Open Space

27 Jul 2020 01:55 AM IST

Dr M Sarngadharan

ഇനി വ്യാപാര മേഖലയിൽ ഇ-കോമേഴ്സിൻ്റെ കാലം

ഇന്ത്യയുടെ വ്യാപാര മേഖലയിൽ ഇനിയുള്ള കാലം ഇ കോമേഴ്സിനായിരിക്കും പ്രാമുഖ്യമെന്ന് കേരള സർവ്വകലാശാല കോമേഴ്സ് വിഭാഗം മുൻ മേധാവി ഡോ.എം ശാർങ്ഗധരൻ.

മനുഷ്യ സമൂഹത്തില്‍ അനാദി കാലം മുതല്‍ തന്നെ തുടങ്ങിയതാണ് ഉല്പന്നങ്ങളും സേവനങ്ങളും പരസ്പരം കൈമാറുന്ന സമ്പ്രദായം. തുടക്കത്തില്‍, ഉല്പന്നങ്ങള്‍ക്കു പകരം ഉല്പന്നങ്ങള്‍ കൈമാറുന്ന ബാര്‍ട്ടര്‍ രീതിയാണ് നിലവിലുണ്ടായിരുന്നത്. ക്രമേണ, വില നിശ്ചയിച്ച് പണം നല്കി ഉല്പന്നങ്ങളും സേവനങ്ങളും കൈമാറുന്ന വ്യാപാര (ട്രേഡ്) ഇടപാടുകള്‍ നടപ്പില്‍ വന്നു. ഇതിന്റെ തുടര്‍ച്ചയായി, കാണാനായത് വാണിജ്യ (കോമേഴ്‌സ്) ഇടപാടുകളാണ്. വ്യാപാര ഇടപാടുകളിലെ അകലം, കറന്‍സി കൈമാറ്റം തുടങ്ങിയവയിലെ തടസ്സങ്ങള്‍ ഒഴിവാക്കി പ്രാദേശിക, ദേശീയ, അന്തര്‍ദ്ദേശിയ തലങ്ങളിലേക്ക് വ്യാപാര ഇടപാടുകളെ എത്തിച്ചു എന്നതായിരുന്നു ഈ മാറ്റത്തിന്റെ പ്രത്യേകത. വിവര സാങ്കേതിക മേഖലയിലെ വികാസങ്ങളെ ഉള്‍ക്കൊണ്ട് കോമേഴ്‌സില്‍ വന്ന പരിണാമമാണ് ഇകോമേഴ്‌സ്.

 

ആധുനിക കാലഘട്ടത്തില്‍ പെട്ടെന്നു പ്രചാരം നേടിയ ക്രയവിക്രയ സമ്പ്രദായമാണ് ഇകൊമേഴ്‌സ്. ഇലക്ട്രോണിക്‌സ് സംവിധാനത്തില്‍ ഉല്പാദകനും വ്യാപാരിയും തമ്മിലോ മൊത്ത വ്യാപാരിയും ചില്ലറ കച്ചവടക്കരനും തമ്മിലോ, കച്ചവടക്കാരനും ഉപഭോക്താവും തമ്മിലോ ഇകൊമേഴ്‌സ് ഇടപാടുകൾ ആകാം. ഉല്പന്നങ്ങളുടെ കൈവശാവകാശമുള്ള ഉപഭോക്താവും അവ ആവശ്യമുള്ള മറ്റൊരു ഉപഭോക്താവും തമ്മിലുള്ള ക്രയവിക്രയ ഇടപാടുകളും ഇതില്‍ ഉള്‍പ്പെടാം. ഈ ഇടപാടുകളില്‍ ഉല്പ്പന്നം വില്ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ കാണേണ്ടി വരുന്നില്ല. വില നിശ്ചയിക്കുന്നതും നല്കുന്നതും ഇലക്ട്രോണിക്‌സ് ക്രമീകരണങ്ങളിലൂടെ തന്നെ. പണം മുന്‍കൂര്‍ കൊടുത്തു എന്നു വരാം. അല്ലെങ്കില്‍ പണം കൊടുക്കുന്നത് ഉല്പ്പന്നങ്ങള്‍ കൈവശം എത്തുമ്പോഴും ആകാം. അത് വാങ്ങുന്നവരും വില്ക്കുന്നവരും തമ്മിലുള്ള മുന്‍കൂര്‍ ധാരണ അനുസരിച്ചാകും.

 

അതേ സമയം, ഇലക്ട്രോണിക് സംവിധാനത്തില്‍ സേവന വിഭാഗത്തില്‍ പെടുന്ന ഇനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ പണം അടച്ചാല്‍ ഉടന്‍ ആവശ്യമായ ഇനം ഡൗണ്‍ലോഡ് ചെയ്യാനാവും. കോവിഡ് കാലത്ത് രാജ്യത്താകമാനം ഇകോമേഴ്‌സ് ഇടപാടുകള്‍ സാധാരണക്കരുടെ ഇടയില്‍ പോലും വന്‍ പ്രചാരത്തിലായിട്ടുണ്ട്. കേരളത്തില്‍ ഇകോമേഴ്‌സ് ഇടപാടുകള്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ സര്‍വസാധാരണമായി മാറിയിരിക്കുന്നു.

