Open Space

06 Dec 2018 12:25 PM IST

ഹിന്ദുത്വ ഫാസിസത്തിനെതിരെ \\\'സംസ്‌കാര രാഷ്ട്രീയ\\\'ത്തിന്റെ പ്രസക്തി

ഹിന്ദുത്വ ഫാസിസ്‌റ്റുകൾ ബാബ്‌റി മസ്ജിദ് തകർത്തിട്ട് ഇന്ന് (ഡിസംബർ 6) 26 വർഷം തികയുന്നു. ഇന്ത്യൻ ജനതയ്ക്ക് ഏറ്റവും വലിയ ഭീഷണിയായ ഹിന്ദു ഫാസിസ്റ്റുകളെ നേരിടാൻ സാംസ്കാരിക രാഷ്ട്രീയത്തിലൂടെ മാത്രമേ കഴിയൂ എന്ന് ഓർമ്മിപ്പിക്കുന്നു പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ജെ.രഘു.

1925 ല്‍ നാഗ്പൂരില്‍ രൂപം കൊണ്ട ആര്‍.എസ്.എസ് അടിയന്തരാവസ്ഥ വരെ ഇന്ത്യന്‍ രാഷട്രീയത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയല്ലായിരുന്നു. മഹാരാഷ്ട്രയിലെ ചിത്പവന്‍ ബ്രാഹ്മണര്‍ക്കിടയിലെ പരമജീര്‍ണമായ ലോകബോധത്തിന്റെ ഉടമകളായ ലോവര്‍ മിഡില്‍ ക്ലാസ് വിഭാഗമാണ് ആര്‍.എസ്.എസിനു പിന്നിലുണ്ടായിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അസ്തമിച്ച 'പെഷവരാജി'ന്റെ തിരിച്ചുവരവ് സ്വപ്നം കണ്ടുകഴിഞ്ഞിരുന്ന ഒരു വിഭാഗം ഹതാശബ്രാഹ്മണയുവാക്കളാണ് ആര്‍.എസ്.എസ്സിന്റെ സ്ഥാപകർ.

 

1948 ജനുവരി 30 ന് ഗാന്ധിജിയെ വെടിവെച്ച് കൊന്ന നാഥുറാം ഗോഡ്‌സേ ഒരേസമയം ആര്‍.എസ്.എസ്സിലും സവര്‍ക്കറുടെ ഹിന്ദുമഹാസഭയിലും അംഗമായിരുന്നു, ഒരാള്‍ ആര്‍.എസ്.എസ്സില്‍ അംഗമാണോ എന്ന് തെളിയിക്കുക അസാധ്യമാണ് കാരണം മെമ്പര്‍ഷിപ്പ്, രജിസ്റ്റര്‍, മിനിറ്റ്‌സ് ഭരണഘടന എന്നിവയൊന്നും ആര്‍.എസ്.എസ്സിലുണ്ടായിരുന്നില്ല. ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട ആര്‍.എസ്.എസ്സിന്റെ നിരോധനം നീക്കുന്നതിന് സര്‍ദാര്‍ പട്ടേല്‍ മുന്നോട്ട് വെച്ച പ്രധാന ഉപാധി ലിഖിത ഭരണഘടന ഉണ്ടാക്കുക എന്നതായിരുന്നു. എന്നാല്‍ പേരിനൊരു ഭരണഘടന ആവിഷ്‌കരിച്ചെങ്കിലും ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനരീതിയും സംഘടനാ സംവിധാനവും രഹസ്യാത്മകമാണ്.

 

ആര്‍.എസ്.എസ്സിന്റെ തലവനായ സര്‍സംഘ്ചാലകിന്റെ നിയമനത്തില്‍ ലക്ഷക്കണക്കിന് വരുന്ന സ്വയം സേവകര്‍ക്ക് യാതൊരു പങ്കാളിത്തവും ഇല്ല. വിരമിക്കുകയോ മരിക്കുയോ ചെയ്യുന്ന സര്‍സംഘ്ചാലക് തന്റെ പിന്‍ഗാമിയെ നിര്‍ദ്ദേശിക്കുന്ന രീതിയാണ് ഇന്ന്. രാജ്യഭരണത്തില്‍ ഒരു രാജാവ് തന്റെ പിന്‍ഗാമിയെ വാഴിക്കുന്ന സമ്പ്രദായമാണ് ആര്‍.എസ്.എസ് സ്വീകരിച്ചിട്ടുള്ളത്. വാഴിക്കപ്പെടുന്ന സര്‍സംഘ്ചാലകിന്റെ മുഖ്യയോഗ്യത വിരമിക്കുന്ന സര്‍സംഘ്ചാലകിന് അയാളിലുള്ള വിശ്വാസം മാത്രമാണ്. അഥവാ നിലവിലുള്ള സര്‍സംഘ്ചാലകിനോടുള്ള സമ്പൂര്‍ണ്ണ വിധേയത്വത്തില്‍ കേമനാണ് എന്നതുമാത്രമാണ് യോഗ്യത.

