23 Nov 2019 22:55 PM IST
പ്രമുഖ നാടക-ചലച്ചിത്ര നടി ഷൗക്കത്ത് കൈഫി(93) അന്തരിച്ചു. ഇന്നലെ (നവംബര്‍ 22) സന്ധ്യയ്ക്ക് മുംബൈയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ചു കാലമായി കിടപ്പിലായിരുന്നു. വിഖ്യാത കവിയും ഗാനരചയിതാവുമായിരുന്ന കൈഫി ആസ്മി ഭര്‍ത്താവും പ്രശസ്ത നടി ഷബാന ആസ്മി മകളും ചലച്ചിത്ര ഛായാഗ്രാഹകന്‍ ബാബ ആസ്മി മകനുമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മുംബൈയില്‍ നടക്കും.
ഭര്‍ത്താവ് കൈഫി ആസ്മിയോടൊപ്പം ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍(ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. സിപിഐ പ്രവര്‍ത്തകരായിരുന്ന കൈഫി ആസ്മിയും ഷൗക്കത്തും കുടുംബസഹിതം ദീര്‍ഘകാലം മറ്റു പാര്‍ട്ടി നേതാക്കളോടൊപ്പം കമ്മ്യൂണ്‍ ജീവിതമാണ് നയിച്ചത്.
50 കളില്‍ മുംബൈ നാടകവേദിയില്‍ സജീവമായിരുന്ന ഷൗക്കത്ത് നിരവധി ഹിന്ദി സിനിമകളിലും അഭിനയിച്ചു. കെ.എ.അബ്ബാസിന്റെ ഫസ്‌ല, എം.എസ് സത്യുവിന്റെ ഗരം ഹവ, മുസഫര്‍ ആലിയുടെ ഉമ്രാവ് ജാന്‍, മീരാ നയരുടെ സലാം ബോംബേ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.