Film

24 Jul 2020 20:00 PM IST

Geetha

ടോളിവുഡും 'ഗൗരവ'വും

ഇന്ത്യൻ ജനപ്രിയ സിനിമയിൽ ദുരഭിമാനക്കൊല ആവിഷ്കരിക്കപ്പെടുന്നത് എങ്ങനെയെന്ന് അന്വേഷിക്കുകയായിരുന്നു വെള്ളിവിഴായുടെ കഴിഞ്ഞ കുറച്ചു ലക്കങ്ങളിൽ ഗീത. ദുരഭിമാനക്കൊല ചിത്രീകരിക്കപ്പെടുന്ന 'ഗൗരവം' എന്ന തെലുങ്കു സിനിമയെ മുൻനിർത്തിയുള്ള അന്വേഷണമാണ് ഈ ലക്കത്തിൽ.

ഒരേ സമയം തമിഴിലും തെലുങ്കിലും ഷൂട്ടു ചെയ്ത സിനിമയാണ് ഗൗരവം (2013). അന്തസ്, അഭിമാനം (Honour , Prestige, Pride ) എന്നൊക്കെയാണ് ഗൗരവത്തിൻ്റെ വാഗർഥം. രാധാമാധവനും ( സംവിധാനം) പ്രകാശ് രാജും (നിർമാണം) ചേർന്നാണ് ഗൗരവം തമിഴിലും തെലുങ്കിലും ഒരുമിച്ചു ചെയ്തത്. നേർരേഖീയമായ പരിണതിയാണ് തമിഴിലെങ്കിൽ ഒരല്പം സങ്കീർണമായാണ് തെലുങ്കിലെ പര്യവസാനം. അതു കൊണ്ട് തെലുങ്കിലെ ഗൗരവമാണ് വെള്ളിവിഴാ പരിഗണിച്ചത്.

 

വളരെ ആർഭാടപൂർണമായ നാഗരിക ജീവിതമായിരുന്നു അർജുൻറ്റേത്. ജോലി സംബന്ധമായ ആവശ്യത്തിനായി യാത്ര പോയതിനിടയിൽ എസ് എം പള്ളിയെന്ന ഗ്രാമത്തിലെത്തുന്നു. അവിടെ അർജുൻ്റെ അടുത്ത സുഹൃത്തും സഹപാഠിയുമായ ശങ്കറിനെ കാണണം. വെങ്കിയെന്ന കൂട്ടുകാരൻ്റെ സഹായത്തോടെ അർജുൻ ശങ്കറിൻ്റെ വീട്ടിലെത്തുന്നു. ആ ഗ്രാമത്തിലെ ദരിദ്രവും ദളിതവുമായ ഒരു കോളനിയിൽ നിന്നായിരുന്നു ശങ്കർ പഠിക്കാൻ നഗരത്തിലെത്തിയതെന്ന് അപ്പോൾ മാത്രമാണ് അർജുൻ തിരിച്ചറിയുന്നത്. എന്നാൽ കഴിഞ്ഞ 6 മാസമായി ശങ്കർ നാട്ടിലോ വീട്ടിലോ വന്നിട്ടില്ല. അവൻ ഗ്രാമത്തിലെ ധനികനായ ഭൂപ്രഭുവിൻ്റെ മകൾ രാജേശ്വരിയോടൊപ്പം എങ്ങോട്ടോ ഒളിച്ചോടിപ്പോയെന്നാണ് അവിടെ പ്രചരിച്ച കഥ. ശങ്കറിൻ്റെ നിജസ്ഥിതി അന്വേഷിക്കാൻ തീരുമാനിച്ച് അർജുൻ ആ ഗ്രാമത്തിൽ തങ്ങി.