 

മാഫിയ-ഫാസിസ്റ്റ് രീതികള്‍ പിന്തുടരുന്ന ഒരു പ്രസ്ഥാനം 1990 കളില്‍ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറിയെന്നത് അമ്പരപ്പിക്കുന്നതാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം, ആര്‍.എസ്.എസ്സിന്റെ രാഷട്രീയപ്രസ്ഥാനമായ ബി.ജെ.പി ജനതാപാര്‍ട്ടിയില്‍ ലയിക്കുകയും ജനതാ ഗവണ്‍മെന്റിന്റെ പ്രധാനവകുപ്പുകള്‍ ഭരിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുമുമ്പ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ രൂപം കൊണ്ട സമ്പൂര്‍ണ്ണ വിപ്ലവവും ജനതാഗവണ്‍മെന്റിലെ പങ്കാളികളിത്തവുമാണ് ഗാന്ധിഘാതകര്‍ എന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന ഈ ഫാസിസ്റ്റുശക്തികള്‍ക്ക് ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ മാന്യത നല്‍കിയത്. എന്നാല്‍, ആര്‍.എസ്.എസ്സിന്റെ അടിത്തറ ബി.ജെ.പി അല്ലെന്ന വസ്തുത നാം വിസ്മരിക്കരുത്.

 

ഇന്ത്യന്‍ രാഷ്ട്രീയ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെട്ടിരുന്നുവെങ്കിലും 1925 മുതല്‍ ആര്‍.എസ്.എസ് തുടര്‍ന്നുവന്ന grass root level പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാന്നിധ്യമുണ്ടാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളില്‍ ശ്രദ്ധിച്ചിരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആര്‍.എസ്.എസ് കൃത്യമായ ഭീഷണിയായിരുന്നില്ല. അതുകൊണ്ട് തന്നെ ആര്‍.എസ്.എസ്സിനെ ഈ പാര്‍ട്ടികള്‍ പ്രായേണ അവഗണിക്കുകയാണുണ്ടായത്. എന്നാല്‍, ഈ അവഗണനയെയും 'അദൃശ്യത'യെയും അവസരമാക്കി മാറ്റാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞു. 100 കണക്കിന് പോഷക സംഘടനകളിലൂടെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ മാത്രമല്ല, ഭരണകൂടത്തിന്റെ വിവിധ മണ്ഡലങ്ങളിലും നുഴഞ്ഞുകയറി പിടിമുറുക്കുന്ന ഫാസിസ്റ്റ് തന്ത്രമാണ് കഴിഞ്ഞ 90 വര്‍ഷമായി ആര്‍.എസ്.എസ് നടപ്പാക്കിക്കൊണ്ടിരുന്നത്.

 

തിരോഭവിച്ചുകൊണ്ടിരുന്ന മതാചാരങ്ങളെ പുനരുദ്ധരിച്ചും ക്ഷേത്രങ്ങള്‍ നവീകരിച്ചും ആള്‍ദൈവങ്ങളെ നിര്‍മ്മിച്ചും ഹിന്ദുമതാത്മകതയെ തങ്ങളുടെ വരുതിയിലാക്കാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ശബരിമലയും ആറ്റുകാലും അമൃതാനന്ദമയിയും ഇത്രയധികം ജനപ്രീതിയാര്‍ജ്ജിച്ചത് കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളിലാണ്. ഈ 40 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ജനസംഘത്തിന്റെയും ബി.ജെ.പിയുടെയും വോട്ടുവിഹിതം 2 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഈ കാലയളവില്‍ ജനങ്ങളെ ബാധിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഒരു ബഹുജനപ്രക്ഷോഭം പോലും ആര്‍.എസ്.എസ് നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം അനവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ടു വിഹിതം കുറയുകയാണുണ്ടായത്. ഇത് സമകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചില സമസ്യകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

