയും രക്തസാമ്പിളുകൾ അമേരിക്കൻ സൈന്യത്തിലെ ഗവേഷകരുടേയും, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഷെങ്ലി ഷിയുടെയും നേതൃത്വത്തിൽ പഠനവിധേയ മാക്കിയിരിക്കുന്നത്.

 

2017 ലും 2018 ലും യുഎസ് എംബസി ഉദ്യോഗസ്ഥർ പലതവണ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചിരുന്നതായും വാഷിംഗ്ടണിലേക്ക് രഹസ്യ സന്ദേശങ്ങൾ അയച്ചിരുന്നതായും അമേരിക്കൻ മാധ്യമങ്ങളാണ് അടുത്തിടെ പുറത്തുകൊണ്ടുവന്നത്. വവ്വാലുകളിൽ നിന്നും പകരുന്ന കൊറോണാ വൈറസിനെ കുറിച്ച് വുഹാനിൽ നടക്കുന്ന പഠനങ്ങൾ അപകട സാധ്യതയുള്ളതാണ് എന്നും ഗവേഷണ ശാലയ്ക്ക് മതിയായ സുരക്ഷിതത്വ സംവിധാനങ്ങളില്ലായെന്നും മുന്നറിയിപ്പു നൽകുന്നവയായിരുന്നു സന്ദേശങ്ങൾ.

 

2015ൽ തന്നെ പരീക്ഷണശാലയുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരം BSL-4 (Bio Safety Level-4)കൈവരിച്ചതായിരുന്നു വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗാൽവസ്റ്റൺ നാഷണൽ ലബോറട്ടറിയുമായും അമേരിക്കൻ പ്രതിരോധ വകുപ്പിന്റേത് ഉൾപ്പെടെയുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളുമായും ദീർഘനാളായുള്ള ഗവേഷണപങ്കാളിത്തം അവകാശപ്പെടാവുന്നതുമാണ് വുഹാനിലുള്ള പരീക്ഷണശാല. എന്നിട്ടും അവർക്ക് സ്വന്തമായി സുരക്ഷാസംവിധാനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാഗൽഭ്യമില്ലെന്നും അമേരിക്ക കൂടുതൽ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്നും ആയിരുന്നു അമേരിക്കൻ എംബസ്സിയുടെ വാദം. കൊറോണ വൈറസുകളെപ്പറ്റി ഇവിടെ നടക്കുന്ന പഠനം അപകടകരമാണ്, അതുപോലെതന്നെ അമേരിക്കയെ സംബന്ധിച്ചിടത്തോളം സുപ്രധാനവുമാണ് എന്ന ഓർമ്മപ്പെടുത്തലായിരുന്നു വാഷിംഗ്ടണിലേക്ക് പോയ കേബിൾ സന്ദേശങ്ങളിൽ ഉണ്ടായിരുന്നത്.

 

ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്, വുഹാനിൽ എന്തു നടന്നുവെന്ന് മറ്റാരേക്കാളും കൃത്യമായ അറിവുള്ളത് അമേരിക്കയ്ക്കാണ്. അവർക്ക് വേണ്ടിയിരുന്നത് കൂടുതൽ പങ്കാളിത്തവും കുടുതൽ നേട്ടവും മാത്രം. കോവിഡിന്റെ പിടിയിൽ നിന്നും ലോകം മോചിതമാകുമ്പോഴേക്കും ഈ രഹസ്യങ്ങളൊക്കെയും അനാവരണം ചെയ്യപ്പെട്ടേക്കാം.#

 

 

References:
(i). Nature, Vol.552, 7 December, 2017.
(ii).PLOS Neglected Tropical Diseases,
31 October, 2019.
(iii).Cell Research, 4 February, 2020.
(iv).Economic and Political Weekly,
2 May, 2015.
(v).Epidemiology & Infection, Vol.145, Issue 8, June 2017.


VP Prabhas