 

ഗ്രാമത്തിലെ പ്രമാണിയായ പശുപതിയുടെ പുത്രിയായിരുന്നു രാജേശ്വരി. അർജുൻ്റെയും കുട്ടരുടെയും അവിടത്തെ താമസവും അന്വേഷണവും പശുപതിയുടെ മൂത്ത മകൻ ജഗപതിക്ക് ഇഷ്ടപ്പെടുന്നില്ല. ഭയപ്പെടുത്തിയും ആക്രമിച്ചും അവരെ അവിടെ നിന്നോടിക്കാൻ ജഗപതിയും കൂട്ടരും ശ്രമിക്കുന്നു. എന്നാൽ അർജുൻ ചെറുത്തു നില്ക്കുന്നു. യാമിനിയാണ് അർജുൻ്റെ സഹായി. സോഷ്യൽ മീഡിയയിലൂടെ തൻ്റെ സുഹൃത്തുക്കളെയും ഇന്ത്യയിൽ പലയിടത്തുമുള്ള യുവാക്കളെയും അർജുൻ ആ ഗ്രാമത്തിലേക്കു വരുത്തി. അവർ നിരന്തരം ആക്രമിക്കപ്പെട്ടെങ്കിലും ചെറുത്തു നിന്നു.

 

മൂകനായ ദളിത് ബാലൻ വരച്ച ചിത്രത്തിൻ്റെ സഹായത്തോടെ തകർന്ന മണ്ഡപത്തിനടുത്തു കുഴിച്ചിട്ടിരുന്ന യുവാക്കളുടെ മൃതദേഹം അർജുനും കൂട്ടരും കണ്ടെടുത്തു. അത് ശങ്കറും രാജേശ്വരിയുമാണെന്നു തിരിച്ചറിഞ്ഞു. ജഗപതിയുടെ ഭാര്യയുടെയും രാംബാബുവിൻ്റെയും സഹായത്തോടെ അർജുൻ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നു.

 

ശങ്കറിനോടൊപ്പം രാജേശ്വരി ഓടിപ്പോയ രാത്രി അവളെ പിടിച്ചു കൊണ്ടുവരാൻ ജഗപതിയോടും രാംബാബുവിനോടും പശുപതി ആവശ്യപ്പെട്ടു. ഇരുവരെയും പിടിച്ചു കൊണ്ടുപോയി ജഗപതി ശങ്കറിനെ കൊല്ലുന്നതു കണ്ട് രാജേശ്വരി അയാളുടെ കൈ കയറിപ്പിടിച്ച് തടയാൻ ശ്രമിക്കുന്നു. ശങ്കറിനെക്കൂടാതെ തനിക്കു ജീവിതമില്ലെന്നറിയിക്കുന്നു. ജഗപതി അവളുടെ കൈ വെട്ടി. ഇരുവരെയും കൊന്നു തകർന്ന മണ്ഡപത്തിനടുത്ത് കുഴിച്ചിടുന്നു. ഈ രംഗം മുകനായ ബാലൻ വരച്ചു. രാം ബാബു ഇതിനെല്ലാം സാക്ഷിയായിരുന്നു.

 

ഇതെല്ലാം കണ്ടെത്തിയ അർജുനെ ജഗപതി സംഘത്തോടെ ആക്രമിച്ചു. കടുകിടയ്ക്കു രക്ഷപ്പെട്ട അർജുൻ പശുപതിയുടെ വീട്ടിലെത്തി. അവിടെയെത്തിയ ജഗപതിയെക്കൊണ്ട് കാര്യങ്ങൾ പറയിക്കുന്നു. കുടുംബത്തിൻ്റെ അഭിമാനത്തിനു വേണ്ടി താനവരെ കൊന്നുവെന്നു ജഗപതി അഭിമാനത്തോടെ തന്നെ പറയുന്നു. മകൻ മകളെ കൊന്നുവെന്ന് അറിയുന്നതോടെ പശുപതി തോക്കെടുത്ത് മകനെ വെടിവെച്ചു കൊന്ന് പോലീസിനു കീഴടങ്ങുന്നു. എന്നാൽ സിനിമ അവിടെ അവസാനിക്കാതെ ഗ്രാമവാസികളിലേക്കിറങ്ങി. ശങ്കറും രാജേശ്വരിയുമായി ബന്ധപ്പെട്ട ഈ സംഭവം അവിടത്തെ സവർണർക്കിടയിൽ മാറ്റമുണ്ടാക്കിയെന്നും പശ്ചാത്താപത്തോടെ തെറ്റുകൾ തിരുത്താനും സമഭാവത്തോടെ എല്ലാവരെയും പരിഗണിക്കാനും അവർ തയ്യാറായെന്നും സിനിമ സൂചിപ്പിക്കുന്നു. ഒരു പക്ഷേ അതു സിനിമയുടെ ആഗ്രഹം മാത്രമായിരിക്കാം. എങ്കിലും ആ ആഗ്രഹം നല്ലതാണ്. പുരോഗമനപരവുമാണ്.