 

ആഗോളതലത്തില്‍ പ്രചുര പ്രചാരം നേടിയ ഇകോമേഴ്‌സ് ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഇന്‍ഡ്യയിലും എത്തിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാനാവുന്ന ഡബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ് തുടങ്ങിയ ഉപാധികള്‍ വ്യാപകമായതോടെയാണ് നമ്മുടെ നാട്ടില്‍ ഇകോമേഴ്‌സ് സധാരണക്കാരിലേക്ക് എത്തിയത്. 2016 നു ശേഷം നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് ഡബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ് തുടങ്ങിയവ പൊതുവായി ഉപയോഗത്തില്‍ വന്നത് ഇകോമേഴ്‌സിന്റെ പ്രചാരം വര്‍ദ്ധിക്കുന്നതിനു കാരണമായി. ഇകോമേഴ്‌സ് ഇടപാടുകള്‍ക്ക് തടസ്സം സൃഷ്ടിച്ച പരോക്ഷ നികുതി പ്രശ്‌നങ്ങള്‍ ചരക്ക്-സേവന നികുതി നിയമം നടപ്പാക്കിയതിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞതും നമ്മുടെ നാട്ടില്‍ ഇകോമേഴ്‌സ് വ്യാപകമാകുന്നതിനു സഹായിച്ചു.

 

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഇകോമേഴ്‌സ് ഇടപാടുകളെ കുറിച്ച് നിരവധി പരാതികളുണ്ട്. ഇകോമേഴ്‌സ് ഇടപാടുകളിലെ കൊടും വഞ്ചനകളെ കുറിച്ചാണ് പരാതികൾ ഏറെയും. വ്യാജവും മായം കലര്‍ന്നതുമായ ഉല്പന്നങ്ങള്‍ അയച്ചു കിട്ടുന്നു, അളവിലും തൂക്കത്തിലും കൂറവ് വരുന്നു, ഓഡർ ചെയ്ത സാധനങ്ങള്‍ക്ക് പകരമായി കല്ലും കട്ടയും വേസ്റ്റ് സാധനങ്ങളും അയച്ചു കിട്ടുന്നു, തെറ്റായ പരസ്യങ്ങള്‍ നല്കുന്നു എന്നിങ്ങനെ നീണ്ടു പോകുന്നു അത്തരം പരാതികളുടെ പട്ടിക. എന്നാൽ, ഇവ്വിധമുള്ള ഉപഭോക്തൃ പരാതികള്‍ നിയമപരമായി പരിഹരിക്കാന്‍ സാധനങ്ങള്‍ അയച്ച സ്ഥലത്തെ നിയമ ഫോറങ്ങളെയാണു സമീപിക്കേണ്ടി വരിക. വന്‍പണച്ചെലവും മറ്റ് കഷ്ടപ്പാടുകളും ഉള്ളതു കൊണ്ട് നിയമ നടപടികളില്‍ നിന്നും ഉപഭോക്താക്കള്‍ പിന്‍മാറുകയാണ് പതിവ്.

 

ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കനുള്ള നിയമം ഇക്കഴിഞ്ഞ ദിവസം മുതല്‍ നടപ്പിൽ വന്നിരിക്കുന്നു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് എല്ലാ ഇകോമേഴ്സ് ഇടപാടുകളും ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ - ഇലക്ട്രോണിക് സംവിധാനങ്ങൾ, ടെലിഷോപ്പിംഗ്, മൾട്ടി ലെവൽ മാർക്കറ്റിംഗ് തുടങ്ങിയ മാർഗങ്ങളിലൂടെ സാധങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരും.

 

