28 Jul 2020 23:50 PM IST
മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിൽ രണ്ടാം ദിവസം ഉച്ച തിരിഞ്ഞും എൻ.ഐ.എ സംഘം ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനെ എൻഐഎ അറസ്റ്റു ചെയ്യുകയാണെങ്കിൽ പിണറായി വിജയൻ്റെ രാജിക്കു വേണ്ടിയുള്ള സമ്മർദ്ദം ശക്തമാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും സംസ്ഥാന സർക്കാരിൻ്റെ പ്രതിപുരുഷനായി അറിയപ്പെട്ട മുതിർന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഒരാൾ സ്വർണ്ണക്കടത്തു പോലെ ഒരു കേസിൽ അറസ്റ്റിലാവുക എന്നത് സർക്കാരിൻ്റെ പ്രതിരോധത്തെ തീർത്തും ദുർബ്ബലമാക്കും.
ശിവശങ്കർ അറസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ അത് പിണറായി സർക്കാരിന് താല്കാലിക ആശ്വാസം നല്കും. അതേ സമയം ശിവശങ്കർ അറസ്റ്റു ചെയ്യപ്പെടുന്നില്ല എന്നത് ആശ്വാസമായി പിണറായി സർക്കാരിനു കരുതാൻ കഴിയാത്ത തരത്തിൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം. സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണത്തിനിടയിൽ പുറത്തു വരുന്ന, അതുമായി നേരിട്ടു ബന്ധമില്ലാത്ത നിരവധി വിവരങ്ങൾ ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ കണക്കും ക്രമവുമില്ലാതെ കൺസൽട്ടൻസികളെ നിയോഗിച്ചതുമായും സംശയകരമായ പശ്ചാത്തലമുള്ളവർക്ക് ധാരാളമായി കരാർ നിയമനങ്ങൾ നല്കിയതുമായും ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ അഴിച്ചുവിട്ട് സർക്കാരിനെ സംശയത്തിൻ്റെ നിഴലിൽ നിറുത്തുകയാണ് ഉദ്ദേശ്യം.
കൺസൽട്ടൻസികളെ നിയോഗിക്കുന്നതിലും ലക്ഷത്തിലേറെ ശമ്പളം നല്കുന്ന പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിലും ആരോപണ വിധേയരിൽ പ്രധാനി ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് പ്രതിപക്ഷ നേതാവ് ഇന്ന് വാർത്താസമ്മേളനത്തിൽ ആരോപിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കിയുള്ള തട്ടിപ്പുകൾക്ക് നേതൃത്വം നല്കിയത് ശിവശങ്കറായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ശിവശങ്കർ അറസ്റ്റു ചെയ്യപ്പെട്ടില്ലെങ്കിൽ അതിൻ്റെ പേരിൽ പരസ്യമായ ഒരു അവകാശവാദവും ഉന്നയിക്കാൻ സർക്കാരിൻ്റെ വക്താക്കൾക്ക് കഴിയില്ല. ശിവശങ്കറിനെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയും തങ്ങൾക്കില്ലെന്നും അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കട്ടെ എന്നുമാണ് സിപിഎമ്മിൻ്റെ പരസ്യ നിലപാട്. ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നതും ചെയ്യാത്തതും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല എന്ന നിലപാടാണ് തുടക്കം മുതൽ സിപിഎം സ്വീകരിച്ചത്.