06 Feb 2020 02:45 AM IST
ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ നിയമനിർമ്മാണം ആവശ്യമാണെന്ന് അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്തു. ഇതു സംബന്ധിച്ച് നിയമസഭയില്‍ മുസ്ലീംലീഗ് അംഗങ്ങളായ എം.ഉമ്മര്‍, പി.കെ.ബഷീര്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മന്ത്രി എ.കെ.ബാലനാണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷന്റെ പ്രധാനനിര്‍ദ്ദേശങ്ങളും മറുപടിയോടൊപ്പം നല്‍കിയിട്ടുണ്ട്.
കേരള സിനി എക്‌സിബിറ്റേഴ്‌സ് ആന്റ് എംപ്ലോയീസ് (റഗുലേഷന്‍) ആക്ട് 2020 എന്ന ചട്ടം നടപ്പിലാക്കുകയും ട്രൈബ്യൂണല്‍ രൂപീകരിക്കുകയും ചെയ്യുക, സ്ത്രീ പുരുഷഭേദമന്യേ തുല്യവേതനം ഏര്‍പ്പെടുത്തുക, സിനിമാ വ്യവസായത്തില്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിക്കുക, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും നിരോധിക്കുക, രേഖാമൂലം കരാര്‍ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായ സമിതിയില്‍ നടി ശാരദ, കെ.ബി.വത്സലകുമാരി എന്നിവര്‍ അംഗങ്ങളായിരുന്നു.