ഇപ്പോള്‍ നടപ്പില്‍ വന്ന നിയമ വ്യവസ്ഥ പ്രകാരം ഉല്പാദകര്‍, സേവനദാതാക്കള്‍, വില്പനക്കാര്‍ എന്നിവര്‍, ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാൻ ബാധ്യതയുള്ളവരാണ്. വില്പനക്കാര്‍ എന്നതിന്‍റെ പരിധിയില്‍ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളും വരുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ആണ് ഉപഭോക്താവിന് വിറ്റതെങ്കിൽ ഉല്പാദകനിൽ നിന്നും പിഴയും ഈടാക്കാനാവുംവിധമാണ് വ്യവസ്ഥകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താവിന് ഇ-ഫയലിംഗിലൂടെ പരാതികള്‍ സമര്‍പ്പിക്കാം. പരാതി നല്കുന്നയാളുടെ ജോലിസ്ഥലത്തോ
താമസസ്ഥലത്തോ പ്രവർത്തിക്കുന്ന നിയമഫോറത്തില്‍ ഇനി മുതൽ പരാതികൾ ഫയൽ ചെയ്യാനാകും. ഉപഭോക്താവിന് ഏറെ ആശ്വാസം പകരുന്ന ഒരു വ്യവസ്ഥയാണിത്. പരാതികള്‍ ഇഫയലിംഗിലൂടെ ആകാമെന്നതു പോലെ വിസ്താരവും ഹിയറിംഗും വീഡിയോ കോൺഫറൻസ് വഴി നടത്താൻ കമ്മീഷനുകൾക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയും ഉണ്ട്. ഇകോമേഴ്സ് ഇടപാടുകളില്‍ ഉപഭോക്താവിന് ഉണ്ടാകുന്ന ക്ളേശങ്ങള്‍ക്ക് താമസംവിനാ പരിഹാരം ഉണ്ടാകാന്‍ ഈ നിയമ വ്യവസ്ഥകള്‍ ഉപയുക്തമാണ്.

 

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി രൂപീകരിക്കും എന്നത് പുതിയ നിയമത്തിലെ മറ്റൊരു ആകര്‍ഷണമാണ്. ഇന്‍ഡ്യയില്‍ ആകമാനം നടക്കുന്ന ഉപഭോക്‌തൃ നിയമ ലംഘനങ്ങൾ കണ്ടെത്താനും, അക്കാര്യങ്ങളെ കുറിച്ചു അന്വേഷിച്ച് നടപടി എടുക്കാനുമുള്ള അധികാരം ഈ അതോറിട്ടിക്കുണ്ട്. സ്വമേധയാ കേസ് എടുക്കുവാനും, വിപണിയിൽ അപ്പോള്‍ ലഭ്യമായ ഉല്പന്നങ്ങള്‍ പിന്‍വലിപ്പിക്കാനും, പിടിച്ചെടുക്കാനും അതോറിട്ടിക്ക് അധികാരമുണ്ട്. ഉല്പന്നങ്ങള്‍ വാങ്ങുന്നതിനോ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ ഉപഭോക്താവ് മുടക്കിയ പണം തിരികെ കൊടുക്കാൻ വില്പന നടത്തിയവരോടോ സേവന ദാതാവിനോടോ നിര്‍ദ്ദേശിച്ച് ഉത്തരവിടാനും, ലൈസൻസുകൾ റദ്ദ് ചെയ്യാനും അതോറിട്ടിയെ അധികാരപ്പെടുത്തിയുള്ള വ്യവസ്ഥയുമുണ്ട്.

 

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതിക്ക് ഇനി മുതൽ ഒരു കോടി രൂപ വരെയുള്ള കേസുകൾ തീർപ്പു കൽപ്പിക്കാനുള്ള അധികാരം നിയമത്തില്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതിക്ക് ഒരു കോടി രൂപ മുതൽ .10 കോടി രൂപ വരെയുള്ള പരാതികളില്‍ തീർപ്പ് കല്പിക്കാനുള്ള അധികാരപരിധിയുണ്ട്. 10 കോടി രൂപക്ക് മുകളിലുള്ള പരാതികളുടെ അധികാര പരിധി ദേശീയ സമിതിക്കാണ് നല്‍കിയിട്ടുള്ളത്. 5 ലക്ഷം രൂപ വരെയുള്ള പരാതികള്‍ക്ക് ഫീസ് ചുമത്തുകയില്ല.

 

ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങൾ നിയമപ്രകാരമല്ലാതെ കൈമാറുന്നതും നീതിരഹിതമായ വ്യാപാര ഇടപാടായി കണക്കാക്കും. തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം നൽകിയാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിയില്‍ പരാതിപ്പെടാം. അതോറിട്ടിക്ക് 10 ലക്ഷം രൂപ വരെ പിഴയും . 2 വർഷം വരെ തടവ് ശിക്ഷയും നൽകാനും അധികാരം ഉണ്ട്.

 

താമസംവിനാ നിയമ പരിഹാരത്തിന് മധ്യസ്ഥത എന്ന മാർഗം സ്വീകരിക്കാനുമാകും. ഇതിന് ഇരു കക്ഷികളുടെയും സമ്മതം വേണം. മാത്രമല്ല, മധ്യസ്ഥ തീരൂമാനത്തില്‍ അപ്പീല്‍ നല്‍കാനാവില്ല. ഇനി മുതല്‍ ആതുരാലയങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് ഉപഭോക്തൃ സമിതികളെ സമീപിക്കാനാവില്ല. പകരം നഷ്ടപരിഹാരത്തിനായി സിവിൽ കോടതിയെ സമീപിക്കണം.


Dr M Sarngadharan