1992 വരെ ഇന്ത്യയില്‍ അധികമാരും കേട്ടിട്ടില്ലാത്ത നാമമായിരുന്നു അയോധ്യയിലെ ബാബരി മസ്ജിദ്. ഈ പള്ളി രാമക്ഷേത്രമായിരുന്നു എന്ന് അവകാശവാദമുന്നയിക്കുകയും അത് രാജ്യവ്യാപകമായ 'വികാര രാഷ്ട്രീയ'മായി മാറ്റിയെടുക്കുകയും ചെയ്യാൻ ആര്‍.എസ്.എസ്സിന് കഴിഞ്ഞു. 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് തകര്‍ത്തതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മതേതര ശൈലി തന്നെ മാറുകയാണുണ്ടായത്. അയോധ്യ, രാമക്ഷേത്രം തുടങ്ങിയ പ്രതീകങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യപ്രമേയങ്ങളായി മാറി. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ ഹിന്ദുത്വ വികാര രാഷ്ട്രീയത്തിന്റെ പുതിയ ശൈലി ഗ്രഹണം ചെയ്തു. തൊഴിലില്ലായ്മയില്‍ വലയുന്നവരും പാര്‍പ്പിടമില്ലാത്തവരും ദളിതരും ഗോത്രവര്‍ഗ്ഗക്കാരുമായി വലിയൊരു ജനസഞ്ചയത്തെ ഹിന്ദുത്വ വികാരത്തിന് കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോയ കര്‍സേവകരില്‍ ഭൂരിപക്ഷവും അവർണ്ണ വിഭാഗങ്ങളിൽപെട്ടവരായിരുന്നു. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ്സിനുണ്ടായ അത്ഭുതകരമായ വിജയം സംസ്‌കാര രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് തെളിയിക്കുന്നത്. ദീര്‍ഘകാലത്തെ സ്ഥൂലവും സൂക്ഷ്മവുമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഹിന്ദുക്കളില്‍ ഗണ്യമായൊരു വിഭാഗത്തിന്റെ ലോകബോധത്തെ മാറ്റിയെടുക്കാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞു. 2002 ലെ ഗുജറാത്ത് വംശഹത്യയ്ക്ക ഉത്തരവാദിയെന്ന് പകല്‍പോലെ വ്യക്തമായിരുന്ന നരേന്ദ്രമോദിയെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് അവിടുത്തെ ജനങ്ങള്‍ വീണ്ടും മുഖ്യമന്ത്രിയായും 2014 ല്‍ പ്രധാനമന്ത്രിയായും തെരഞ്ഞെടുത്തത്.

 

ഇന്ത്യന്‍ മതേതരത്വത്തിന്റെ ഏറ്റവും വലിയ ന്യൂനത അത് പൊതു-രാഷ്ട്രീയ മണ്ഡലത്തില്‍ മാത്രമായി ചുരുങ്ങി എന്നതാണ്. പൊതുമണ്ഡലത്തില്‍ തന്നെ മതത്തെ പ്രീണിപ്പിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചുവരുന്നത്. മതേതര ഭരണകൂടത്തിന്റെ 'നിരീക്ഷണ'ത്തില്‍ നിന്ന് സ്വതന്ത്രമായ'സ്വകാര്യമണ്ഡല'ത്തെയാണ് (private space) ആര്‍.എസ്.എസ് അതിന്റെ സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭൂമികയായി തിരഞ്ഞെടുത്തത്. മതേതര രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍, ആര്‍.എസ്.എസ്സിനു യാതൊരുവിധ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടില്ല. ഹിന്ദുക്കളുടെ സ്വകാര്യ ജീവിതവുമായി, പ്രത്യേകിച്ചും മതജീവിതവുമായി ബന്ധപ്പെട്ട സൂക്ഷ്മ മേഖലകളിലെല്ലാം അനവധി പോഷക സംഘടനകളിലൂടെയും എന്‍.ജി.ഒകളിലൂടെയും ആര്‍.എസ്.എസ് അതിന്റെ സ്വാധീനമുറപ്പിച്ചുകൊണ്ടിരുന്നു. തിരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയാത്ത കേരളത്തിന്റെ സ്വകാര്യ-മതമണ്ഡലത്തില്‍ ആര്‍.എസ്.എസ്സിന്റെ സ്വാധീനം അന്വേഷിക്കുന്നതാണ്. എന്നാല്‍, ഈ സാന്നിധ്യം മിക്കപ്പോഴും പൊതു-രാഷ്ട്രീയമണ്ഡലത്തിനു ഗോചരീയവുമല്ല.

