Specials

07 Jan 2020 00:45 AM IST

Reporter-Leftclicknews

ഇന്ത്യയില്‍ സവര്‍ണരാജിന്റെ അന്ത്യത്തിന്റെ തുടക്കം

ഇന്ന് ഇന്ത്യയിൽ നടക്കുന്നത് സ്വാതന്ത്ര്യ സമരമാണെന്ന് 'Gandhi and Philosophy ; On Theological Anti Politics' എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കളും തത്വചിന്തകരുമായ ഷാജ്‌മോഹനും ദിവ്യദ്വിവേദിയും. അവർ ലെഫ്റ്റ്ക്ലിക്ന്യൂസിനു വേണ്ടി എഴുതിയ ലേഖനം.

മുസ്ലീങ്ങൾക്ക് പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിലൂടെ തീവ്ര ഹിന്ദു വലതുപക്ഷം നമ്മുടെ രാഷ്ട്രീയ ഘടനയുടെ അടിസ്ഥാനങ്ങളെ തകർത്തിരിക്കുകയാണ്. ഫാസിസ്റ്റ് ഗവണ്മെന്റ് നടത്താൻ പോകുന്ന ദേശീയ പൗരത്വ പട്ടിക ശരിയായ രേഖകളില്ലാത്ത ഇന്ത്യക്കാരെ പൗരരല്ലാതാകുമെന്ന ഭീതിയാണ് ഇപ്പോൾ നമ്മെ ഗ്രസിച്ചിരിക്കുന്നത്. 1935 ൽ ഹിറ്റ്ലർ ജർമനിയിൽ നടപ്പാക്കിയ ന്യൂറംബർഗ് നിയമങ്ങളെയാണ് സിഐഎയും എൻ ആർ സി യും പിന്തുടരുന്നത്. ഇതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്താനാണ് ഫാസിസ്റ്റുകാർ ശ്രമിക്കുന്നത്. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന ചെറിയ കുട്ടികളെ പോലും പോലീസുകാർ കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുന്നു. പ്രക്ഷോഭകാരികൾക്കെതിരെ കരസേനാധിപൻ നടത്തിയ പരസ്യഭീഷണി ആശങ്കയുളവാക്കുന്നതാണ്.

 

തീവ്ര ഹിന്ദുത്വവാദികളും ഉദാരവാദികളും ആഗ്രഹിക്കുന്നത് ഈ പ്രശ്നത്തെ ഒരു ഹിന്ദു -മുസ്ലീം പ്രശ്നമാക്കി ചുരുക്കാനാണ്. മുസ്ലീം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം ഈ പ്രക്ഷോഭം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സ്തംഭനാവസ്ഥയിലേക്കു കൂടി വിരൽ ചൂണ്ടുന്നുണ്ട്. നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ - സോഷ്യലിസ്റ്റ് - സമത്വ സമൂഹമെന്ന ആദർശവും ശ്രേണീബദ്ധവും അസമവുമായ ജാതിവ്യവസ്ഥയെന്ന യാഥാർത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇന്ത്യൻ രാഷ്ട്രീയത്തെ സ്തംഭിപ്പിക്കുന്നത്. ഭരണഘടനാ നിർമാണസഭയിലെ ഭൂരിപക്ഷഅംഗങ്ങളും സവർണരായിരുന്നു.

 

അവരുടെ സമ്മർദ്ദങ്ങളെ പൂർണമായി അതിജീവിക്കാൻ കഴിയാതിരുന്നതിനാൽ പല തരത്തിലുള്ള സവർണഹിന്ദു താല്പര്യങ്ങളും ഭരണഘടനയിലേക്ക് ഒളിച്ചു കടത്തിയിട്ടുണ്ട്. ഇന്ത്യൻ ജനസംഖ്യയിൽ 10 ശതമാനത്തിൽ താഴെ വരുന്ന സവർണർ 90 ശതമാനത്തെ സഹസ്രാബ്ദങ്ങളായി അടിച്ചമർത്തുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇതര മതന്യൂനപക്ഷങ്ങൾക്കെതിരെ ഇവർ ആവിഷ്കരിച്ച വലിയൊരു നുണയാണ് ഹിന്ദു ഭൂരിപക്ഷമെന്നത്. ഹിന്ദു ഭൂരിപക്ഷമെന്ന മിഥ്യയാണ് ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. അവർണ ഭൂരിപക്ഷത്തെ ഹിന്ദുവായിട്ടാണ് ഔദ്യോഗിക രേഖകളിൽ പരിഗണിക്കുന്നതെങ്കിലും അവരുടെ ജീവിതം ഇന്നും തടങ്കൽ പാളയങ്ങളിലേതിന് സമാനമാണ്.