 

അല്ലു ശിരീഷ്, നാസർ, യാമി ഗൗതം, പ്രകാശ്‌രാജ് എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. കമേർഷ്യൽ തെലുങ്കു സിനിമയുടെ ഘടകങ്ങളുള്ള ഗൗരവം പക്ഷേ പ്രസക്തമാകുന്നത് അതിൻ്റെ പ്രമേയ സ്വീകരണം കൊണ്ടു മാത്രമാണ്. ദുരഭിമാനക്കൊലയെ തെലുങ്കു സിനിമ ചർച്ച ചെയ്തു ഗൗരവത്തിലൂടെ എന്നതു തന്നെയാണു പ്രധാനം.

 

തെലുങ്കാനയിൽ സംഭവിച്ച പ്രമാദമായ നാൽഗോണ്ട ദുരഭിമാനക്കൊലയെക്കുറിച്ചു പരാമർശിക്കാതെ വെള്ളിവിഴായുടെ ഈ ഭാഗം അവസാനിപ്പിക്കുന്നത് അനുചിതമാണ്. മിര്യാല ഗുഡാ കേസ് എന്നുകൂടി ഇതറിയപ്പെടുന്നു. സവർണനും സമ്പന്നനുമായ റിയൽ എസ്റ്റേറ്റു ബിസിനസുകാരൻ ടി.മാരുതി റാവുവിൻ്റെ മകൾ ടി. അമൃതവർഷിണി താരതമ്യേന ദരിദ്രനും ദളിത് ക്രിസ്ത്യാനിയുമായ ബാലസ്വാമിയുടെ മകൻ പി പ്രണയ്കുമാറുമായി പ്രണയത്തിലായി. അമൃതയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ആര്യസമാജം ക്ഷേത്രത്തിൽ വെച്ച് 2018 ജനുവരി 31ന് അമൃതയും പ്രണയും വിവാഹിതരായി. അവർ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു. അമൃത ഗർഭിണിയായി. 2018 സെപ്തംബർ 14 ന് അഞ്ചാം മാസം ചെക്കപ്പിനായി മാസം ചെക്കപ്പിനായി ജ്യോതി ആശുപത്രിയിൽ പോയി ഇരുവരും മടങ്ങുമ്പോൾ പ്രണയിനെ പിന്നിൽ നിന്ന് മഴു കൊണ്ട് ആഞ്ഞു വെട്ടി. പട്ടാപ്പകൽ പൊതുസ്ഥലത്ത് അമൃതയുടെ കൺമുമ്പിൽ വെച്ചായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കൊലപാതകിയെ ബിഹാറിൽ നിന്ന് അറസ്റ്റു ചെയ്തു. ഐ എസ് ഐ ലിങ്ക് ഉണ്ടെന്നു ബിഹാർ പോലീസ് പറയുന്ന ഒരു സംഘത്തിൽ ഉൾപ്പെട്ട ഇയാൾ 23 വയസ്സുള്ള എഞ്ചിനീയറിങ് ബിരുദധാരിയാണ്. തൻ്റെ അച്ഛനെയും അമ്മാവൻ ശ്രാവണിനെയും സംശയിക്കുന്നതായി അമൃത പോലീസിനോടു പറഞ്ഞിരുന്നു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അബോർട്ടു ചെയ്യാൻ അവളെ അവർ സമ്മർദം ചെലുത്തിയിരുന്നുവത്രെ. അവരിരുവരും അറസ്റ്റു ചെയ്യപ്പെട്ടു. 1.13 കോടിയായിരുന്നത്രെ വാടകക്കൊലയാളിക്കു പ്രതിഫലം. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരൺ പാണ്ഡ്യയെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടു പേരുൾപ്പടെ 7 പേരെ പ്രണയ് വധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു.

