05 Jun 2020 22:50 PM IST
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ ഐക്യരാഷട്രസഭ തീരുമാനിക്കുമ്പോൾ മലയാളത്തിൽ പരിസ്ഥിതി എന്നൊരു പദം ഉണ്ടായിട്ടില്ല. പിന്നീട് സൈലൻറ് വാലി സമരത്തെ തുടർന്ന് പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ശക്തമായപ്പോഴാണ് environment എന്ന പദത്തിന് ഒരു മലയാള പദം ആവശ്യമായി വന്നത്. പരിതസ്ഥിതി, പരിസരം എന്നീ വാക്കുകളിൽ നിന്ന് എൻ.വി കൃഷ്ണവാരിയർ പരിസ്ഥിതി എന്നൊരു പദം സൃഷ്ടിക്കുകയായിരുന്നു. അതും കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.
പരിസ്ഥിതിദിനം എന്നത് സർക്കാരും സന്നദ്ധ സംഘടനകളും എല്ലാം ഏറ്റെടുത്ത വലിയ ഒരു ആഘോഷമായി അതിവേഗം മാറി. മുമ്പുണ്ടായിരുന്ന വനം മഹോത്സവം വനം വകുപ്പിൻ്റെ ഒരു ഔദ്യോഗിക ചടങ്ങായിരുന്നെങ്കിൽ പരിസ്ഥിതി ദിനാചരണത്തിന് വിദ്യാർത്ഥികളും സന്നദ്ധ സംഘടനാ പ്രവർത്തകരും രാഷട്രീയ- സാംസ്കാരിക പ്രവർത്തകരും എല്ലാം പങ്കെടുക്കുന്ന ഒരു ജനകീയ ആഘോഷത്തിൻ്റെ ഛായ വന്നു. പരിസ്ഥിതി വിവേകം ലവലേശമില്ലാത്ത രാഷട്രീയ നേതാക്കൾക്കും വ്യവസായ പ്രമുഖർക്കും പരിസ്ഥിതിപ്രേമികളായി നടിക്കാൻ ലഭിക്കുന്ന സുവർണ്ണാവസരമാണ് പരിസ്ഥിതി ദിനം.
ജൂൺ 5 ന് മരത്തൈ നടുകയും, അതിൻ്റെ ദൃശ്യങ്ങൾ ടിവി ചാനലുകളിലും, ഫോട്ടോയും വാർത്തയും അടുത്ത ദിവസത്തെ പത്രങ്ങളിലും വരികയും ചെയ്തില്ലെങ്കിൽ, ഒരാൾ നേതാവായി കണക്കാക്കപ്പെടില്ല എന്ന തരത്തിൽ അർത്ഥശൂന്യമായ അനുഷ്ഠാനമായി മാറിയിരിക്കുന്നു പരിസ്ഥിതി ദിനാഘോഷം. വനംകൊള്ളക്കാരും കരിമണൽ കടത്തുകാരും പാറമാഫിയയുമാണ് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ന്പോൺസർമാർ. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ അധോലോകത്തിന് ഒത്താശ ചെയ്യുന്ന രാഷട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരും പരിസ്ഥിതിദിനത്തിൽ മരത്തൈ നട്ട് പരിസ്ഥിതിപ്രേമികളായി മാറുന്നു.
കാട്ടിൽ കടന്നു കയറി വനസംരക്ഷണ നിയമങ്ങളെ കാറ്റിൽ പറത്തുന്ന കാട്ടുകളളന്മാരാണ് പൊതുസ്ഥലത്ത് വൃക്ഷത്തൈ നട്ടു പരിശുദ്ധ പരിസ്ഥിതി പ്രേമികളാകുന്നത്. കാട്ടിൽ നിന്ന് ആനകളെ കൊണ്ടുവന്ന് പൊള്ളുന്ന വെയിലത്ത് നടത്തിക്കുകയും എല്ലാത്തരത്തിലും പീഡിപ്പിക്കുകയും കൊന്ന് ആനക്കൊമ്പ് കള്ളക്കടത്തു നടത്തുകയും ഷോ കെയ്സിൽ വയ്ക്കുകയും ചെയ്യുന്നവർ 'വന്യജീവികളെ ആഘോഷിക്കുക' എന്ന ഈ വർഷത്തെ പരിസ്ഥിതിദിന പ്രമേയമത്തെക്കുറിച്ച് വാചാലരായി സന്ദേശം നല്കുന്നു. ഈ കാപട്യങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പൊരുതും എന്നതാകട്ടെ പരിസ്ഥിതിദിനത്തിൽ നമ്മുടെ പ്രതിജ്ഞ.