 

അവർണർ നല്ല വസ്ത്രങ്ങൾ ധരിച്ചാലും മോട്ടോർ വാഹനങ്ങളിൽ സഞ്ചരിച്ചാലും അവരെ സവർണ ഹിന്ദുക്കൾ കൊല്ലുന്നത് ഇന്ത്യയിൽ പലയിടത്തും പതിവാണ്. ജുഡീഷ്യറി, നിയമസഭകൾ, യൂണിവേഴ്സിറ്റികൾ, മാധ്യമം തുടങ്ങിയ മേഖലകൾ എല്ലാം നിയന്ത്രിക്കുന്നത് ഈ സവർണ ന്യൂനപക്ഷമാണ്. ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെ ലക്ഷ്യം തന്നെ സവർണ ഹിന്ദുക്കൾ ഒരു ന്യൂനപക്ഷമാണെന്ന വസ്തുത മൂടിവെയ്ക്കുകയെന്നതാണ്. മതന്യൂനപക്ഷങ്ങളും യഥാർത്ഥത്തിൽ ഇല്ലാത്ത ഹിന്ദു ഭൂരിപക്ഷവും തമ്മിലുള്ള സംഘർഷമായി രാഷ്ട്രീയത്തെ ചുരുക്കുന്നതിനു പിന്നിലെ താല്പര്യം, യഥാർത്ഥമായ സവർണ - അവർണ ജാതി വൈരുദ്ധ്യങ്ങളെ മറച്ചു വെയ്ക്കുകയും നിർവീര്യമാക്കുകയെന്നതുമാണ്.

 

കാരവൻ മാസികയുടെ പൊളിറ്റിക്കൽ എഡിറ്ററായ ഹാർതോഷ്‌ ബാലിന്റെ വാക്കുകൾ നോക്കുക : "ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംവരെയും സവർണ ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ്സിന്റെ മിതവാദത്തിനു കഴിഞ്ഞിരുന്നു. എന്നാൽ ഇന്ത്യയിലെ അവർണ ഭൂരിപക്ഷത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യ സമരത്തെ തടഞ്ഞു നിർത്താൻ ഇനിയും ഇത്തരം ഉദാര നയങ്ങൾക്ക് കഴിയാതായിരിക്കുന്നു. ഫാസിസ്റ്റ് ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റം ഇതാണ് തെളിയിക്കുന്നത്." ഇന്ത്യയിലെ അവർണ ഭൂരിപക്ഷത്തിന്റെ ഏറ്റവും പ്രമുഖ നേതാവായ ചന്ദ്രശേഖർ രാവൺ ഡിസംബർ 15 ന് ഡൽഹി ജുമാ മസ്ജിദിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് ഇങ്ങനെ : "മോദി ഗവൺമെന്റിന്റെ യഥാർത്ഥ ലക്ഷ്യം. ഇന്ത്യയിലെ ദളിത്‌ -ബഹുജന ഭൂരിപക്ഷത്തിന്റെ അധികാരം കവർന്നെടുക്കുകയെന്നതാണ്. അതിനുള്ള ഒരു മറ മാത്രമാണ് മുസ്ലീങ്ങൾ." എന്നാൽ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ന്യൂനപക്ഷ സവർണ വാഴ്ചയുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുകയാണ്. അവർണ ഭൂരിപക്ഷത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യ സമരമായി വികസിക്കുകയാണ്.


Reporter-Leftclicknews