 

2018 ഓഗസ്റ്റ് 9 മുതൽ കൊലയാളികൾ പ്രണയിനെ നിരീക്ഷിച്ചു വരികയായിരുന്നത്രെ. പ്രണയുടെ മരണശേഷം സ്വന്തം വീട്ടിലേക്കു പോകാൻ അമൃത വിസമ്മതിച്ചു. അറസ്റ്റു ചെയ്യപ്പെട്ട് 7 മാസത്തിനു ശേഷം മാരുതി റാവു ജാമ്യത്തിലിറങ്ങി. മകളെ വീട്ടിലേക്കു വരാൻ നിർബന്ധിച്ചു. അവൾ വിസമ്മതിച്ചുവെന്നു മാത്രമല്ല അച്ഛനെതിരെ പരാതി നല്കി. അയാൾക്കു വീണ്ടും ജെയിലിൽ പോകേണ്ടി വന്നു. അമൃത ഒരിക്കലും അയാളെ 'അച്ഛനെ'ന്നു പറഞ്ഞില്ല. മാരുതി റാവു എന്നു തന്നെ പരാമർശിച്ചു. അയാൾ വീണ്ടും ജാമ്യത്തിലിറങ്ങി. അമൃത നല്കിയ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചു. അവൾ കൂട്ടാക്കിയില്ല.

 

മാരുതി റാവുവിനെ ഒരു ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടു. ആത്മഹത്യാ കുറിപ്പിൽ അവൾ അമ്മയെ കാണണമെന്ന് മാരുതി റാവു എഴുതിയിരുന്നു. എന്നാൽ അമ്മാവൻ ശ്രാവണിൻ്റെ മക്കൾ അവളെ വീട്ടിൽ കയറ്റിയില്ല. ശ്രാവണും കുടുംബവും സ്വത്തു തട്ടിയെടുക്കാൻ അമ്മയെ ഭീഷണിപ്പെടുത്തുന്നതായി അമൃത ആരോപിച്ചിരുന്നു.

 

ടോളിവുഡ് ഈ കേസിനോട് സജീവവും സക്രിയവുമായി പ്രതികരിച്ചുവെന്നതാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം. തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും നിരവധി പ്രതിഷേധങ്ങൾ ഉണ്ടായി. കേരളത്തിൽ കെവിൻ്റെ ശവസംസ്കാരച്ചടങ്ങിലെന്ന പോലെ പ്രണയിൻ്റെ ശവസംസ്കാരച്ചടങ്ങിലും ആയിരങ്ങൾ പങ്കെടുത്തു. മഞ്ചു മനോജ്, നിഖിൽ സിദ്ധാർഥ, പോതിനേനി റാം, തസ്ലിമ നസ്റിൻ, കോൺഗ്രസ് പ്രസിഡണ്ട് ഉത്തം കുമാർ റെഡ്ഢി, ടി ആർ എസ് നേതാക്കൾ എന്നിവർ അതിശക്തമായ പ്രതിഷേധമറിയിച്ചു. പലയിടത്തും മെഴുകുതിരിനാളവുമായുള്ള വലിയ റാലികൾ നടന്നു. അതായത് ടോളിവുഡ് ഉൾപ്പടെയുള്ള പൊതു സമൂഹം പ്രണയ് വധത്തിൽ അതിശക്തമായി പ്രതികരിച്ചു. 2020ൽ ഈ സംഭവവുമായി ബന്ധപ്പെട്ട് രാംഗോപാൽ വർമ്മ മർഡർ എന്ന സിനിമ പ്രഖ്യാപിച്ചു. ആദ്യ പോസ്റ്ററുകളും പരസ്യവും പുറത്തു വന്നതോടെ അതു വിവാദമായി. തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തങ്ങൾക്കു സംഭവിച്ച ദുരന്തം കച്ചവടമാക്കുകയാണെന്നും ഇതിൻ്റെ പേരിൽ ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുന്ന അമൃത സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസവും അവഹേളനവും നേരിട്ടു കൊണ്ടിരിക്കയാണെന്നുമുള്ള ആരോപണവുമായി പ്രണയിൻ്റെ അച്ഛൻ ബാലസ്വാമി രംഗത്തു വന്നിരിക്കയാണ്. വിവാദത്തെ നേരിടാൻ രാംഗോപാൽ വർമ്മ മാധ്യമങ്ങളിലൂടെ ശ്രമിച്ചു. പക്ഷേ, ജാതിപരാമർശവും അവഹേളനവും ഉള്ള മർഡർ എന്ന സിനിമ ബാൻ ചെയ്യാൻ ബാലസ്വാമി കോടതിയെ സമീപിച്ചു. മര്യാല ഗുഡ പോലീസിനോട് രാംഗോപാൽ വർമ്മക്കും നിർമ്മാതാവിനുമെതിരെ ഇതിൻ്റെ പേരിൽ കേസെടുക്കാൻ നാൽഗോണ്ട കോടതി ഉത്തരവിട്ടു. ഈ നിയമ നടപടി നേരിട്ടു കൊണ്ടിരിക്കെ, താൻ ഒരു യഥാർഥ സംഭവം ചിത്രീകരിക്കുകയാണെന്നും ഒരു ജാതിയെയും അവഹേളിക്കുന്നില്ലെന്നും രാംഗോപാൽ വർമ്മ ട്വീറ്റു ചെയ്തിട്ടുണ്ട്.

