editorial

06 Jun 2020 21:30 PM IST

TKV

ജനങ്ങളെ തോല്പിക്കരുത്

താത്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷവും ആ ഭീഷണിക്ക് വഴങ്ങിയ സർക്കാരും ഒരുപോലെ കുറ്റക്കാരാണ്. രണ്ടു കൂട്ടരും കൂടി മത്സരിച്ച് ജനങ്ങളെ തോല്പിക്കരുത്. ഇത്തരം കാര്യങ്ങളിൽ വിദഗ്ധരുടെ അഭിപ്രായമാണ് മാനിക്കേണ്ടത്.

ima

കൊറോണ വൈറസിനെതിരെ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ 'യുദ്ധം' എന്നാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മുതൽ എല്ലാവരും വിശേഷിപ്പിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഓഫീസ് സംവിധാനത്തെ 'വാർ റൂം' എന്നാണ് വിളിക്കുക. ഇത് യുദ്ധമാണെങ്കിൽ ഈ യുദ്ധത്തെ മുന്നിൽ നിന്ന് നയിക്കുന്നത് ഡോക്ടർമാരും നഴ്‌സുമാരും അടങ്ങിയ ആരോഗ്യ പ്രവർത്തകരുമാണ്. അവർക്ക് വേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുക എന്നതാണ് മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ മറ്റെല്ലാവരുടെയും കടമ.

 

ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചു വേണം കോവിഡിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്. എപ്പിഡെമിയോളജിസ്റ്റുകളെയും പ്രമുഖരായ ശാസ്ത്രജ്ഞരെയും മൂലയ്ക്കിരുത്തി ഏതൊക്കെയോ ഉദ്യോസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഡോക്ടർ കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. രാജ്യത്ത് കോവിഡിനെ നേരിടുന്ന രീതിയിൽ ശാസ്ത്രസമൂഹത്തിന് കടുത്ത നിരാശയാണുള്ളത്.

 

പ്രധാനമന്ത്രി രാജ്യത്താകെ ലോക് ഡൗൺ പ്രഖ്യാപിച്ചത് ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും അഭിപ്രായങ്ങൾ അനുസരിച്ചാണോ എന്നു വ്യക്തമല്ല. അനന്തമായി നീളുന്ന ലോക് ഡൗൺ രോഗത്തെ നേരിടുന്നതിൽ പ്രയോജനപ്പെട്ടില്ല എന്നത് വസ്തുതയാണ്. രോഗം ഏറ്റവും കൂടുതൽ വ്യാപകമാകുന്ന ഘട്ടത്തിലാണ് ഇപ്പോൾ ലോക് ഡൗണിൽ വലിയ ഇളവുകൾ വരുത്തിയിരിക്കുന്നത്. രോഗവ്യാപനത്തിന് സാധ്യത സൃഷ്ടിക്കാത്തതും സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് അത്യാവശ്യവുമായ ഇളവുകൾ എന്നതിന് പകരം ആരാധനാലയങ്ങൾ തുറക്കുക തുടങ്ങിയ അപകടകരമായ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

 

കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ലോക് ഡൗൺ ഇളവുകളിൽ സംസ്ഥാനങ്ങൾ അയവു വരുത്താൻ പാടില്ല. അതേ സമയം അവ കൂടുതൽ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ആ അധികാരം ഉപയോഗപ്പെടുത്തിയ തമിഴ്‍നാട് സർക്കാർ, ആരാധനാലയങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലാകട്ടെ, ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ,ആരാധനാലയങ്ങൾ തുറക്കരുതെന്ന് അഭ്യർത്ഥിച്ചിട്ടും അത് ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല. തീർത്തും നിരാശാജനകമാണ് ഈ നിലപാട്. രാഷ്ട്രീയ നേതാക്കളും മതനേതാക്കളും കൂടിയിരുന്നല്ല ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.

 

തുറക്കാൻ സർക്കാർ അനുവാദം നൽകിയിട്ടും തുറക്കേണ്ടതില്ലെന്ന് തീരുമാനമെടുത്ത പാളയം ജുമാ മസ്ജിദ് സ്വീകരിച്ച നിലപാട് ആദരിക്കപ്പെടേണ്ടതാണ്. ശാസ്ത്രീയമായ സമീപനം പുലർത്തേണ്ടത് ഏറ്റവും ആവശ്യമായ ഘട്ടത്തിൽ വികാരങ്ങൾക്ക് കീഴ്പ്പെട്ട കേരള സർക്കാർ തീരുമാനം പുനഃ;[അരിശോധിക്കാൻ തയ്യാറാകണം. ഒരു വർഷം കഴിഞ്ഞു നടക്കേണ്ട തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച് ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷവും ആ ഭീഷണിക്ക് വഴങ്ങിയ സർക്കാരും ഒരുപോലെ കുറ്റക്കാരാണ്. രണ്ടു കൂട്ടരും കൂടി മത്സരിച്ച് ജനങ്ങളെ തോല്പിക്കരുത്.