ഭരണഘടനാ ശില്പി ഡോ.ബിആർ അംബേദ്കറുടെ മുംബയ് വസതി ആയിരുന്ന ‘രാജ്ഗൃഹ’ക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം വൈകിട്ടാണ് ആക്രമണം ഉണ്ടായത്. വീടിൻ്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്ത അക്രമികൾ സിസിടിവി ക്യാമറകളും നശിപ്പിച്ചു. മാട്ടുംഗ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മുംബൈ ദാദറിൽ ഹിന്ദു കോളനിയിലുള്ള ‘രാജ്ഗൃഹ’യിൽ അംബേദ്കറുടെ അനന്തര തലമുറയിൽ പെട്ട കുടുംബാംഗങ്ങൾ താമസിക്കുന്നുണ്ട്. പുരാതനമായ ഇരുനിലക്കെട്ടിടത്തിന്റെ ഒരു ഭാഗം അംബേദ്കർ സ്മരണ നില നിർത്തുന്നതിനുള്ള ഒരു മ്യൂസിയമായി സംരക്ഷിച്ചു വരികയാണ്. അംബേദ്കറുടെ പുസ്തകങ്ങൾ, ചിത്രങ്ങൾ, ചിതാഭസ്മം, അദ്ദേഹം ഉപയോഗിച്ചിരുന്ന മറ്റു വിലപ്പെട്ട വസ്തുക്കൾ തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
അജ്ഞാതരായ അക്രമികൾ ചെടിച്ചട്ടികളും മറ്റും നശിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയതായി മ്യൂസിയം ചുമതലക്കാരനായ ഉമേഷ് കാസ്ബെ അറിയിച്ചു. അംബേദ്കറുടെ മരുമകൾ, ചെറുമക്കൾ ആയ പ്രകാശ് അംബേദ്കർ, ആനന്ദ് റാവു, ഭീംറാവു തുടങ്ങിയവരും കുടുംബാംഗങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ വിദർഭയിലെ അകോലെയിലായിരുന്നു, പ്രകാശ് അംബേദ്കർ. പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹത്തിൻറെ അനുയായികളോട് ശാന്തരായിരിക്കാനും ‘രാജ്ഗൃഹ’ക്ക് ചുറ്റും കൂട്ടം കുടരുതെന്നും പ്രകാശ് അംബേദ്കർ അഭ്യർത്ഥിച്ചു. സംഭവം അറിഞ്ഞയുടൻ തന്നെ പോലീസ് സ്ഥലത്ത് എത്തിയതായി അറിയിച്ച അദ്ദേഹം കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
അക്രമത്തെ അപലപിച്ച മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, പോലീസ് ഈ പ്രശ്നത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഉറപ്പുനൽകി.
എന്തായാലും മോഷണം ആവില്ല അക്രമികളുടെ ഉദ്ദേശ്യം എന്നത് വ്യക്തമാണ്. ഹിന്ദു വർഗ്ഗീയ ശക്തികൾക്കെതിരേ എന്നും ശക്തമായ നിലപാട് എടുത്തിട്ടുള്ള അംബേദ്കർ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുക എന്നതാവും അക്രമികൾ ലക്ഷ്യമിടുന്നത്. സംഘപരിവാർ ശക്തികൾ രാജ്യത്ത് അധികാരം നേടിയതിനുശേഷം ബാബാസാഹിബ് അംബേദ്കറുടെ ആശയങ്ങളോടുള്ള അസഹിഷ്ണുത പല തവണ മറനീക്കി പുറത്തുവന്നിട്ടുണ്ട്. ഒഴിഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടത്തിന് പോലീസ് സംരക്ഷണം നൽകിയിരുന്നില്ല എന്നത് അത്ഭുതം ഉളവാക്കുന്നു.