 

തെലുങ്കാനയിലും ദുരഭിമാനക്കൊലകൾ അവസാനിച്ചിട്ടില്ലെന്നാണ് 2020 ജൂൺ 7 ന് (അതായത് ലോക് ഡൗൺ തുടങ്ങിയ ശേഷം ) ഗാഡ് വാൾ ജില്ലയിലെ കുലുകുണ്ട്ലാ ഗ്രാമത്തിൽ നടന്ന സംഭവം വ്യക്തമാക്കുന്നത്. വൈശ്യ വിഭാഗത്തിൽപ്പെട്ട ഭാസ്കറുടെയും വീരമ്മയുടെയും മകൾ ദിവ്യ, കർണൂൽ ജില്ലയിലെ കോളജിലെ ബിരുദ വിദ്യാർഥിനി, ലോക് ഡൗണിനു രണ്ടു ദിവസം മുമ്പേ വീട്ടിലെത്തി. അവൾ അന്യജാതിക്കാരനുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ അതിനെ എതിർത്തിരുന്നു. അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അബോർട്ടു ചെയ്യാൻ നിർബന്ധിച്ചു. അവൾ കൂട്ടാക്കിയില്ല. രാത്രി രണ്ടു മണിക്ക് തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു. രാവിലെ മകൾ മരിച്ചു പോയെന്ന് കരച്ചിലായി. പക്ഷേ പോസ്റ്റുമോർട്ടം ചെയ്തു. ഫോറൻസിക് പരിശോധനയിൽ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി . പോലീസ് ദിവ്യയുടെ രക്ഷിതാക്കളെ അറസ്റ്റു ചെയ്തു.മറ്റു രണ്ടു മക്കളുടെ ഭാവിയോർത്ത് തങ്ങൾ തന്നെയാണ് മകളെ കൊന്നതെന്ന് ആ അച്ഛനും അമ്മയും സമ്മതിച്ചു !!

 

അതായത് ഗൗരവം എന്ന സിനിമ 2013 ൽ സ്വപ്നം കണ്ടതുപോലെ തെലുഗു പൊതു സമൂഹം 2020 ലും മാറിയില്ലെന്നതാണ് യാഥാർഥ്യം. ജാതിയും സമ്പത്തും തന്നെയാണ് അവിടെയും ഇന്നും പ്രണയികളുടെ ജീവനെടുക്കുന്നത്. ''കൊല്ലലല്ല ജീവിക്കലാണ് അന്തസ്സെന്ന '' ( Honour is not killing, honour is living ) പാഠം (ഗൗരവം ) പഠിക്കാൻ ഇനിയുമെത്ര ദൂരം പോകേണ്ടി വരുമോ എന്തോ!


Geetha