09 Jun 2020 00:30 AM IST
ലോക് ഡൗൺ രണ്ടര മാസം പിന്നിട്ടിട്ടും കോവിഡ് വ്യാപിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണം കാണുന്നില്ല. സാമ്പത്തിക പ്രവർത്തനങ്ങൾ സമ്പൂർണ്ണമായി നിലയ്ക്കുന്ന സാഹചര്യം ഒഴിവാക്കാൻ വ്യവസായ, വ്യാപാര മേഖലകളും മറ്റു അത്യാവശ്യ രംഗങ്ങളും തുറന്നുകൊടുക്കാൻ സർക്കാർ നിർബ്ബന്ധിതമായി. ആരാധനാലയങ്ങളും തുറന്നുകൊടുക്കണമെന്ന ആവശ്യമുയർന്നു. സർക്കാരും പ്രതിപക്ഷവും ആ ആവശ്യത്തോടൊപ്പം നിൽക്കുകയും ആരാധനാലയങ്ങൾ നിബന്ധനകളോടെ തുറക്കാൻ തീരുമാനിക്കുകയും ചെയ്തു. തുറക്കാൻ സർക്കാർ അനുവദിച്ചെങ്കിലും മിക്കവാറും എല്ലാ മുസ്‌ലീം ആരാധനാലയങ്ങളും പല ക്രൈസ്തവ ദേവാലയങ്ങളും തത്കാലം തുറക്കേണ്ടതില്ല എന്നു തീരുമാനിക്കുകയായിരുന്നു.
ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർക്കാണ് തുറന്നെ തീരൂ എന്ന നിർബ്ബന്ധം. ഇതിനിടയിൽ, സർക്കാർ ഔദ്യോഗികമായി ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ സ്വമേധയാ ലോക് ഡൗൺ പ്രഖ്യാപിച്ച് അണ്ടർഗ്രൗണ്ടിൽ പോയ ഒരു ദൈവമുണ്ട്. സർവ്വ ചരാചരങ്ങളുടെയും ക്ഷേമൈശ്വര്യകാരിണിയും സകല ലോകത്തിന്റെയും സംരക്ഷകയുമായ സാക്ഷാൽ 'അമ്മ'. തുറക്കണം എന്നോ തുറക്കേണ്ട എന്നോ അമ്മ ഇതുവരെ ആവശ്യപ്പെട്ടതായി അറിയില്ല. തുറക്കുന്നതിനെക്കുറിച്ചുള്ള അമ്മയുടെ അഭിപ്രായം എന്താണെന്നും അറിയില്ല. അമ്മയുടെ ആലിംഗനത്തിനുവേണ്ടി കാത്തിരിക്കുന്ന ഭക്തജനങ്ങളും ഒന്നും പറയുന്നില്ല. അമൃതസ്വരൂപാനന്ദ മുതലായ അമ്മയുടെ പ്രോട്ടോക്കോൾ ഓഫീസർമാരെയും കാണാനില്ല.
അമ്മ ഒളിവിൽ പോയെങ്കിലും ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. കോവിഡ് പടർന്നു പിടിക്കുമ്പോഴും അമ്മയുടെ വള്ളിക്കാവിലെ 'ആശ്രമം' പൂർണ്ണമായി പ്രവർത്തന നിരതമായിരുന്നു. ആശ്രമത്തിൽ എപ്പോഴും നൂറു കണക്കിന് വിദേശികളായ അന്തേവാസികളുണ്ടാകും. കെട്ടിപ്പിടിച്ചാണ് അമ്മ ഭക്തരെ അനുഗ്രഹിക്കുന്നതും ആശീർവദിക്കുന്നതും. 'ആശ്രമ'ത്തിലുണ്ടായിരുന്ന വിദേശികളുടെ സഞ്ചാരപഥം പരിശോധിച്ചിട്ടുണ്ടോ ? അവരെ കോവിഡ് ടെസ്റ്റിനു വിധേയരാക്കിയിട്ടുണ്ടോ? കോവിഡ് പടർന്നു പിടിച്ചു കൊണ്ടിരുന്നപ്പോഴും നൂറുകണക്കിന് ആളുകളെ കെട്ടിപ്പിടിച്ച അമ്മയെ കോവിഡ് ടെസ്റ്റിന് വിധേയയാക്കിയിട്ടുണ്ടോ ? അമ്മയുടെ ആലിംഗനത്തിനു വിധേയരായി തിരിച്ചുപോയ നാട്ടുകാർക്ക് ആശ്രമത്തിൽ നിന്ന് കോവിഡ് ബാധയുണ്ടായിട്ടുണ്ടോ ?
സർക്കാർ ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ എത്ര പേരുണ്ടായിരുന്നു, അവരാരൊക്കെയാണ്, അവരിൽ വിദേശികൾ എത്രപേരുണ്ട്, മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരെത്ര തുടങ്ങിയ വിവരങ്ങൾ ആരും അന്വേഷിച്ചിട്ടില്ല. വിദേശികളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും മടങ്ങിപ്പോയോ അതോ ഇവിടെത്തന്നെ തുടരുകയാണോ എന്ന വിവരവും അറിയില്ല. അമ്മ അനുഗ്രഹവും ആലിംഗനവും നിറുത്തിയത് അമ്മയ്ക്കും ഭക്തർക്കുമെല്ലാം നല്ലത്. അതുമാത്രം പോരല്ലോ. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽനിന്നും വിവരങ്ങൾ മറച്ചുവച്ച് രഹസ്യങ്ങളുടെ കലവറയായി ഒരു സ്ഥാപനം തുടരുന്നത് സമൂഹത്തിന് പല തരത്തിൽ ഭീഷണിയാണ്. അമ്മ എവിടെയോ പോയി ഒളിച്ചോട്ടെ. ആശ്രമത്തിലെ അന്തേവാസികളെ സംബന്ധിച്ച പൂർണവിവരങ്ങൾ അന്വേഷിച്ചു കണ്ടെത്താനുള്ള ബാധ്യതയിൽനിന്ന് സർക്കാർ ഒഴിഞ്ഞു മാറരുത്.