 

വൈദികഗണിത ക്ലാസുകള്‍, പുരാണ ക്വിസുകള്‍, യോഗ, ഭാഗവതസപ്താഹം, ഗീതാജ്ഞാനയജ്ഞം, സത്സംഗങ്ങള്‍, 'ഭാരതീയശാസ്ത്ര' ശിബിരങ്ങള്‍, തീര്‍ത്ഥാടനങ്ങള്‍, അയ്യപ്പസേവാസംഘം, ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദുമുന്നണി, മതപ്രഭാഷണങ്ങള്‍, സന്യാസികള്‍, തപസ്യ, ഭാരതീയ വിചാരകേന്ദ്രം, വിവേകാനന്ദകേന്ദ്രം, ജലസ്വരാജ് എന്നീ സ്ഥാപനങ്ങളിലൂടെയും മേളകളിലൂടെയുമാണ് ആര്‍.എസ്.എസ് ഹിന്ദുക്കളുടെ സ്വകാര്യ-ഗാര്‍ഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പ്രത്യക്ഷത്തില്‍ ആര്‍.എസ്.എസ്സുമായോ ബി.ജെ.പിയുമായോ ബന്ധമില്ലാത്തവരും 'മാന്യരാ'യി കണക്കാക്കപ്പെടുന്നവരുമായ പ്രശസ്തരെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍.എസ്.എസ് മറയാക്കുന്നത്. ഈ പ്രവർത്തനങ്ങളിലൂടെ ആര്‍.എസ്.എസ് വ്യാപനം ചെയ്യുന്ന ഹിന്ദുത്വ ഭീകരതയുടെ വിപത്തിനെക്കുറിച്ച് ഇതിൽ പങ്കെടുക്കുന്ന 'മാന്യരായ' എല്ലാവർക്കും വ്യക്തതയുണ്ടോ എന്ന് അറിയില്ല. ആര്‍.എസ്.എസ്സിന്റെ ഈ പ്രവര്‍ത്തന ശൈലി അക്ഷരാര്‍ത്ഥത്തില്‍ 'total mobilization' തന്നെയാണ്. Total mobilization എന്ന ആശയം ആവിഷ്‌കരിച്ച ഫാസിസ്റ്റുകള്‍ക്കോ നാസികൾക്കോ ആര്‍.എസ്.എസ്സിനെപ്പോലെ അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. നാസികളും ഫാസിസ്റ്റുകളും ഭരണകൂടം പിടിച്ചെടുത്തതിനുശേഷമാണ് അവരുടെ പ്രത്യയശാസ്ത്ര അജണ്ട നടപ്പാക്കിയത്. എന്നാല്‍ ഭരണകൂടത്തിന്റെ സഹായമില്ലാതെ തന്നെ, ആര്‍.എസ്.എസ് സമൂഹത്തിന്റെ grass root level ല്‍ അവരുടെ അജണ്ട നടപ്പാക്കാന്‍ കഴിയുന്നിടത്തോളം Total mobilization ശക്തമാണ്. നാസികളെക്കാളും ഫാസിസ്റ്റുകളെക്കാളും ആര്‍.എസ്.എസ് അപകടകരമായിരിക്കുന്നത് അതുകൊണ്ടാണ്.

 

കഴിഞ്ഞ 90 വര്‍ഷങ്ങളായി ആര്‍.എസ്.എസ് ക്ഷമാപൂര്‍വ്വം നടത്തിവന്ന സാംസ്‌കാരിക രാഷ്ട്രീയത്തിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രമായിരുന്നു. മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്. നിയോ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരേ നടത്തിവന്ന പ്രക്ഷോഭങ്ങള്‍ക്ക് ആര്‍.എസ്.എസ്സിന്റെ ജനകീയ അടിത്തറയെ ദുര്‍ബ്ബലമാക്കാന്‍ കഴിഞ്ഞിട്ടില്ല. തികച്ചും മതേതരമായ ഒരു സാംസ്‌കാരിക രാഷ്ട്രീയ ഭൂമിക സൃഷ്ടിച്ചുകൊണ്ട് മാത്രമേ ആര്‍.എസ്.എസ്സിനെ കാര്യക്ഷമമായി നേരിടാനാകൂ. അടിമുടി ഹിന്ദുത്വവത്ക്കരിക്കപ്പെട്ട ഇന്ത്യന്‍ സാംസ്‌കാരിക ജീവിതത്തെ വീണ്ടെടുക്കാനും മതേതരവത്കരിക്കാനും കഴിയുന്ന സംസ്‌കാര രാഷ്ട്രീയത്തെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ആലോചന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആരംഭിക്കേണ്ടതാണ്. ഹിന്ദുത്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ മതേതര രാഷ്ട്രീയത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടും. ഈ യാഥാര്‍ത്ഥ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എത്രവേഗം തിരിച്ചറിയുന്നോ അത്രയും നല്ലത്.